20 April Saturday

മുഖംമിനുക്കി ഹോണ്ട അമേസ് !

സുരേഷ് നാരായണന്‍Updated: Wednesday Nov 3, 2021


ഒന്നുകൂടി മുഖംമിനുക്കി വന്നിരിക്കുകയാണ് ഹോണ്ട അമേസ്. വഴിമാറുന്ന അമേസിന് കിട്ടിയത് സമ്മിശ്രാഭിപ്രായമായിരുന്നു. ചിലർക്ക് ഇഷ്ടപ്പെട്ടു, ചിലർ മുഖം ചുളിച്ചു. അതുകൊണ്ടുതന്നെയായിരിക്കണം ചില മാറ്റങ്ങൾ വരുത്തി അമേസിനെ വിപണിയിൽ ഇറക്കാൻ ഹോണ്ട തീരുമാനിച്ചത്. എന്തൊക്കെ മാറ്റങ്ങളാണ് അമേസിൽ ഹോണ്ട വരുത്തിയിരിക്കുന്നതെന്ന്‌ നോക്കാം.

വ്യക്തിപരമായി പറഞ്ഞാൽ, കഴിഞ്ഞ അമേസിന്റെ ലുക്ക് ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല, പ്രത്യേകിച്ച് ഗ്രീല്ലിലെ വീതിയുള്ള ക്രോം ബാൻഡ്. ആ സ്ഥാനത്ത് ബാൻഡിന്റെ വീതി കുറച്ച് ക്രോം ഫിനിഷുള്ള രണ്ടേരണ്ട് ലൈൻ കൊടുത്ത്, ആ ഫ്ലോയിൽത്തന്നെ എൽ‌ഇ‌ഡി പ്രൊജക്റ്റർ ഹെഡ് ലാമ്പും ഡി‌ആർ‌എല്ലും സമന്വയിപ്പിച്ച് പ്രീമിയം ലുക്കാക്കി. ഒരലങ്കാരമായി ഫോഗ് ലാമ്പിലും ക്രോം കാണാം. വശങ്ങളിൽ പ്രധാനമായി പുതിയ ഡയമണ്ട് കട്ട് അലോയ് വീലും ഡോറിന്റെ കൈപ്പിടിയിൽ ക്രോമും കാണാം. പിന്നിൽ സി ഷേപ്പുള്ള സിഗ്നേചർ ടെയ്ൽ ലാമ്പ് ആകർഷകമാണ്. ബംബറിലും മാറ്റംവരുത്തി, അറ്റംതൊട്ട്‌ അറ്റംവരെ ക്രോം ലൈൻ കൊടുത്തിരിക്കുന്നു. സ്വാഗതാർഹമായ മാറ്റങ്ങളാണ് പുറംമോടിയിൽ വരുത്തിയിരിക്കുന്നത്.

കാറിനകത്ത് ഡാഷ്ബോർഡിലും ഡോർ സൈഡിലും സിൽവർ ബാൻഡ് കൊടുത്തിരിക്കുന്നതാണ് പ്രധാനപ്പെട്ട മാറ്റം. റിയർ ക്യാമറ മൾട്ടിവ്യൂ ആക്കിയതൊഴിച്ചാൽ  ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ മാറ്റമൊന്നുമില്ല. സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ അമേസ് പ്രായോഗികമാണ്. എല്ലാ ഡോറുകളിലും ബോട്ടിൽ ഹോൾഡർ, വലിയ ഗ്ലോവ് ബോക്സ്, ഉയരം സജ്ജീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സുഖകരമായ പിൻസീറ്റിൽ കപ്പ്  ഹോൾഡറുള്ള ഹാൻഡ് റസ്റ്റ്, 420 ലിറ്റർ ബൂട്ട് എന്നിവ അമേസിനെ, നാലുമീറ്ററിനുള്ളിലെ  സ്ഥലം നന്നായി മാനേജ് ചെയ്ത കാറുകളിൽ ഒന്നാക്കുന്നു. ഫീച്ചറുകളിൽ, ഓട്ടോ ഹെഡ് ലാമ്പ്, കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, പെട്രോൾ ഓട്ടോമാറ്റിക്കിൽ പാഡിൽ ഷിഫ്റ്റ്‌, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്‌ഡ്‌ ഓട്ടോ എന്നിവയാണ് പ്രധാനപ്പെട്ടത്.

എൻജിൻ ഓപ്ഷനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ ഐ‌വിടെക് പെട്രോൾ എൻജിൻ 6000 ആർ‌പി‌എമ്മിൽ 90പി‌എസ് പവർ ഉൽപ്പാദിപ്പിക്കുന്നു. 1.5 ഐ‌ഡി ടെക് ഡീസൽ എൻജിൻ 3600 ആർ‌പി‌എമ്മിൽ 100 പി‌എസ് പവർ ഉൽപ്പാദിപ്പിക്കുന്നു. ഈ എൻജിനുകളെ 5 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായും കണ്ടിന്യൂവസ്ലി വേരിയബിൾ ഗീയർ ബോക്സുമായും ബന്ധിപ്പിച്ച ഓപ്ഷനിൽ ലഭ്യമാണ്. എനിക്ക്‌ ടെസ്റ്റ്‌ഡ്രൈവിന് കിട്ടിയത്‌ 1.2 മാന്വൽ പെട്രോൾ അമേസാണ്. ഒരു തടസ്സവും ഇല്ലാതെ കൃത്യമായി വീഴുന്ന ഗീയർ ഷിഫ്റ്റ്‌ ഡ്രൈവിങ് സുഖകരമാക്കുന്നു. തുടക്കത്തിൽ പവർ ഡെലിവറി നല്ലതാണെങ്കിലും മിഡ് റേഞ്ചിൽ അൽപ്പം തണുക്കുന്നു. ഈ അടുത്തകാലത്ത് ഡ്രൈവ് ചെയ്ത സെഡാനുകളിൽ ഏറ്റവും നല്ല സസ്‌പെൻഷനാണ് അമേസിന്റേത്. ഹോണ്ട അമേസിന്റെ എക്സ്ഷോറൂം വില 6.32 ലക്ഷംമുതൽ 8.22 ലക്ഷംവരെ മാന്വൽ ട്രാൻസ്‌മിഷനും 8.06 ലക്ഷംമുതൽ 9.05 ലക്ഷംവരെ സി‌വി‌ടിക്കും 8.66 ലക്ഷംമുതൽ 10.25 ലക്ഷംവരെ മാന്വൽ ഡീസൽ എൻജിനും 11.15 ലക്ഷം ഡീസൽ സി‌വി‌ടിക്കും വിലകൊടുക്കണം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top