19 April Friday

കാറിൽ സുരക്ഷ നൽകുന്നതെന്ത്? എയർബാ​ഗോ സീറ്റ് ബെൽറ്റോ?

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

നമ്മുടെ പൊതുനിരത്തുകളിൽ വാഹനാപകടങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെന്നിമാറുന്ന ശ്രദ്ധയും അലക്ഷ്യമായി വരുന്ന മറ്റ് വാഹനങ്ങളുമെല്ലാം റോഡിൽ നിങ്ങളെ അപകടത്തിലാക്കാം. ഇത്തരം ഒരോ അപകടങ്ങളും സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാറുണ്ട്. അപകടങ്ങളിൽ നിങ്ങൾക്ക് കാവലാകുമായിരുന്ന സീറ്റ് ബെൽറ്റും എയർബാ​ഗും ഹെൽമെറ്റുമെല്ലാം അവിടെ ചർച്ചയാകും. ഇവയോരോന്നും മറക്കുകയും ഉപയോ​ഗിക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങളുടെ ആക്കം കൂട്ടും.

ഒരു വാഹനാപകടമുണ്ടാകുമ്പോൾ. അതായത് ഒരു കാർ എവിടെയെങ്കിലും ഇടിക്കുമ്പോൾ അപകടകരമായി മാറുന്ന 3 ഇടികളാണ് അവിടെ സംഭവിക്കുന്നത്. 1. വാഹനവും ഒബ്ജക്ടുമായുള്ള ഇടി. 2. യാത്രികനും കാറും തമ്മിലുള്ളത്. 3. യാത്രക്കാരന്റെ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ഇടി.

1. വാഹനത്തിന്റെ ഇടി/ Vehicle collision

വാഹനം മറ്റൊരു വാഹനവുമായോ, അല്ലെങ്കിൽ മരം മതിൽ തുടങ്ങിയ ഏതെങ്കിലും വസ്തുവുമായോ ഇടിച്ചായിരിക്കുമല്ലോ അപകടം സംഭവിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ സ്പീഡ് കുറയുകയും വാഹനം തകരുകയും ചെയ്യുന്നു.

2. യാത്രികനും കാറും തമ്മിലുള്ളത്/ Human collision

കൂട്ടിയിടി സംഭവിച്ച് കഴിഞ്ഞാൽ വാഹനത്തിന്റെ സ്പീഡ് കുറഞ്ഞ് നിൽക്കുമെങ്കിലും യാത്രക്കാരനും വാഹനത്തിന്റെ അതേ വേ​ഗത ഉണ്ടായിരുന്നതിനാൽ ആഘാതത്തിന്റെ അതേ ദിശയിൽ മുന്നോട്ട് കുതിക്കും. ഇത് വാഹനത്തിന്റെ അകം വശവും യാത്രികനും തമ്മിലുള്ള ഇടിയ്ക്ക് കാരണമാകും. ഇടിയുടെ ആഘാതം കൂടുമ്പോഴാണ് വാഹനത്തിന്റെ ചില്ലുകൾ തകർത്ത് യാത്രികർ വാഹനത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്നത്.

3. യാത്രികന്റെ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ഇടി/ Internal collision

ഇടിയുടെ ആഘാതത്തിൽ യാത്രികന്റെ ആന്തരികാവയവങ്ങളും അതേ ദിശയിലേക്ക് ചലനം ഉണ്ടാകും. പുറമേയ്ക്ക് പരിക്കുകളില്ലെങ്കിലും കരൾ പ്ലീഹ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് മുറിവേൽക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യും.

