26 September Tuesday
ഭൗമേതര സംസ്കാരത്തെപ്പറ്റി വീണ്ടും ചര്‍ച്ച ഉയരുന്നു

ആരയച്ചു ആ റേഡിയോ സിഗ്നല്‍?

പ്രതീഷ് റാണി പ്രകാശ്Updated: Tuesday Aug 30, 2016

പ്രപഞ്ചത്തില്‍ നമ്മളെ കൂടാതെ മറ്റ് സംസ്കാരങ്ങളുണ്ടോ എന്ന ചോദ്യത്തിന് അന്ത്യമാവുകയാണോ? എന്തായാലും ഈ ദിശയിലുള്ള മനുഷ്യന്റെ അറിവുകള്‍ക്ക് കൂടുതല്‍ ആഴവും വ്യാപ്തിയും ഉണ്ടാക്കിയേക്കാവുന്ന ഒന്ന് സംഭവിച്ചു കഴിഞ്ഞു. ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു റഷ്യന്‍ ദൂരദര്‍ശിനിയില്‍ പതിച്ച അസാധാരണ റേഡിയോ സിഗ്നലാണ് ഭൗമേതരസംസ്കാരങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രലോകത്തെ സംവാദങ്ങളെ വീണ്ടും സജീവമാക്കിയിരിക്കുന്നത്.

ഹെര്ക്യുലിസ് നക്ഷത്രസമൂഹത്തിലെ HD164595 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തിന്റെ ദിശയില്‍ നിന്നാണ് ഈ റേഡിയോ സിഗ്നല്‍ വന്നിരിക്കുന്നത്. 6.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള നക്ഷത്രസമൂഹമാണ് ഹെര്‍ക്യുലിസ്.

സൗരയൂഥത്തില്‍ നിന്നും ഏകദേശം 95 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് HD164595 നക്ഷത്രം സ്ഥിതി ചെയ്യുന്നത്. നമ്മുടെ സൂര്യനേക്കാള്‍ ഒരല്പം കൂടി ചെറുതാണ് ഈ നക്ഷത്രം. സൂര്യന്റെ 99% വലിപ്പമാണ് ഈ നക്ഷത്രത്തിനുള്ളത്. സൂര്യന്റേതിന് സമാനമായ മെറ്റാലിസിറ്റി (Metallicity - ഒരു നക്ഷത്രത്തില്‍ ഹൈഡ്രജനും ഹീലിയവുമല്ലാതെയുള്ള ദ്രവ്യത്തിന്റെ അംശം) ആണ് ഈ നക്ഷത്തിനുള്ളത്. HD 164595 b എന്ന് പേരിട്ടിരിക്കുന്ന ഒരു ഗ്രഹം മാത്രമേ ഈ നക്ഷത്രത്തെ വലംവയ്ക്കുന്നതായി നമ്മുക്ക് അറിവുള്ളൂ. വ്യാഴത്തിന്റെ 0.05 മടങ്ങ് വലിപ്പമുള്ള ഈ ഗ്രഹത്തിന് HD164595-ന്റെ ചുറ്റുവാന്‍ 40 ദിവസങ്ങള്‍ മാത്രം മതി.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി HD164595-ന്റെ ദിശയില്‍ നിന്ന് വന്ന ഈ റേഡിയോ സിഗ്നലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ അതീവരഹസ്യമായി കൈമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായ ക്ലോഡിയോ മാക്കോണെ കൈമാറിയ വിവരങ്ങള്‍ പ്രകാരം സയന്‍സ്-സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ പോള്‍ ഗില്‍സ്റ്റെര്‍ തന്റെ ബ്ലോഗായ സെന്റോറി ഡ്രീംസ് -ല്‍ കൂടി കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വാര്‍ത്ത ലോകത്തിനെ അറിയിച്ചത്.

