19 April Friday

കാര്‍ വാങ്ങുന്നതിന് എത്ര വായ്പയാവാം?

കെ അരവിന്ദ്Updated: Sunday Oct 23, 2016

വാങ്ങിയശേഷം മൂല്യം കുറഞ്ഞുവരുന്നതും പരിപാലിക്കാനുള്ള ചെലവ് കൂടിവരുന്നതുമായ ആസ്തിയാണ് കാര്‍. വീടുപോലെ കാര്‍ ഒരു ആസ്തിയല്ല, മറിച്ച് ബാധ്യതയാണ് എന്നുപറയുന്നതാവും ശരി. പക്ഷേ ചില ബാധ്യതകള്‍ നമ്മുടെ ആധുനിക ജീവിതത്തില്‍നിന്ന് പറിച്ചുകളയാന്‍ പറ്റാത്തതായി മാറിയിരിക്കുകയാണ്. എന്നാല്‍ ബാധ്യത അമിതമാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വാഹനവായ്പയ്ക്കുള്ള യോഗ്യത നിശ്ചയിക്കുന്നത് അവയുടേതായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. എത്രത്തോളം വായ്പയാകാമെന്നു തീരുമാനിക്കുന്നതിന് ഉപയോക്താവും ചില മാനദണ്ഡങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. ഇന്ധനവിലയും അറ്റക്കുറ്റപ്പണികള്‍ക്കുള്ള ചെലവുകളും നിങ്ങളുടെ മാസവരുമാനത്തെ കാര്‍ന്നുതിന്നുന്നത് ഒഴിവാക്കാന്‍ നിങ്ങളുടെ വരുമാനത്തിന് വഴങ്ങുന്ന വായ്പാതുകയും മാസഗഡുവും നിശ്ചയിക്കേണ്ടതുണ്ട്.

കാറിന്റെ വിലയുടെ 85 ശതമാനംവരെയാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. വായ്പയെടുക്കുന്നയാളുടെ വരുമാനവും തിരിച്ചടവുശേഷിയും കൂടി പരിഗണിച്ചാണ് എത്രത്തോളം വായ്പ നല്‍കാമെന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത്.

കാറുകളുടെ മോഡലിലും വലുപ്പത്തിലും സൌകര്യങ്ങളിലും മുന്‍കാലങ്ങളിലില്ലാത്ത വൈവിധ്യം വന്നതോടെ ഏത് കാര്‍ വാങ്ങണമെന്നും കാറിനായി എത്ര തുക ചെലവഴിക്കാമെന്നുമുള്ള കാര്യങ്ങളില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പം നേരിടുന്നത് സ്വാഭാവികമാണ്. കാര്‍ മൂല്യം കുറഞ്ഞുവരുന്ന ആസ്തിയായതിനാല്‍ വലിയ തുക കാര്‍വായ്പയായി എടുക്കുന്നത് ശാസ്ത്രീയമായ സാമ്പത്തിക ആസൂത്രണത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാര്യമല്ല. കാറിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇന്ധനത്തിനും പരിപാലനത്തിനുമുള്ള ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിക്കും.
എത്ര തുക കാര്‍വായ്പയായി എടുക്കണമെന്നത് നിങ്ങളുടെ മാസവരുമാനത്തെ അടിസ്ഥാനമാക്കി തീരുമാനിക്കേണ്ട കാര്യമാണ്. വാഹനവായ്പയുടെ പ്രതിമാസ ഗഡു മാസവരുമാനത്തിന്റെ 20 ശതമാനത്തില്‍ കൂടരുത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50,000 രൂപ മാസവരുമാനമുണ്ടെങ്കില്‍ നിങ്ങളുടെ വാഹനവായ്പയുടെ പ്രതിമാസ ഗഡു 10,000 രൂപയില്‍ കൂടരുത്.

സമീപഭാവിയില്‍ ഭവനവായ്പ എടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ അതിന്റെ തിരിച്ചടവിനുള്ള പ്രതിമാസ ഗഡു എത്രത്തോളം വരുമെന്നതുകൂടി കണക്കിലെടുത്തു മാത്രമേ എത്ര തുക കാര്‍വായ്പയായി എടുക്കണമെന്ന് തീരുമാനിക്കാവൂ. നിലവിലുള്ള വായ്പയുടെ പ്രതിമാസ ഗഡു ഉയര്‍ന്നതാണെങ്കില്‍ അത് നിങ്ങളുടെ ഭവനവായ്പാ യോഗ്യതയെ ബാധിക്കും. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന തുക ഭവനവായ്പയായി ലഭിക്കണമെങ്കില്‍ കാര്‍വായ്പ മുന്‍കൂട്ടി അടച്ചുതീര്‍ക്കേണ്ടിവരും. അത് അധിക സാമ്പത്തികബാധ്യതയാവും വരുത്തിവയ്ക്കുക.
ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള ബാങ്കില്‍നിന്ന് വായ്പയെടുക്കാനാകും ഏതൊരു ഉപയോക്താവും താല്‍പ്പര്യപ്പെടുക. പലിശ നിരക്കിനു പുറമെ പ്രോസസിങ് ഫീസ്, പ്രീപേമെന്റ് ചാര്‍ജ് എന്നിവകൂടി പരിഗണിക്കേണ്ടതുണ്ട്. കാര്‍വായ്പ മുന്‍കൂട്ടി അടച്ചുതീര്‍ക്കുമ്പോള്‍ ചില ബാങ്കുകള്‍ മൊത്തം വായ്പാ തുകയുടെ 4–5 ശതമാനം പ്രീപേമെന്റ് ചാര്‍ജായി ഇടാക്കാറുണ്ട്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുന്നില്ല. കാര്‍വായ്പ മുന്‍കുട്ടി അടച്ചുതീര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെങ്കില്‍ പ്രീപേമെന്റ് ചാര്‍ജില്ലാത്ത ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നതാണ് ഉചിതം.

വായ്പയുടെ പ്രോസസിങ് ഫീസ് ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമാകും. രണ്ട് ബാങ്കുകള്‍ ഒരേ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ഇവയില്‍ കുറഞ്ഞ പ്രോസസിങ് ഫീസ് ഏതു ബാങ്കിനാണെന്ന് പരിശോധിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top