മരണകാരണങ്ങളായേക്കാവുന്ന ഈ മൂന്ന് ഇടികളിൽ നിന്നും യാത്രികരെ സംരക്ഷിക്കുന്ന രണ്ട് സംവിധാനങ്ങളാണ് സീറ്റ് ബെൽറ്റും എയർ ബാ​ഗും. എയർബാ​ഗ് ഒരിക്കലും സീറ്റ്ബെൽറ്റിന് പകരമാകുന്നില്ല. കൂട്ടിയിടിച്ചാൽ കാറിലെ യാത്രക്കാരെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത വായുസഞ്ചാരമുള്ള സുരക്ഷാ ഉപകരണമാണ് എയർബാഗുകൾ. പ്രത്യക്ഷത്തിൽ എയർബാ​ഗും സീറ്റ്ബെൽറ്റും തമ്മിൽ വലിയ കണക്ഷനൊന്നും കാണാൻ കഴിയില്ല. അപകടം ഉണ്ടായിക്കഴിഞ്ഞാൽ എയർബാ​ഗ് തുറക്കാൻ ഇടയാക്കുന്ന പ്രവർത്തനത്തിൽ സീറ്റ്ബെൽറ്റിന് ഒരു പങ്കുമില്ല. പക്ഷെ സീറ്റ്ബെൽറ്റിന്റെ സഹായിയായാണ് എയർബാ​ഗിന്റെ പ്രവർത്തനം.


എയർബാ​ഗിന്റെ പ്രവർത്തനം എങ്ങനെ?

യാത്രക്കാരുടെ ശരീരഭാഗങ്ങൾക്ക് ചുറ്റും എയർബാ​ഗെന്ന ബലൂൺ ഒരു കുഷ്യൻ പോലെ പ്രവർത്തിച്ചു പരിക്കുകൾ ഉണ്ടാവുന്നത്  കുറക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും നെഞ്ചിനെയും തലയെയും കാക്കുന്നു. കമ്പ്രസ്സ്  ചെയ്തു  സൂക്ഷിക്കുന്ന  ഗ്യാസ്  അല്ല  മറിച്ച് വളരെ വേഗത്തിൽ  നടക്കുന്ന  ഒരു രാസപ്രവർത്തനമാണ്  എയർ ബാഗുകളിൽ  നിറക്കാനുള്ള  ഗ്യാസ് ഉണ്ടാക്കുന്നത്. സോഡിയം അസൈഡ് എന്ന താരമ്യേനെ സ്റ്റേബിളായ  രാസപദാർത്ഥം  ചൂടാക്കിയാൽ  ലഭിക്കുന്ന  നൈട്രജൻ  വാതകമാണ്  എയർ ബാഗുകളിൽ  നിറയുന്നത്.  ഇലക്ട്രോണിക്ക്  സെൻസറുകൾ  നൽകുന്ന  നിർദ്ദേശം അനുസരിച്ച്  ദ്രുതഗതിയിൽ നടക്കുന്ന ഒരു രാസപ്രവർത്തനമാണിത്.  കൂട്ടിയിടി ഉണ്ടായാൽ വാഹനത്തിലെ ക്രാഷ് സെൻസർ സോഡിയം അസൈഡ് അടങ്ങിയ ഇൻഫ്ലേറ്റർ എന്ന ഭാ​ഗത്തേക്ക് വൈദ്യുത സി​ഗ്നലുകൾ അയയ്ക്കുന്നു. എയർ ബാഗുകളിലുള്ള സോഡിയം  അസൈഡിനെ ചൂടാക്കുന്നതിനുള്ള ട്രിഗർ നൽകുകയാണിവിടെ  യഥാർത്ഥത്തിൽ ചെയ്യുന്നത്. ഒരു പിടി അതായത് ഏകദേശം130 ഗ്രാം സോഡിയം അസൈഡ് 67 ലിറ്റർ നൈട്രജൻ വാതകം ഉൽപ്പാദിപ്പിക്കും.  ഒരു സാധാരണ എയർ ബാഗ് വീർത്ത് റെഡിയാകാൻ ഇത് മതിയാകും.

