27 April Saturday

ക്ലാസ്‌മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

ആമി രാംദാസ്Updated: Monday Jun 6, 2022

ഉറക്കം ഒരു വലിയ പ്രശ്നമാണ്. ക്ലാസുകളിൽ ചരിത്രവും ശാസ്ത്രവും ഭാഷയുമെല്ലാം കത്തി ക്കയറുമ്പോഴായിരിക്കാം ചില വിരുതന്മാർ ഉറക്കത്തിലേക്ക് വീഴുന്നത്. കണ്ണും കാതും കൂർപ്പിച്ചിരുന്ന് ഇനി ഞാൻ ഉറങ്ങില്ലെന്ന ദൃഢപ്രതിജ്ഞയോടെ ശ്രമിച്ചാലും രക്ഷയില്ല.

 അധ്യാപകരുടെ കഠോര ശബ്ദങ്ങൾ പോലും ആ സമയത്ത് വിദ്യാർത്ഥികൾക്ക് താരാട്ടാകും. ആത്മാർത്ഥശ്രമങ്ങൾ പരാജയപ്പെട്ടതുകൊണ്ടാകും ക്ലാസ്‌മുറികളിലെ ഉറക്കത്തിന് പുറകിലുള്ള കാരണമറിയാൻ കുട്ടികൾക്ക് ആ​ഗ്രഹമുണ്ടാകാറുണ്ട്. ഇപ്പോൾ അതൊന്ന് വിശദീകരിക്കാം.

 നമ്മുടെയെല്ലാം ഉള്ളിൽ ഒരു ഘടികാരമുണ്ട്. അത് സമ്മൾ 24 മണിക്കൂറിൽ തന്നെ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണ്. ആ ജൈവ ഘടികാരത്തിന്റെ പ്രവർത്തനഫലമായി നമ്മുടെ സാധാരണ നടപടിക്രമങ്ങൾ തുടർന്ന് പോകുന്നു. പൊതുവെ വെളിച്ചം കൂടുതലുള്ള സമയത്ത് ഉണർന്നിരിക്കാനുള്ള സി​ഗ്നലുകൾ കൂടുതലായിരിക്കും. ഇരുട്ടിക്കഴിഞ്ഞാൽ സി​ഗ്നലുകൾ കുറയുകയും ഉറക്കം വരികയും ചെയ്യും.

ഈ ഘടികാരത്തെ നമ്മുടെ ഇച്ഛയ്ക്കനുസരിച്ച് ട്യൂൺ ചെയ്തെടുക്കാനുമാകും. ഉദാഹരണത്തിന് ക്ലാസിൽ പോകാൻ ക്ലോക്കിൽ വയ്ക്കുന്ന അലാം പലപ്പോഴും നിങ്ങളെ ഉണർത്താറില്ലല്ലോ.. അല്ലെങ്കിൽ കുറേ സമയം അടിച്ചതിന് ശേഷമല്ലേ അത് നിങ്ങളെ എഴുന്നേൽപ്പിക്കുക.. ഇനി ഒന്ന് ചിന്തിച്ച് നോക്കൂ.... സ്കൂളിൽ പഠിക്കുമ്പോൾ വിനോദയാത്രയ്ക്ക് പോകുന്ന ദിവസം മാത്രം അലാം അടിക്കുന്നതിന് മുൻപ് കറക്ട് സമയത്ത് നിങ്ങളുണർന്നില്ലേ.. അതുപോലെ പിന്നെയും ചില സന്ദർഭങ്ങൾ നിങ്ങളുടെ ഓർമ്മയിലുണ്ടാകുമല്ലോ.. അങ്ങനെ നമുക്കിഷ്ടമുള്ള കാര്യങ്ങളിൽ മാത്രം ഈ ജൈവഘടികാരം കൃത്യത പാലിക്കും.

 ഇത് കൂടാതെ നമ്മൾ ഉണർന്നിരിക്കുന്നതിന് തലച്ചോറിലെ ചില പ്രത്യേക ഭാ​ഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടി ആവശ്യമാണ്. സന്തോഷം കിട്ടുന്നതും, താൽപ്പര്യം, കൗതുകം എന്നിവ ജനിപ്പിക്കുന്നതുമായ സിഗ്നലുകൾ ഈ ഭാഗങ്ങളിലെ കോശങ്ങൾക്ക് ഉത്തേജനം നൽകുകയും അതിന്റെ ഭാഗമായി ഡോപ്പമീൻ എന്ന നാഡീ രാസപദാർത്ഥം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ആകാംക്ഷയും ഞെട്ടലും ഭീതിയുമൊക്കെയും ഇത്തരത്തിൽ പ്രവർത്തിക്കും. അതായത് നമ്മെ ഉണർത്തും.

ഇനി ബോറായ ഒരു ക്ലാസിൽ ഇരിക്കുന്നതായി സങ്കൽപ്പിച്ച് നോക്കൂ. നിങ്ങളുടെ തലച്ചോറിന് ഉത്തേജനം ലഭിക്കുന്ന ഒന്നും തന്നെ അതിലില്ല. നമ്മൾ നേരത്തേ പറഞ്ഞ തലച്ചോറിന്റെ ആ പ്രത്യേക ഭാ​ഗങ്ങൾക്ക് ഉത്തേജന സി​ഗ്നലുകൾ ലഭിക്കുന്നില്ല, ഡോപ്പമീനും ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഫലമോ നിങ്ങളുറക്കത്തിലാകും. പക്ഷേ നിങ്ങളെ, നിങ്ങളുടെ തലച്ചോറിനെ ആകർഷിക്കാൻ കഴിയുന്ന എന്തെങ്കിലും ആ ക്ലാസ്‌മുറിയിൽ പഠിക്കുന്ന വിഷയത്തോട് ചേർത്ത് അവതരിപ്പിക്കാൻ ടീച്ചർക്കായാൽ ഈ ക്ലാസ് മുറിയിലെ ഉറക്കം അവസാനിപ്പിക്കാനാകും. അതിനൊക്കെ വേണ്ടിയാണ് കേരളം ഓരോ ക്ലാസ്‌മുറിയും ഡിജിറ്റലാക്കുന്നതും അധ്യാപക പരിശീലനങ്ങളിലൂടെ അധ്യയനം രസകരമാക്കുന്നതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top