20 April Saturday

ബി‌എം‌ഡബ്ല്യു എക്സ് 3 ഇന്ത്യയിൽ

സുരേഷ് നാരായണൻUpdated: Wednesday Jan 26, 2022


മൂന്നാംതലമുറ ബി‌എം‌ഡബ്ല്യു എക്സ് 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ടാംതലമുറയെക്കാൾ സ്പോർട്ടി ലുക്കാണ് ഇതിന്റെ സവിശേഷത. റോഡിലും ഓഫ്റോഡിലും അനായാസം പെർഫോം ചെയ്യാനുള്ള കഴിവാണ് സ്പോർട്‌സ്‌ ആക്റ്റിവിറ്റി വാഹനങ്ങളുടെ മധ്യശ്രേണിയിൽ എക്സ് 3യുടെ വിജയരഹസ്യം. ബി‌എം‌ഡബ്ല്യു എക്സ് 3 സ്പോർട് എക്സ് പ്ലസ്, എം സ്പോർട് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 

മുന്നിൽനിന്ന്‌ നോക്കുമ്പോൾ എടുത്തുകാണുന്നത് വലിയ റീ ഡിസൈൻ ചെയ്ത കിഡ്നി ഗ്രിലാണ്, സാധാരണ രണ്ടു പീസായിരുന്നത് ഒന്നാക്കിയിരിക്കുന്നു. ക്രോം ബോർഡർ, വെർട്ടിക്കൽ സ്ലോട്ടുകളിൽ ക്രോം കവറിങ്ങും കൊടുത്തിരിക്കുന്നു. മാട്രിക്സ് ഫങ്‌ഷനുള്ള അഡാപ്ടീവ് എൽ‌ഇ‌ഡി ഹെഡ് ലൈറ്റ്, അൽപ്പം നേരിയതാക്കി ത്രിമാനത്തിൽ മോഡൽ ചെയ്തിരിക്കുന്ന ടൈൽ ലാമ്പിന് കറുത്ത ബോർഡറും അതിന് സമാന്തരമായി ടേൺ സിഗ്നലും കൊടുത്തിരിക്കുന്നു. വലിയ ടെയ്ൽ പൈപ്പിന് ക്രോം ബോർഡർ കൊടുത്ത് സ്പോർടി ബംബറിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. എം വേരിയന്റിൽ അൽപ്പംകൂടി വലിയ എയർ ഇൻലെറ്റും തിളക്കമുള്ള കറുത്ത എയർ കർട്ടനുമാണുള്ളത്. കൂടാതെ 19 ഇഞ്ച് വൈ സ്പോക് 887എം അലോയ് വീലും ഉണ്ടായിരിക്കും. ആദ്യമാദ്യം ബുക്ക് ചെയ്യുന്നവർക്ക് 20 ഇഞ്ച് അലോയ് വീൽ ഓപ്ഷനുമുണ്ട്.

അകത്ത് ഏറ്റവും പുതിയ മൾട്ടി ഫങ്ഷണൽ സ്പോർട് സ്റ്റീറിങ്‌ വീൽ, മെമ്മറിയുള്ള ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെന്റ്‌ എന്നിവ കൂടാതെ എം വേരിയന്റിൽ സ്പോർടി സീറ്റും പെർഫോററ്റെഡ് സീറ്റ് അഫോൾസ്റ്ററിയും തുകൽ പൊതിഞ്ഞ സ്റ്റീറിങ്‌ വീലും പ്രത്യേകതയാണ്. പനോരമിക് സൺറൂഫ്, ഇലക്ട്രോ പ്ലേറ്റ് ചെയ്ത കൺട്രോൾ ബട്ടണുകളും 3 സോൺ ക്ലൈമറ്റ് കൺട്രോൾ, മൂഡുകൾക്കനുസരിച്ച്  ആറുതരത്തിൽ മാറ്റാവുന്ന ആമ്പിയന്റ്‌ ലൈറ്റിങ്ങും ലക്‌ഷ്വറി ഫീൽ തരുന്നു. 550 ലിറ്റർ ബൂട്ട് സ്ഥലം പിൻസീറ്റുകൾ മടക്കി 1600 ലിറ്ററാക്കി മാറ്റാം.

ബി‌എം‌ഡബ്ല്യു ട്വിൻ ടർബോ പവർ ടെക്നോളജിയുള്ള 2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 252 ബി‌എച്ച്‌പിയും 350 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഈ എൻജിനെ 8 സ്പീഡ് സ്റ്റേപ്ട്റോനിക് സ്പോർട് ഗീയറുമായി ബന്ധിപ്പിച്ചിരിക്കുന്നു.  എക്സ്3ക്ക്‌ പൂജ്യത്തിൽനിന്ന്‌ 100 കിലോമീറ്റർ പ്രതിമണിക്കൂറിലെത്താൻ വെറും 6.6 സെക്കൻഡ് മതിയാകും. എക്സ്3യുടെ ടോപ് സ്പീഡ് മണിക്കൂറിൽ 235 കിലോമീറ്ററാണ്.

ഫീച്ചറുകളിൽ പ്രധാനപ്പെട്ടത്, സ്മാർട്ട് ഫോൺ ഇന്റഗ്രേഷൻ, 360 ഡിഗ്രി ക്യാമറ, പനോരമിക് വ്യൂ, ഹാർമൻ കാർഡോൺ സറൌണ്ട് സൗണ്ട് സിസ്റ്റം, ഹൈ റെസൊലൂഷൻ 12.3 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, ത്രിമാന നാവിഗേഷൻ സിസ്റ്റം, ബി‌എം‌ഡബ്ല്യു വേർച്ചുവൽ അസിസ്റ്റന്റ്‌, 5.7 ഇഞ്ച് അനലോഗ് ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ,  ബി‌എം‌ഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 7.0 എന്നിവയാണ്.

സുരക്ഷാ ഫീച്ചറുകൾ, എല്ലാ ഡാംപറുകളും പ്രത്യേകം ഇലക്‌ട്രോണിക്കലി കൺട്രോളുള്ള അഡാപ്ട്ടീവ് സസ്പെൻഷൻ, കോർണറിങ് ബ്രേക് കൺട്രോൾ (സി‌ബി‌സി) ഡൈനാമിക് ടെറൈൻ കൺട്രോൾ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മോബിലൈസർ, ഓട്ടോ ഹോൾഡ് ഫങ്ഷനുള്ള ഇലക്ട്രിക് പാർക്കിങ് ബ്രേക്, ഐസോഫിക്സ് ചൈൽഡ് സീറ്റ്, ടയർ പ്രഷർ മോണിറ്റർ, റീഇൻഫോർസ്ഡ് വാളുള്ള റൺ ഫ്ലാറ്റ് ടയർ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ എന്നിവയാണ്. ബി‌എം‌ഡബ്ല്യു എക്സ3 സ്പോർട് എക്സ് പ്ലസ് എക്സ് ഷോറൂം വില 59.9 ലക്ഷം രൂപയും,  എം സ്പോർട് എക്സ് ഷോറൂം വില 65.9 ലക്ഷം രൂപയുമാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top