RATAN 600 റഷ്യന്‍ റേഡിയോ റ്റെലസ്കോപ്     കടപ്പാട്: വിക്കി കോമണ്‍സ്

RATAN 600 റഷ്യന്‍ റേഡിയോ റ്റെലസ്കോപ് കടപ്പാട്: വിക്കി കോമണ്‍സ്

കഴിഞ്ഞ വര്‍ഷം മേയ് 15-നാണ് ശക്തമായ ഈ റേഡിയോ സിഗ്നല്‍ RATAN-600 എന്ന റഷ്യന്‍ റേഡിയോ ദൂരദര്‍ശിനിക്ക് ലഭിച്ചത്. ദൂരദര്‍ശിനിയില്‍ രേഖപ്പെടുത്തിയ സിഗ്നലിന് 2.7 സെന്റീമീറ്റര്‍ തരംഗദൈര്‍ഘ്യവും ഏകദേശം 750 mJy (മില്ലി ജാന്‍ക്സി) ആംപ്ലിറ്റ്യൂഡുമുണ്ടെന്ന് കരുതപ്പെടുന്നു. റഷ്യയിലെ സെലെന്‍ചുക്‍സ്കായയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സ് RATAN-600 പ്രവര്‍ത്തിപ്പിക്കുന്നന്നത്. സൂര്യനെ നിരീക്ഷിക്കുക എന്നതാണ് ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദൗത്യമെങ്കിലും ഇതരഗ്രഹങ്ങളിലും നക്ഷത്രസമൂഹങ്ങളിലും ജീവന്റെ സാന്നിധ്യത്തെ പറ്റി പഠിക്കുന്ന SETI (Search for Extraterretrial Intelligence) എന്ന അമേരിക്കന്‍ സംഘടനയുടെ ഗവേഷണങ്ങള്‍ക്ക് ഒരുപാട് സംഭാവനകള്‍ RATAN-600 നല്‍കിയിട്ടുണ്ട്. അക്കാദമി ഓഫ് സയന്‍സസിലെ നികോളയ് ബുറോസോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ റേഡിയോ സിഗ്നല്‍ കണ്ടെത്തിയത്. 

SETI-ക്ക് വേണ്ടി ഈ സിഗ്നല്‍ അടിസ്ഥാനപ്പെടുത്തിയുള്ള  കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുവാന്‍ പോകുന്നത് ഇറ്റലിയിലെ റ്റൂറിന്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനായ ക്ലോഡിയോ മാക്കോണെയും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ നികോളയ് ബുര്‍സോവുമാണ്. “ഈ സന്ദേശ സ്രോതസ്സിനെ നിരന്തരമായി നിരീക്ഷിക്കേണ്ടതുണ്ട്" എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

എന്താണ് ഈ സിഗ്നലിനെ അസാധാരണമാക്കുന്നത്?

പോലെ രണ്ട് സാധ്യതകളാണ് ഈ സിഗ്നലിനുള്ളത്. ഒന്നുകില്‍ ഇത് വെറും നോയിസ് (noise) ആയിരിക്കാം. ഭാഗ്യമുണ്ടെങ്കില്‍ (?) ഇതൊരു ഐസോട്രോപിക്‍ ബീക്കണില്‍ നിന്നുമാകാം. ഇതരസംസ്കാരങ്ങളെ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാന്‍ വേണ്ടി പ്രപഞ്ചത്തിലേക്ക് റേഡിയോ തരംഗങ്ങളെ തൊടുത്തുവിടുന്ന ഒരു റ്റ്രാന്‍സ്മിറ്ററിനെയാണ് ഐസോട്രോപിക്‍ ബീക്കണ്‍ എന്ന് വിളിക്കുന്നത്.

എന്നാല്‍ ഐസോട്രോപിക്‍ ബീക്കണില്‍ നിന്നാണ് ഈ സിഗ്നല്‍ വന്നതെങ്കില്‍ അത്തരമൊരു റ്റ്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തിക്കുവാന്‍ മനുഷ്യര്‍ സംസ്കാരം ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ അനേക ലക്ഷം മടങ്ങ് അളവിലുള്ള ഊര്‍ജം ആവശ്യമായി വരും. മനുഷ്യരേക്കാള്‍ ഒരുപാട് വികസിതമായ ഒരു സംസ്കാരത്തിന് മാത്രമേ അത്രയ്ക്ക് വലിയ ഊര്‍ജ സ്രോതസ്സുകള്‍ പ്രാപ്തമാവുകയുള്ളൂ.

