20 April Saturday

ബഹിരാകാശം തുറക്കുന്ന സാധ്യതകൾ

ജി ലെവിൻ, എം സി ദത്തൻUpdated: Sunday Feb 19, 2023

ബഹിരാകാശ ഗവേഷണമേഖലയിൽ മാനവരാശി വലിയ മുന്നേറ്റത്തിലാണ്‌. വരുന്ന ദശാബ്ദങ്ങൾ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിപ്പ്‌ അത്ഭുതാവഹമായിരിക്കും. ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ഗോളാന്തരയാത്രകൾക്കും ഐഎസ്‌ആർഒ അടക്കമുള്ള ബഹിരാകാശ ഏജൻസികൾ നൽകുന്നത്‌ മുന്തിയ പരിഗണനയാണ്‌. ഇതിനായി  നൂതനവും മികവുറ്റതും ക്ഷമതകൂടിയതും  ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും കൂടുതലായി  വികസിപ്പിക്കേണ്ടതുണ്ട്‌. അതിവേഗം വളരുന്ന ഈ മേഖലയ്‌ക്ക്‌ അതിവേഗത്തിൽ നൂതന സാങ്കേതികവിദ്യകൾ ആവശ്യമായും വരും. അതുകൊണ്ടുതന്നെ ഈ മേഖല തുറക്കുന്നത്‌ വലിയ സാധ്യതകളാണ്‌.  ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌ കേരളം.

വർധിക്കുന്ന ആവശ്യകത

 ഇന്റർനാഷണൽ സ്‌പെയ്സ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം, ലോക ബഹിരാകാശ  സമ്പദ്‌‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 30 ലക്ഷംകോടിയാണ്‌ ഇപ്പോൾ. 2040- ഓടെ ഇത്‌ കുറഞ്ഞത്  82 ലക്ഷം കോടിയായി വർധിക്കും.  ഇത് 246 ലക്ഷം കോടി വരെയാകാമെന്ന്‌ മറ്റൊരു  പഠന റിപ്പോർട്ട്  പറയുന്നു. എന്നാൽ, ഇതിൽ  ഇന്ത്യയുടെ മൂല്യം 1.3 ശതമാനം മാത്രമാണ്‌ ഇപ്പോൾ. വരുംനാളുകളിൽ ഇത്‌ 10 ശതമാനംവരെ ഉയരുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ.  

കേരളത്തിന്റെ മാതൃക

ബഹിരാകാശ സാങ്കേതികവിദ്യയിലും ഗവേഷണങ്ങളിലും സ്‌റ്റാർട്ടപ്പുകൾക്കും  വ്യവസായ സംരംഭങ്ങൾക്കും വരുംനാളുകളിൽ വലിയ  സാധ്യതകളാണ്‌ ഉള്ളത്‌. ഈ  പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണയും സഹായവും സൗകര്യങ്ങളും അനിവാര്യമാണ്‌. ഇവിടെയാണ്‌ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ മുന്നേറുന്ന സ്‌പെയ്‌സ്‌ പാർക്ക്‌ പദ്ധതി (കെഎസ്‌പിഎസിഇ)യുടെ പ്രസക്തി. സംസ്ഥാന  ബജറ്റിൽ കൂടുതൽ തുക ഇക്കുറിയും പദ്ധതിക്കായി സർക്കാർ നീക്കിവച്ചിട്ടുണ്ട്‌.
ഏറ്റവും നൂതനവും സാങ്കേതിക മികവ് ആവശ്യമുള്ള ബഹിരാകാശമേഖലയ്ക്കും  വൈമാനിക മേഖലയ്ക്കും അനുബന്ധ പ്രതിരോധമേഖലയ്ക്കും ആവശ്യമുള്ള ഘടകങ്ങളും  യന്ത്രങ്ങളും മറ്റ് സേവനങ്ങളും നൽകാൻ പ്രാപ്തിയുള്ള  വ്യവസായ സംരംഭങ്ങൾ സ്ഥാപിച്ച്  യുവാക്കൾക്ക് കൂടുതൽ  തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി വിപുലമായ രൂപരേഖയെ അടിസ്ഥാനമാക്കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
  
