19 April Friday

പ്രപഞ്ചത്തില്‍ രൂപപ്പെട്ട ആദ്യ തന്മാത്രയെ കണ്ടെത്തി ; രക്ഷയായത്‌ പറക്കും ടെലിസ്കോപ്പ് സോഫിയ

നവനീത്‌ കൃഷ്‌ണൻ എസ്‌Updated: Friday Apr 19, 2019

നവനീത്‌

നവനീത്‌

ബിഗ് ബാങിനു ശേഷമാണ് നാം ഇന്നു കാണുന്ന പ്രപഞ്ചം ഉണ്ടായതെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സംസാരിക്കുന്നത്. 1350കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിഗ് ബാങ് സംഭവിച്ചപ്പോള്‍ ഹൈഡ്രജനും പിന്നെ ഹീലിയവും മാത്രമായിരുന്നു പ്രപഞ്ചം നിറയെ. ഇതിനെത്തുടര്‍ന്ന് ഹെഡ്രജനും ഹീലിയവും കൂടിച്ചേര്‍ന്ന് പ്രപഞ്ചത്തിലെ ആദ്യ തന്മാത്രയായ ഹീലിയം ഹൈഡ്രൈഡ് രൂപപ്പെട്ടു എന്നാണ് കരുതുന്നത്. ഹീലിയം ഹെഡ്രൈഡും ഹൈഡ്രജനും ചേര്‍ന്നാണത്രേ ഹൈഡ്രജന്‍ തന്മാത്രപോലും രൂപപ്പെട്ടത്.

സംഗതി ഇങ്ങനെയാണെങ്കിലും ഹീലിയം ഹൈഡ്രൈഡ് എന്ന ആദ്യ തന്മാത്രയെ പ്രപഞ്ചത്തില്‍ ഒരിടത്തും കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. പ്രപഞ്ചത്തില്‍ നിരവധി ഇടങ്ങളില്‍ ടെലിസ്കോപ്പുകളും സ്പെക്ട്രോമീറ്ററുകളും കൊണ്ട് നമുക്ക് കഴിയുന്നപോലെ പരതിയെങ്കിലും ഹീലിയം ഹൈഡ്രൈഡിന്റെ പൊടിപോലും കണ്ടെത്താനായില്ല.

സിഗ്നസ് എന്ന നക്ഷത്രരാശിയില്‍ 3000 പ്രകാശവര്‍ഷങ്ങള്‍ അകലെ ഒരു പ്ലാനറ്ററി നെബുലയുണ്ട്. NGC 7027 എന്നാണ് ഇതിനെ വിളിക്കുന്നത്. (സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളുടെ അവസാനകാലത്ത് അതിന്റെ പുറംപാളികള്‍ അകലേക്ക് തെറിച്ചുപോയി ഉണ്ടാകുന്ന വാതകക്കൂട്ടമാണ് പ്ലാനറ്ററി നെബുലകള്‍. )



ഹീലിയം ഹൈഡ്രൈഡ് ഉണ്ടാകാന്‍ എല്ലാ അനുകൂല സാഹചര്യവും ഉള്ള നെബുലയാണ് NGC7027 എന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കാനാവശ്യമായ നിരീക്ഷണങ്ങള്‍ നടത്താന്‍ അനുയോജ്യമായ ഉപകരണങ്ങള്‍ നമുക്ക് ഉണ്ടായിരുന്നില്ല. ഭൂമിയില്‍ സ്ഥാപിച്ച ടെലിസ്കോപ്പുകള്‍ക്ക് അന്തരീക്ഷം ഒരു പ്രശ്നമായിരുന്നു. ബഹിരാകാശത്തെ ടെലിസ്കോപ്പുകള്‍ക്കാവട്ടെ ഹീലിയം ഹൈഡ്രൈഡിനെ തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല.

അവിടെയാണ് സോഫിയ എന്ന പറക്കും ടെലിസ്കോപ്പ് രക്ഷയ്ക്കെത്തിയത്.  NGC7027  നെബുലയില്‍ സോഫിയ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ ഹീലിയം ഹൈഡ്രേക്സൈഡ് തന്മാത്രയുടെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയിരിക്കുകയാണ്. ( മോളിക്യുലാര്‍ ബോണ്ട് ഉള്ള ഹീലിയം ഹൈഡ്രൈഡ് അയോണ്‍, HeH+ ) ബിഗ്ബാങിന് ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം പ്രപഞ്ചത്തില്‍ ആദ്യമായി ഉണ്ടായി എന്നു കരുതപ്പെടുന്ന അതേ തന്മാത്ര കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ കണ്ടെത്തിയിരിക്കുന്നു എന്നു പറയാം.

ഒരു വിമാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പാണ് സോഫിയ. ഭൂമിയുടെ ഉയര്‍ന്ന പാളികളിലൂടെ സഞ്ചരിച്ച് പ്രപഞ്ചനിരീക്ഷണം നടത്തുകയാണ് സോഫിയയുടെ ജോലി. ശരിക്കും ഒരു പറക്കും ടെലിസ്കോപ്പ്. ഓരോ പറക്കലിനുശേഷവും താഴെയിറങ്ങും എന്നതിനാല്‍ ടെലിസ്കോപ്പിനെ നിരന്തരം പരിഷ്കരിക്കാന്‍ സോഫിയ അവസരമൊരുക്കുന്നുണ്ട്. അങ്ങനെ അവസാനം കൂട്ടിച്ചേര്‍ത്ത സംവിധാനമാണ് പ്രപഞ്ചത്തിലെ ആദ്യ തന്മാത്രയെ കണ്ടെത്താന്‍ ഇപ്പോള്‍ സഹായിച്ചിരിക്കുന്നത്.

ഈ തന്മാത്രയെ കണ്ടെത്താന്‍ കഴിയാത്തത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നമായിരുന്നു. അത്ര എളുപ്പമല്ല ഹീലിയം ഹൈഡ്രൈഡ് രൂപപ്പെടല്‍. ഒരു മൂലകത്തോടും കൂടിച്ചേരാന്‍ ഇഷ്ടമില്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന ഒരു മൂലകമാണ് ഹീലിയം. അതുകൊണ്ടുതന്നെ ഹീലിയം ഹൈഡ്രൈഡ് രൂപപ്പെടലും ബുദ്ധിമുട്ടാണ്. 1925വരെ കാത്തിരിക്കേണ്ടി വന്നു ആദ്യമായി  ഈ തന്മാത്രയെ പരീക്ഷണശാലയില്‍പോലും നിര്‍മ്മിക്കാന്‍.

NGC7027 നെബുലയിലാകട്ടേ അള്‍ട്രാവൈലറ്റ് സാന്നിദ്ധ്യവും ആവശ്യത്തിനുള്ള ചൂടും ഹീലിയം ഹൈഡ്രൈഡ് രൂപപ്പെടാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കിയിരുന്നു.  ഇതേ അവസ്ഥയുള്ള മറ്റ് നെബുലകളില്‍ ഹീലിയം ഹൈഡ്രൈഡിനെ അന്വേഷിക്കാന്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ വഴിവയ്ക്കും എന്നു കരുതാം.

കൂടുതല്‍ ആഴമുള്ള വായനയ്ക്ക് https://www.nature.com/articles/s41586-019-1090-x

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top