കര്‍ദഷേവ് സ്കേല്‍

ഒരു സംസ്കാരം പ്രയോജനപ്പെടുത്തുന്ന ഊര്‍ജത്തിന്റെ അളവ് അല്ലെങ്കില്‍ അവര്‍ക്ക് പ്രാപ്യമായ ഊര്‍ജ സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയുള്ള അളവ് കോലിന്റെ പേരാണ് കര്‍ദഷേവ് സ്കേല്‍. 1964-ല്‍ നികോളയ് കര്‍ദഷേവ് എന്ന സോവിയറ്റ് യൂണിയന്‍ കോസ്മോനോട്ട് ആണ് കര്‍ദഷേവ് സ്കേല്‍ മുന്നോട്ട് വച്ചത്. സംസ്കാരങ്ങളെ അവയുടെ ഊര്‍ജപ്രാപ്തിയെ അനുസരിച്ച് മൂന്നായിട്ടാണ് കര്‍ദഷേവ് തരം തിരിച്ചിരിക്കുന്നത്. തൊട്ടടുത്ത നക്ഷത്രത്തില്‍ നിന്നും തങ്ങളുടെ ഗ്രഹത്തിലെത്തുന്ന ഊര്‍ജത്തെ മുഴുവനായും പ്രയോജനപ്പെടുത്തുന്ന സംസ്കാരമാണ് ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ (Kardashev type I civilization) പെടുന്നത്തൊട്ടടുത്ത നക്ഷത്രത്തിലെ ഊര്‍ജത്തെ മുഴുവനായും ഉപയോഗപ്പെടുത്തുന്ന സംസ്കാരങ്ങളെയാണ്  രണ്ടാമത്തെ വിഭാഗത്തില്‍ (Kardashev type II civilization) പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തിലുള്ള (Kardashev type III civilizaiton) സംസ്കാരങ്ങള്‍ക്കാകട്ടെ ഒരു ഗാലക്സിയിലെ മുഴുവന്‍ ഊര്‍ജത്തെയും നിയന്ത്രിക്കുവാന്‍ സാധിക്കും.

ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നതില്‍ നിന്നും ഏകദേശം ഒരു ലക്ഷം ഇരട്ടി ഊര്‍ജം ഉല്പാദിപ്പിക്കേണ്ടി വരും മനുഷ്യ സംസ്കാരത്തിന് കര്‍ദഷേവിന്റെ ഒന്നാം (Kardashev type I) വിഭാഗത്തില്‍ തന്നെ എത്തിച്ചേരുവാനായിട്ട്. ഇതിനു വേണ്ടി ഇനിയും 100-200 വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

HD164595-ന്റെ ദിശയില്‍ നിന്ന് വന്ന ഈ റേഡിയോ സിഗ്നലിന്റെ ശക്തി പഠിച്ച ഗവേഷകര്‍ പറയുന്നത് പ്രകാരം  കര്‍ദഷേവ് രണ്ടാം തരം (Kardashev type II civilization) സംസ്കാരങ്ങള്‍ക്ക് മാത്രമേ അത്തരമൊരു റ്റ്രാന്‍സ്മിറ്റര്‍ നിര്‍മിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ്. നമ്മുടെ ഗ്രഹത്തിലേക്ക് കേന്ദ്രീകരിച്ചു വെച്ച ഒരു സിഗ്നലാണ് ഇതെങ്കില്‍ അത് കര്‍ദഷേവ് ഒന്നാം തരം (Kardashev type I civilization) സംസ്കാരം ആയിരിക്കും. ഒരു പ്രത്യേക ദിശയിലേക്ക് മാത്രം വിടുന്നതാകയാല്‍ താരതമ്യേന കുറച്ച് ഊര്‍ജം മതിയാകും എന്നതിനാലാണത്.

എന്നാല്‍ ഇത് നോയിസ് (noise) ആകുവാനുള്ള സാധ്യത എത്ര മാത്രമുണ്ട് എന്ന് പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാരിസ് ഒബസര്‍വേറ്ററിയിലെ ഴോണ്‍ ഷ്നൈഡറിന്റെ നേതൃത്വത്തില്‍ ഉള്ള ഗവേഷകരാണ് ഈ പഠനം നയിക്കുന്നത്. ആ പഠനത്തിന്റെ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഭൗമേതര സംസ്കാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

എന്തായാലും 2016 സെപ്റ്റംബര്‍ 27-ന് മെക്സിക്കോയിലെ ഗുവാഡലജരയില്‍ വെച്ച് നടക്കുവാന്‍ പോകുന്ന 67-ആമത് ഇന്റര്‍നാഷണല്‍ ആസ്റ്റ്രോനോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (International Astronautical Congress-–IAC) വച്ച് പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച IAA SETI-യുടെ സ്ഥിരം കമ്മിറ്റിയുടെ മീറ്റിങ്ങില്‍ നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top