25 April Thursday

രാമായണം വായിക്കാൻ ആപ്: സ്വന്തമാക്കിയവർ അരലക്ഷം കടന്നു

ജോബിൻസ‌് ഐസക‌്Updated: Sunday Jul 21, 2019

മലപ്പുറം> രാമായണ പാരായണ മധുരം തുളുമ്പുന്ന കർക്കടകമെത്തിയിട്ടും തിരിക്കിനിടെ അതു വായിക്കാനോ കേൾക്കാനോ സമയമില്ലാത്തവർക്ക‌് പുതിയ ആൻഡ്രോയിഡ്‌ ആപ‌്. തൃശൂർ കേച്ചേരി തലക്കോട്ടുകരയിലെ വിദ്യ എൻജിനിയറിങ് കോളേജ‌് എംസിഎ വിഭാഗമാണ‌് ‘രാമായണ പാരായണം’ ആപ് വികസിപ്പിച്ചത‌്. എംസിഎ മേധാവി ഡോ. വി എൻ  കൃഷ്ണചന്ദ്രന്റെ നേതൃത്വത്തിൽ ഒരുക്കിയ ആപ‌് ഗൂഗിൾ പ്ലേ സ‌്റ്റോറിൽനിന്ന‌് അരലക്ഷം പേർ ഇതിനോടകം  ഡൗൺലോഡ്‌ ചെയ‌്തു.

ഈ ആപ്പിലൂടെ കർക്കടക മാസത്തെ പാരായണക്രമത്തിൽ രാമായണം വായിക്കാം.  കേൾക്കാൻ ഫോൺ  നെറ്റ‌്കണക്ഷൻ വേണം. എന്നാൽ നെറ്റില്ലാതെ വായിക്കാനാകും. പാലക്കാട് സ്വദേശി ജ്യോതിബായ്  അധ്യാത്മരാമായണം ആലപിച്ച് 25 വീഡിയോകളിലായി റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ് ലോഡ് ചെയ‌്തതാണിവിടെയും ലഭ്യമാക്കിയത്. കുട്ടികൾക്കായി  രണ്ട് വ്യത്യസ്ത ശൈലികളിൽ രാമായണചിത്രങ്ങളും ആപ്പിലുണ്ട‌്.

17ആം നൂറ്റാണ്ടിലെ മേവാർ രാജാവ‌് ജഗത് സിങ്ങിന്റെ നിർദേശാനുസരണം  തയ്യാറാക്കിയ മേവാർ രാമായണത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങളാണ‌് ആലാപനഭാഗത്ത‌്. 1916ൽ പ്രസിദ്ധീകരിച്ച ചിത്രരാമായണത്തിനായി ഔന്ധ് നാട്ടുരാജ്യത്തിലെ രാജാവായിരുന്ന ബാലാസാഹിബ് പണ്ഡിറ്റ് പന്ത് പ്രതിനിധി വരച്ച ചിത്രങ്ങൾ പാഠഭാഗത്തും. കൂടാതെ, “ഹനുമാൻ ചാലീസ” യുടെ പാഠവും ആലാപനവും ഉൾക്കൊള്ളുന്ന യൂട്യൂബ് വീഡിയോയിലേക്കും, നിപ്പോൺ രാമായണ ഫിലിംസ് തയാറാക്കിയ  രാമായണ ആനിമേഷൻ (ഹിന്ദി) വീഡിയോ  ലിങ്കുകളുമുണ്ട്.

കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ എഴുതി 1926ൽ പ്രസിദ്ധീകരിച്ച  തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം പൂർണമായും ആപ്പിലൂടെ  വായിക്കാം. play.google.com/store/apps/details ലിങ്കിലൂടെ ഇൻസ്റ്റാൾചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top