25 April Thursday

ഒരു ഫാന്റസി ചിത്രം പോലെ...വിസ്മയങ്ങളുടെ വിസ്മയാസ്

സന്തോഷ് ബാബുUpdated: Tuesday Jun 11, 2019

അവഞ്ചേഴ്സ് എൻഡ് ​ഗെയിമിലെ സൂപ്പർ ഹീറോ, ഹോളിവുഡിലെ പ്രണയ നായകൻ ക്രിസ് ഈവൻസ് തകർത്തഭിനയിച്ച പ്ലേയിങ് ഇറ്റ് കൂൾ എന്ന റൊമാന്റിക് ഹിറ്റ് കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കാനിടയില്ല അതിലെ അനിമേഷൻ സൗന്ദര്യം. പക്ഷേ, ആ രംഗങ്ങൾ ഒരുക്കിയത് ഇവിടെ ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു അനിമേഷൻ സെന്ററിലാണെന്ന കാര്യം പക്ഷേ, അധികമാരും അറിഞ്ഞില്ലെന്നു മാത്രം. ഇതു മാത്രമല്ല, പ്രസിദ്ധ ഓസ്ട്രേലിയൻ സംവിധായകൻ ആൻഡ്രൂ ​ഗോഥിന്റെ ഡ്യൂസ് എക്സ് മെഷീൻ, ഇറ്റാലിയൻ സംവിധായകൻ ലക്ഷൻ സൂക്കാമേലിയുടെ ഓഷോ തുടങ്ങിയ വിസ്മയകരമായ ചലച്ചിത്രങ്ങളുടെ ഒട്ടനവധി ജോലികൾ നടന്നതും തിരുവനന്തപുരത്തെ വിസ്മയാസ് മാക്സ് എന്ന ഈ അനിമേഷൻ കേന്ദ്രത്തിൽ തന്നെയായിരുന്നു. ആ​ഗോള അനിമേഷൻ ഭൂപടത്തിൽ കുറഞ്ഞ കാലംകൊണ്ടുതന്നെ മികവാർന്ന മുദ്ര പതിപ്പിച്ച് മുന്നേറുകയാണ് വിസ്മയാസ് മാക്സ്.

ജുറാസിക് പാർക്കിലെ ശബ്ദം
സാക്ഷാൽ സ്റ്റീവൻ സ്പിൽബർ​ഗിന്റെ ജുറാസിക് പാർക്കിന്‌ ശബ്ദം പകർന്ന മില്യൺ ഡോളർ ശബ്ദത്തിന് ഉടമയായ വിഖ്യാത ഓസ്ട്രേലിയൻ കലാകാരൻ നിക്ക് ടേറ്റും ഹോളിവുഡിലെ മികച്ച പത്തു സിനിമകളുടെ തിരക്കഥാകൃത്തായ ബ്രിട്ടീഷുകാരി ജൊവാൻ റേയും വിസ്മയാസ് മാക്സിലെ എഡിറ്റിങ് കൺസോളിൽ  ഒരുമിച്ചെത്തിയ ദിവസമുണ്ട്. വിസ്മയാസ് മാക്സിന്റെ ഓൺ പ്രൊഡക‌്ഷൻ സിനിമയുടെ നരേഷൻ റെക്കോഡിങ്ങിനു വേണ്ടിയായിരുന്നു ആ വരവ്. ലണ്ടനിൽനിന്നും ഓസ്ട്രേലിയയിൽനിന്നുമായി അവർ സ്കൈപ്പിൽ ഒന്നിച്ചുകൂടി. നി‌ക‌് ടേറ്റിന്റെ പ്രൗഢ ഗംഭീരമായ ശബ്ദം വിസ്മായാസ് മാക്സിന്റെ സ്റ്റുഡിയോയിൽ മുഴങ്ങി. ആ  ശബ്ദം ഹോളിവുഡ് സ്റ്റുഡിയോയിൽ റെക്കോഡ‌് ചെയ്യപ്പെടുമ്പോൾ അതിന്റെ സൂപ്പർ വിഷൻ വിസ്മയാസ് മാക്സിൽ നടന്നു. അതിരുകളെ ഭേദിച്ച് നേടിയെടുത്ത അം​ഗീകാരം.
അതെ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ അനിമേഷന്റെ ഈ വിസ്മയലോകം ഇങ്ങനെയൊക്കെയാണ്, കഴിഞ്ഞ 18 വർഷമായി, ദിവസത്തിലെ 24 മണിക്കൂറും, തികച്ചും വെള്ളിത്തിരയിലെ ഒരു ഫാന്റസി ചിത്രം പോലെ തന്നെ.



