20 April Saturday
വില 74,679 രൂപ

ബര്‍ഗ്മാന്‍ സ്ട്രീറ്റ് വെറും സ്‌കൂട്ടറല്ല

സി ജെ ഹരികുമാര്‍Updated: Thursday Sep 13, 2018

 സ്‌കൂട്ടര്‍ വിപണിയിലെ കിടമത്സരങ്ങള്‍ക്ക് പുതിയ മാനം നല്‍കി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബര്‍ഗ്മാന്‍ സ്ട്രീറ്റ്  പുറത്തിറക്കി. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ സുസുക്കി പ്രദര്‍ശിപ്പിച്ച മോഡല്‍ മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയില്‍പെട്ട ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ സ്‌കൂട്ടറാണ്.

ആഗോള നിരയിലെ ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇതുവരെ കണ്ട് പരിചിതമായ സ്‌കൂട്ടര്‍ രൂപങ്ങളിലേതില്‍ നിന്നും വിഭിന്നമായി വലിയ ഹാന്‍ഡിലും വലിപ്പമേറിയ ബോഡി ഷെല്ലും വലിയ മുന്‍ ഏപ്രണും ഉയരമേറിയ വിന്‍ഡ് സ്‌ക്രീനുമൊക്കെ വാഹനത്തെ ആകര്‍ഷണീയമാക്കും. സുസുക്കിയുടെ ഇന്ത്യന്‍ ശ്രേണിയില്‍ ആദ്യമായി എല്‍ഇഡി ഹെഡ്‌ലാമ്പും 'ബര്‍ഗ്മാന്‍ സ്ട്രീറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പും ഇന്‍ഡിക്കേറ്ററുകളും മുന്‍ ഏപ്രണിന്റെ ഭാഗമാണ്. താണുയര്‍ന്ന് നില്‍ക്കുന്ന സീറ്റ് ഘടന സ്‌കൂട്ടറിന് വിശിഷ്ടമായ ഭാവമാണ് സമ്മാനിക്കുന്നത്. വീതിയേറിയ സീറ്റ്  രണ്ടുപേര്‍ക്ക് സുഖകരമായ യാത്രാനുഭവം നല്‍കും. പിറകിലും  എല്‍ഇഡി ടെയില്‍ലൈറ്റാണ് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് സ്‌കൂട്ടറില്‍. മള്‍ട്ടി ഫങ്ഷന്‍ കീ സ്ലോട്ട്, മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്, സ്‌റ്റോറേജ് പോക്കറ്റ്, 21.5 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വിശേഷങ്ങളാണ്.

124.3 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എന്‍ജിനിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. എഞ്ചിന്‍ 8.5 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും  സൃഷ്ടിക്കും.  ആക്‌സസ് 125 ന്റെ അടിത്തറയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഉപയോഗിക്കുന്നത്. എഞ്ചിനും ആക്‌സസില്‍ നിന്നാണ്. മുന്‍ ടയറില്‍ നിസിന്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ടയറില്‍ ഡ്രം യൂണിറ്റും സ്‌കൂട്ടറില്‍ ബ്രേക്കിങ് നിറവേറ്റും. കോമ്പി ബ്രേക്കിങ് സംവിധാനത്തിന്റെ പിന്തുണ ബര്‍ഗ്മാന്‍ സ്ട്രീറ്റിനുണ്ട്. 12 ഇഞ്ച്, 10 ഇഞ്ച് എന്നിങ്ങനെയാണ് മുന്നിലെയും പിന്നിലെയും അഞ്ചു സ്‌പോക്ക് ട്യൂബ്‌ലെസ് അലോയ് വീലുകള്‍. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

രണ്ട് തരത്തില്‍ ഫൂട്ട് പൊസിഷനുള്ള സൗകര്യവും സ്ട്രീറ്റിലുണ്ട്. 1880 എംഎം നീളവും 675 എംഎം വീതിയും 1140 എംഎം ഉയരവും 1265 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 780 എംഎം ആണ് സീറ്റ് ഹൈറ്റ്. ഭാരം 108 കിലോഗ്രാം, 5.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.  മെറ്റാലിക് മാറ്റ ഫിബ്രിയോണ്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, പേള്‍ മിറേജ് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ലഭിക്കും. 74, 679 രൂപയാണ് സ്‌കൂട്ടറിന്റെ കൊച്ചി എക്‌സ് ഷോറൂം വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top