20 April Saturday

ഭൗമേതര ജീവൻ തേടാൻ ടെസ്

സാബു ജോസ്‌Updated: Thursday May 3, 2018

 കെപ്ലർ ദൂർദർശിനി അവസാനിപ്പിച്ചിടത്തുനിന്ന് നാസ വീണ്ടും ആരംഭിക്കുകയാണ്. ഏപ്രിൽ 18ന്‌ വിക്ഷേപിച്ച ടെസ് ( Transiting Exoplanet Survey Satellite– TESS) സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തെരഞ്ഞുപിടിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത ബഹിരാകാശ ദൂർദർശിനിയാണ്. മൂന്നുവർഷം മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച കെപ്ലർ സ്പേസ് ക്രാഫ്റ്റ് രണ്ടായിരത്തിൽപ്പരം അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ പലതും ഭൂമിയുമായി അടുത്ത സാദൃശ്യം ഉള്ളവയാണ്. എന്നാൽ കെപ്ലറിനെ അപേക്ഷിച്ച് കൂടുതൽ നവീനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെപ്ലർ സ്പേസ് ക്രാഫ്റ്റ് സ്വീകരിച്ച സംതരണരീതി ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും ദൂർദർശിനിക്കും ഇടയിലൂടെ ഗ്രഹങ്ങളെപ്പോലെയുള്ള അതാദ്യ ദ്രവ്യപിണ്ഡങ്ങൾ കടന്നുപോകുമ്പോൾ നക്ഷത്രശോഭയിലുണ്ടാകുന്ന കുറവ് കണക്കുകൂട്ടി ഗ്രഹത്തിന്റെ ഭൗതികസവിശേഷതകൾ അനാവരണംചെയ്യുന്ന രീതിയാണിത്. കെപ്ലർ ദൂരദർശിനിയിൽനിന്നു വ്യത്യസ്തമായി ഇങ്ങനെ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ പിണ്ഡം, വലുപ്പം, സാന്ദ്രത, ഭ്രമണപഥം, അന്തരീക്ഷഘടന എന്നിവയെല്ലാം കണ്ടെത്തുന്നതിന് ടെസിനു കഴിയും. അതുവഴി ഇത്തരം ഗ്രഹങ്ങൾ വാസയോഗ്യമാണോ, അവിടെ ജീവന്റെ തുടിപ്പുകൾ നിലനിൽക്കുന്നുണ്ടോ എന്നും കെണ്ടത്താൻ കഴിയും.

നാസ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗൂഗിൾ എന്നീ സംരംഭങ്ങളാണ് ടെസ് പദ്ധതിക്ക് മുതൽമുടക്കു നടത്തിയത്. 87 മില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. ഫാൽക്കൺ 9വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ടെസ് സ്പേസ്ക്രാഫ്റ്റിന്റെ ഭാരം 350 കിലോഗ്രാമാണ്. 400 വാട്ട് പവറാണ് ടെസ് ഉപയോഗിക്കുന്നത്. രണ്ടുവർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി. ഭൂമിയിൽനിന്നു പേടകത്തിലേക്കുള്ള കുറഞ്ഞ ദൂരം 1,08,000 കിലോമീറ്ററും കൂടിയ ദൂരം 3,73,000 കിലോമീറ്ററുമാണ്. 13.7 ദിവസംകൊണ്ട് സ്പേസ്ക്രാഫ്റ്റ് ഭൂമിക്കുചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കും.

2006ലാണ് ടെസ് പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ, കാവ്ലി ഫേണ്ടേഷൻ എന്നീ സ്ഥാപനങ്ങളാണ് മുതൽമുടക്കു നടത്തിയത്. പിന്നീട് 2010ൽ എംഐടിയും, നാസയും ഈ പദ്ധതിയിൽ പങ്കാളികളായി. 2013 നാസയുടെ മീഡിയം എക്സ്പോറർ ദൗത്യമായി ടെസ് പദ്ധതി അംഗീകരിക്കപ്പെട്ടു. ചാർജ്‐കപ്പിൾഡ് ഡിവൈസ് എന്നറിയപ്പെടുന്ന ഡിറ്റക്ടറുകളും നാല് വൈഡ്‐ആംഗിൾ ടെലസ്കോപ്പുകളുമാണ് ടെസിലെ പ്രധാന ഘടകങ്ങൾ. ടെസ് ശേഖരിക്കുന്ന വിവരങ്ങൾ രണ്ടാഴ്ചകൂടുമ്പോൾ ഗ്രൗണ്ട് സ്റ്റേഷനിലേക്കയക്കും. സംതരണവിദ്യ ഉപയോഗിച്ച് കണ്ടെത്തുന്ന ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉയർന്ന ചുമപ്പുനീക്കം പ്രദർശിപ്പിക്കുന്ന ഗാമാ റേ ബസ്റ്റ്പോലെയുള്ള പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും.

ഏറ്റവും വ്യക്തമായ ചിത്രങ്ങളെടുക്കുന്നതിനുവേണ്ടി ഇതുവരെ മറ്റൊരു ബഹിരാകാശപേടകവും ഉപയോഗിച്ചിട്ടില്ലാത്ത ഭ്രമണപഥമാണ് (2:1 lunar resonant orbit) ടെസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. . ടെസിലെ ക്യാമറകൾ ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതിനും ഈ ഭ്രമണപഥം സഹായിക്കും. ഭ്രമണപഥത്തിന്റെ ഏറിയ പങ്കും ഭൂമിയുടെ കാന്തികമണ്ഡലമായ വാൻ അലൻ ബെൽറ്റിന് വെളിയിലായതുകൊണ്ട് വികിരണങ്ങളുടെ അപകടത്തിൽനിന്നു ടെസിന് രക്ഷനേടാൻ കഴിയും.

പ്രധാനമായും ജി‐ടൈപ്പ്, കെ‐ടൈപ്പ് നക്ഷത്രങ്ങളെയാണ് ടെസ് നിരീക്ഷിക്കുക. പ്രത്യക്ഷ കാന്തികമാനം 12ൽ കൂടുതലുള്ള ഇത്തരത്തിൽപ്പെട്ട അഞ്ചുലക്ഷം നക്ഷത്രങ്ങൾ ടെസിന്റെ നിരീക്ഷണപരിധിയിൽ വരും. ഇതിൽ ആയിരത്തിൽപ്പരം ചുമപ്പുകുള്ളൻ നക്ഷത്രങ്ങളും ഉൾപ്പെടും. കെപ്ലർ സ്പേസ് ക്രാഫ്റ്റിന്റെ നിരീക്ഷണപരിധിയുടെ 400 മടങ്ങ് വിസ്തൃതമാണ് ടെസിന്റെ നിരീക്ഷമേഖല. 3000ൽപ്പരം വിദൂരഗ്രഹങ്ങളെ ടെസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലുള്ള 20 സൂപ്പർ എർത്തുകളും ഉൾപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top