28 March Thursday

പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും

പി ജി സുജUpdated: Friday Dec 16, 2016

കൊച്ചി > നോട്ട് നിരോധത്തെത്തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞെങ്കിലും കാര്‍കമ്പനികള്‍ പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. വാഹന ഘടകഭാഗങ്ങളുടെ വില കുത്തനെ ഉയര്‍ന്നതും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം സ്ഥിരമായി താഴുന്നതുമാണ് കാര്‍വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുന്നത്.

കഴിഞ്ഞ ഏതാനും മാസമായി സ്റ്റീല്‍, അലുമിനിയം, ചെമ്പ് തുടങ്ങിയ വാഹന ഘടകഭാഗങ്ങളായി ഉപയോഗിക്കുന്ന ലോഹങ്ങള്‍ക്കൊക്കെയും കുത്തനെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രൂപയുടെ മൂല്യമാകട്ടെ 68 കടന്നു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നാണ്  കമ്പനികള്‍ പറയുന്നത്.

 ടാറ്റാ മോട്ടോഴ്സ് വിവിധ മോഡലുകള്‍ക്ക് 5000 രൂപമുതല്‍ 25000 രൂപവരെ വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്്. ടാറ്റാ ഈ വര്‍ഷം അവതരിപ്പിച്ച ടിയാഗോക്ക് ഇതിനകം മൂന്നുതവണ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ ചെറുകാറുകള്‍ക്ക് 6000 രൂപവരെ ഇതോടെ വര്‍ധിക്കും. ഹ്യുണ്ടായ് ഒരുലക്ഷം രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്്. വിപണന ചെലവുകളിലുണ്ടായ വര്‍ധനയും താങ്ങാനാകുന്നില്ലെന്ന് കമ്പനി അറിയിച്ചു.

 നിസാനാകട്ടെ വിവിധ മോഡലുകള്‍ക്ക് 30,000 രൂപവരെ വര്‍ധിപ്പിക്കും. നിസാന്‍-ഡാറ്റ്സണ്‍ കൂട്ടുകെട്ടിലുള്ള ഗോ വാഹനങ്ങള്‍ക്കും വിലവര്‍ധന ബാധകമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.  റെനോയും തങ്ങളുടെ മുന്‍നിര ചെറുകാറായ ക്വിഡ് ഉള്‍പ്പെടെയുള്ള ഡസ്റ്റര്‍, സ്കാല, ഫ്ളുവന്‍സ് ലോഡ്ജികോലിയോ എന്നീ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ടൊയോട്ടയാകട്ടെ ജാപ്പനീസ് യെന്നിന്റെ മൂല്യം ഉയര്‍ന്നതിനാല്‍ ജപ്പാനില്‍നിന്നു വരുന്ന ഘടകഭാഗങ്ങള്‍ക്ക് വില കൂടിയതിനാല്‍ മോഡലുകള്‍ക്ക് വില ഉയര്‍ത്താനാകാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നു വന്നതോടെ നേരത്തെതന്നെ വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു. മാരുതിയാകട്ടെ വിവിധ മോഡലുകള്‍ക്ക് കഴിഞ്ഞ ആഗസ്തില്‍തന്നെ വില വര്‍ധിപ്പിച്ചിരുന്നു. ജനുവരിയില്‍ വീണ്ടും വര്‍ധനയുണ്ടാകുമോ എന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.

 നോട്ട് നിരോധത്തെത്തുടര്‍ന്ന് വിപണിയിലുണ്ടായ മന്ദ്യം വാഹനമേഖലയെയും ഉലച്ചിട്ടുണ്ട്്. സമ്പദ്വ്യവസ്ഥ അവതാളത്തിലായതോടെ വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ വാങ്ങല്‍ തീരുമാനം നീട്ടിവയ്ക്കുന്നുണ്ട്. ഇതോടെ വാഹനവില്‍പ്പനയില്‍  40 മുതല്‍ 60 ശതമാനംവരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top