കേരളത്തെ  ബഹിരാകാശ, അനുബന്ധ പ്രതിരോധ വ്യവസായത്തിന്റെയും കേന്ദ്രമായി മാറ്റാനും ലക്ഷ്യമിടുന്നു. തൊഴിൽ അവസരങ്ങൾക്കൊപ്പം  കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കംകൂട്ടാനുമാകും. ഇപ്പോൾത്തന്നെ തിരുവനന്തപുരത്തും പരിസരങ്ങളിലുമായി നിരവധി സ്‌പെയ്‌സ്‌ സ്‌റ്റാർട്ടപ്പുകളും വ്യവസായ സംരംഭങ്ങളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക്‌ സർക്കാരിന്റെ സ്‌പെയ്‌സ്‌ പാർക്ക്‌ പദ്ധതി കുതിപ്പേകും.

മികവിന്റെ കേന്ദ്രം

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക്‌ തുടക്കമിട്ടത് കേരളത്തിലാണ്‌. തിരുവനന്തപുരത്തെ കടലോരഗ്രാമമായ തുമ്പയിൽനിന്നുള്ള പര്യവേക്ഷണ വളർച്ച ചന്ദ്രനും ചൊവ്വയും കടന്നുമുന്നേറുകയാണ്‌. അര നൂറ്റാണ്ടുകൊണ്ട്‌ ബഹിരാകാശ ഗവേഷണരംഗത്ത്‌ ഉണ്ടായ കുതിപ്പിൽ കേരളത്തിലെ ഐഎസ്‌ആർഒ സ്ഥാപനങ്ങൾ വഹിച്ച പങ്ക്‌ നിർണായകമാണ്‌.  വിഎസ്‌എസ്‌സി, എൽപിഎസ്‌സി, ഐഐഎസ്‌യു, ഐഐഎസ്ടി, എപിഇ പ്ലാന്റ്‌ എന്നിവയാണ്‌ കേരളത്തിലെ സെന്ററുകൾ. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ ഗവേഷണം, വികസനം, രൂപകൽപന, പരിശോധന തുടങ്ങി എണ്ണമറ്റ കാര്യങ്ങളിൽ മുഖ്യപങ്ക്‌ വഹിക്കുന്നത്‌ ഈ സ്ഥാപനങ്ങളാണ്‌. വിക്ഷേപണ വാഹനങ്ങളുടെ  രൂപകൽപന, സോഫ്‌റ്റ്‌വെയർ വികസനം, ഉപഗ്രഹഭാഗങ്ങളുടെയും ഇന്ധന വാൽവുകളുടേയും അനുബന്ധ ഭാഗങ്ങളുടേയും രൂപകൽപന തുടങ്ങിയവയെല്ലാം ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ നടക്കുന്നത്‌.

അതുകൊണ്ടു തന്നെ ഈ  സെന്ററുകൾക്ക്‌ അനുബന്ധമായി വിപുലമായ സാധ്യതകളാണ്‌ ഉള്ളത്‌. ഇവ ഉപയോഗപ്പെടുത്താനുള്ള വലിയ പദ്ധതിയാണ്‌ സ്‌പെയ്‌സ്‌ പാർക്ക്‌.  ചെറുതും വലുതുമായ സംരംഭകർക്ക്‌ ഗുണകരമാകുമിത്‌.
അതിസൂക്ഷ്മ എൻജിനിയറിങ്‌ രംഗത്തടക്കം അത്യാധുനിക വ്യവസായങ്ങളുടെ പ്രോൽസാഹനമാണ്‌ മുഖ്യ ലക്ഷ്യം. റോക്കറ്റുകൾക്കും വിമാനങ്ങൾക്കും മിസൈലുകൾക്കും ആവശ്യമായ യന്ത്രഭാഗങ്ങളുടെയും മറ്റു ഘടകങ്ങളുടെയും വാൽവുകളെയും  ഉല്പാദനത്തിനുള്ള  അടിസ്ഥാന സൗകര്യം ലഭ്യമാക്കും. കൂടുതൽ തൊഴിൽ സാധ്യത തുറക്കുന്ന പുതിയൊരു മേഖലയിലേക്കുള്ള വലിയ ചുവടു വയ്‌പാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top