27 April Saturday

ശ്രേഷ്ഠ ഭാഷയ്ക്ക് ഇനി സ്വന്തം കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം; തെങ്ങ്‌ ഒഎസുമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൂട്ടായ്‌മ Video

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

കൊച്ചി > മലയാളത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമായ ഇന്റർഫേസ്‌ ഒരുക്കി മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്. ഉബുണ്ടു 18.10 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ് മലയാളം കമ്പ്യൂട്ടിങ് എന്ന ലക്ഷ്യത്തിലൂന്നിയാണ് നിർമിച്ചിരിക്കുന്നത്. ഗ്നോം V3.30 , ലിനക്സ് kernal v4.17  കരുത്ത് പകരുന്ന തെങ്ങ് ഒഎസ് പഴയ കമ്പ്യൂട്ടറുകളിൽ വരെ വളരെ മികച്ച പെർഫോമൻസ് നൽകുന്നതായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചാരകരായ നിർമാതാക്കൾ പറയുന്നു. www.keralinux.com എന്ന വെബ്സൈറ്റിൽ തെങ്ങ്‌ ഒഎസ്‌ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വിദ്യാർത്ഥികൾ, പ്രൊഫഷണൽസ്, തുടങ്ങിയവരുടെ കൂട്ടായ്മയാണ് തെങ്ങ്‌ ഒഎസിനു പിന്നിൽ. ഭാവിയിൽ മലയാള ഭാഷയിൽ സ്ഥിരതയാർന്ന ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന കൂട്ടായ്‌മയുടെ ആദ്യപടിയാണ്‌ തെങ്ങ്‌ ഒഎസ്‌. തെങ്ങ്‌ ഒഎസിന്റെ സമ്പർക്കമുഖവും ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം മലയാളത്തിലായതിനാൽ ഇംഗ്ലീഷോ മറ്റു ഭാഷകളോ അറിയാത്തവർക്കും ഇതിലൂടെ കമ്പ്യൂട്ടർ ഉപയോഗം സാധ്യമാകും.

തെങ്ങ്‌ ഒഎസിന്റെ സവശേഷതകളെപ്പറ്റിയുള്ള ഐബി കമ്പ്യൂട്ടിംഗ്‌ യൂട്യൂബ്‌ ചാനൽ വീഡിയോ:

സ്വതന്ത്രസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ്‌, ഓഫീസ്, വിദ്യാലയങ്ങൾ, സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. മറ്റു ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതൽ ഊർജ്ജക്ഷമത ഉറപ്പാക്കുന്നതിനൊപ്പം ഡിഫോൾട്ടായി തന്നെ നിരവധി ഉപയോഗപ്രദമായ സോഫ്റ്റ്‌വെയറുകളും ഉൾപ്പെടുത്തിയിട്ടുള്ളതായി തെങ്ങ്‌ ഒഎസിന്റെ പിന്നണിയിൽ പ്രവർത്തിച്ച രഞ്ജിത്ത്‌ പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രധാന സവിശേഷത അത് ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും സംരക്ഷിക്കുന്നു എന്നതാണ്. ആര്‍ക്കും ഉപയോഗിക്കാനും, കൈമാറ്റം ചെയ്യാനും, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും, അതില്‍ മാറ്റം വരുത്തി വിതരണം ചെയ്യാനുമുള്ള അവകാശം ഉപഭോക്താവിന്‌ നൽകുന്ന സോഫ്റ്റ്‍വെയറുകളാണിവ. ഇതിലെ അവസാനത്തെ സ്വാതന്ത്യമാണ് തെങ്ങ്‌ ഒഎസ് ഉപയോഗപ്പെടുത്തിയത്. ഉബുണ്ടുവിന്റെ കേരളത്തിന് വേണ്ട മാറ്റങ്ങളോടെ നവീകരിച്ച പതിപ്പാണ്‌ തെങ്ങ്‌ ഒഎസ്‌. ഇതിനെ തുടർന്നും പരിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യവും തെങ്ങ്‌ ഒഎസ്‌ ഉപയോക്താക്കൾക്ക്‌ നൽകുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കുമനുസരിച്ച്‌ തെങ്ങ്‌ ഒഎസിന്റെ പുതിയ പതിപ്പുകള്‍ പരിഷ്കരിക്കും.

തെങ്ങ്‌ ഒഎസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡീഫോൾട്ട് ആപ്ലിക്കേഷനുകൾ

വീഡിയോ പ്ലെയർ: VLC മീഡിയ പ്ലെയർ
ഗ്രാഫിക്സ് : ജിമ്പ്
ടെക്സ്റ്റ് എഡിറ്റർ: ജി എഡിറ്റ്
ഓഫീസ്  സ്യൂട്ട്: ലിബർ ഓഫീസ്
സിസ്റ്റം മോണിറ്റർ: Stacer
ബ്രൗസർ: മോസില്ല ഫയർഫോക്സ്
 മെസഞ്ചർ: ടെലിഗ്രാം ഇൻസ്റ്റൻറ് മെസഞ്ചർ
 മലയാളം ഡിക്ഷ്ണറി: qstartdict

 
കൂടുതൽ വിവരങ്ങൾക്ക്‌: ഇ‐മെയിൽ: thengos@keralinux.com​ വെബ്‌സൈറ്റുകൾ: www.thengos.gitlab.io , www.keralinux.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top