ഉറക്കമില്ലാത്ത രാത്രികൾ
തഴുതിടാത്ത മുറികൾ

ഉറക്കമില്ലാത്ത രാത്രികളും ഒരിക്കലും തഴുതിടാത്ത മുറികളുമാണ് നാലു നിലയിലായി ഉയർന്നുനിൽക്കുന്ന വിസ്മയാസ് മാക്സിന്റെ ഒന്നാം മുഖമുദ്ര.  ഉറക്കമുപേക്ഷിച്ച്  ലാബുകളിൽ അസൈൻമെന്റുകളിൽ മുഴുകിയിരിക്കുന്ന വിദ്യാർഥികൾ, പ്രിവ്യൂ തിയറ്റർ കൺസോളിൽ പലപ്പോഴും പുലരുവോളം സൂക്ഷ‌്മതയോടെ മുന്നേറുന്ന കൂട്ടായ പ്രവർത്തനങ്ങൾ. "വൈകുന്നേരം പൂട്ടാനും രാവിലെ തുറക്കാനും വിസ്മയാസ് മാക്സിന്‌ ഒരു താക്കോൽകൂട്ടം ഉണ്ടോ എന്ന് എനിക്കറിയില്ല’ എന്ന വിചിത്രമായ മറുപടിയാണ് ഈ കൂട്ടായ്മയെക്കുറിച്ച് സെന്റർ  ഡയറക്ടർ കെ ഡി ഷൈബു മുണ്ടക്കൽ പറയുന്നത്.
"ഇവിടെ നിങ്ങൾക്ക് അതിവേ​ഗത്തിൽ ബൈക്കിൽ ചീറിപ്പായുന്ന കുട്ടികളെ കാണാൻ പറ്റില്ല, കലയുടെ സൗന്ദര്യ ശാസ്ത്രത്തിലും അതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയിലും ഉറച്ചുനിൽക്കുന്ന ക്യാമ്പസാണിത്. ഞങ്ങളിവിടെ കുട്ടികളെ വെറും ടെക്നോക്രാറ്റുകളാക്കുകയല്ല,  ഭാഷയാണിവിടെ അവർ ആദ്യം പഠിക്കുന്നത്. ഇം​ഗ്ലീഷും, ഫ്രഞ്ചും. കലയും ചരിത്രവും, രാഷ്ട്രീയവും, അഭിനയവുമൊക്കെ പഠിപ്പിക്കുന്നുണ്ടിവിടെ. അനിമേഷനിൽ ലോകത്ത് എവിടെ നടക്കുന്നതും ഇവിടെ ചെയ്യാനുള്ള സർ​ഗാത്മക ശേഷിയുണ്ട് ഞങ്ങൾക്ക്’– ഡയറക്ടർ  അഭിമാനത്തോടെ പറയുന്നു.

സെന്റർ ഓഫ് എക്സലൻസ്
കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ്‌ സ്കിൽ ഡെവലപ്‌മെന്റ്‌ ആൻഡ്‌ എന്റർപ്രണർഷിപ്‌, സ്കിൽ ഇന്ത്യ മിഷന്റെ ഭാഗമായി ഈ സ്ഥാപനത്തെ ഇന്ത്യയിലെ പത്ത് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചിരുന്നു.
ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന മൂന്നുവർഷ ബിഎസ്സി, രണ്ടുവർഷ എംഎസ‌്‌സി അനിമേഷൻ ആൻഡ‌് വിഷ്വൽ എഫക്ട്സ് കോഴ്സുകളാണ് ഇവിടെ നൽകുന്നത്. 400 വിദ്യാർഥികളും നാൽപ്പതോളം  അധ്യാപകരുമുണ്ടിവിടെ. സ്റ്റുഡിയോ ലാബുകളിൽ വിസ്മയാസ് മാക്സിന്റെ ചെയർമാനായ ചലച്ചിത്രതാരം മോഹൻലാലിന്റെ നിശ്ശബ്ദ പിന്തുണ ഇവർക്ക് കരുത്തും പ്രോത്സാഹനവുമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top