പക്ഷെ  ഈ രാസപ്രവർത്തനത്തിൽ നൈട്രജനൊപ്പം  ഉണ്ടാകുന്ന സോഡിയം അപകടകാരിയാണ്. ഇത് അന്തരീക്ഷത്തിലെ ബാഷ്പവുമായി   അതിവേഗം രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു സോഡിയം ഹൈഡ്രോക്സൈഡ് ആയിമാറും. ഇത് അപകടകരമായ ഒരുസംയുക്തമാണ്. ഈ പ്രശ്നം ഒഴിവാക്കാൻ സോഡിയം അസൈഡ് മറ്റ് രാസവസ്തുക്കളുമായി കലർത്തുന്നു. അവ സോഡിയവുമായി പ്രതിപ്രവർത്തിക്കുകയും വിഷാംശം കുറഞ്ഞ സംയുക്തങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ പ്രവർത്തനങ്ങളെല്ലാം ഒന്ന് കണ്ണുചിമ്മിത്തുറക്കുന്നതിനേക്കാൾ വേ​ഗത്തിൽ അതായത് ഏകദേശം 50 മില്ലി സെക്കൻഡിനുള്ളിൽ പൂർത്തിയാകും. അതായത് സെക്കന്റിന്റെ ഇരുപതിലൊന്ന് സമയത്തിനുള്ളിൽ എയർബാ​ഗ് പ്രവർത്തന സജ്ജമായിട്ടുണ്ടാകും.

സീറ്റ് ബൽറ്റിന്റെ പ്രാധാന്യം

സീറ്റ് ബെൽറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ മുന്നോട്ടുള്ള ആക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. നമ്മൾ നേരത്തേ പറഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും തരം ഇടികളെയാണ്, അവയുടെ ആഘാതത്തെയാണ് കുറയ്ക്കാൻ ശ്രമിക്കുന്നത്. ന്യൂട്ടന്റെ ഒന്നാം ചലന നിയമം പറയുന്നത് ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള ചലനത്തിലോ തുടരുമെന്നാണ്. ഇവിടെ വാഹനത്തിന്റെ അതേ വേ​ഗത നമുക്കുമുണ്ട്. എന്നാൽ കൂട്ടിയിടിയുടെ ഭാ​ഗമായി വാഹനത്തിന്റെ വേ​ഗത പെട്ടെന്ന് കുറയുന്നു. പക്ഷെ വാഹനത്തിന്റെ അതേ വേ​ഗതയിലായിരുന്ന നമ്മുടെ ശരീരം മുന്നോട്ടായുകയും വാഹനത്തിനുള്ളിൽ കൂട്ടിയിടികളുണ്ടാവുകയും ചെയ്യുന്നു. ഈ ഇടികളിൽ നിന്നും നമ്മെ പിടിച്ച് നിർത്തുകയാണ് സീറ്റ് ബെൽറ്റ് ചെയ്യുന്നത്. ഒപ്പം ഉയർന്നുവരുന്ന എയർബാ​ഗ് ഇടിയുടെ ഭാ​ഗമായുണ്ടാകുന്ന ആഘാതത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. സീറ്റ് ബെൽറ്റ് ഇല്ലാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള ആഘാതം മരണത്തിലേക്ക് നയിച്ചേക്കാം, അതേസമയം സീറ്റ് ബെൽറ്റ് ഘടിപ്പിക്കുമ്പോൾ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള അതേ ആഘാതം ചെറിയ പരിക്കുകൾക്ക് മാത്രമേ കാരണമാകൂ.

എയർബാ​ഗിന് തനിച്ച് നമ്മളെ അപകടത്തിൽ നിന്നും രക്ഷിക്കാനാവില്ല. വാഹനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം സീറ്റ് ബെൽറ്റ് തന്നെയാണ്. എസ് ആർ എസ് എയർബാ​ഗ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പൂർണരൂപം സപ്ലിമെന്റൽ റിസ്ട്രെയിന്റ് സിസ്റ്റം എന്നാണ്. അതായത് നമ്മുടെ ജീവൻ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയർബാ​ഗ്. വലിയൊരുശതമാനം അപകടങ്ങളിലും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കപ്പെട്ടത് സീറ്റ്ബെൽറ്റ് ധരിച്ചിരുന്നു എന്നതിനാലാണ്. അതുകൊണ്ടുതന്നെ സീറ്റ് ബെൽറ്റ് എന്തായാലും ധരിക്കണം ഒപ്പം എയർബാ​ഗും വേണം. രണ്ടും കൂടി ചേർന്നതാണ് നമ്മുടെ സുരക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top