19 April Friday

ഛിന്നഗ്രഹങ്ങളെ നേരിടാൻ ഡാർട്ട്

സാബു ജോസ്‌ Updated: Thursday Sep 27, 2018

ഭൂമിയെ ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ പുതിയൊരു പദ്ധതിയുമായി നാസ രംഗത്തെത്തിയിരിക്കുകയാണ്. ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച് അവയെ ഭൂമിയിൽ  പതിക്കാതെ സ്പേസിലേക്ക് വഴിതിരിച്ചുവിടുന്ന  ഈ ദൗത്യത്തിന് ഡാർട്ട്  (Double Asteroid Redirection Test - DART ) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യദൗത്യം 2021ൽ വിക്ഷേപിക്കപ്പെടും.

നാസയുടെ പ്രൊപൽഷൽ ലബോറട്ടറി, ഗോദാർദ് സ്പേസ് ഫൈറ്റ് സെന്റർ, ജോൺസൺ സ്പേസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയിൽ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഡാർട്ട് നിർമിക്കുന്നത്. കൈനറ്റിക് ഇംപാക്ടർ വിദ്യ ഉപയോഗിച്ച് ഭൂമിക്ക് ഭീഷണിയാകുന്ന രീതിയിൽ  സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ മാറ്റമുണ്ടാക്കുകയാണ് പേടകം ചെയ്യുന്നത്. ആദ്യദൗത്യത്തിൽ പേടകം സമീപിക്കുന്നത് ഛിന്നഗ്രഹ ഇരട്ടകളായ ഡിഡിമോഡിനെയാണ്. ഇതിൽ ഡിഡിമോസ് എയ്ക്ക് 800 മീറ്ററും ഡിഡിമോസ് ബിക്ക് 161.5 മീറ്ററും വ്യാസമുണ്ട്. നാസയുടെ ഡോൺ ബഹിരാകാശപേടകത്തിൽ ഉപയോഗിച്ചിട്ടുള്ള സോളാർ ഇലക്ട്രിക് പ്രൊപൽഷനുസമാനമായ നാസ ഇവല്യൂഷനറി സിനോൺ ത്രസ്റ്റർ കൊമേഴ്ഷ്യൽ (Next–C) എന്ന നൂതന പ്രൊപൽഷൻ സങ്കേതമാണ് ഡാർട്ടിൽ ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാരണം പേടകത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കുന്നതിനും അതോടൊപ്പം വിക്ഷേപണച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. 2020 ഡിസംബർമുതൽ 2021 മെയ് മാസംവരെയുള്ള ലോഞ്ച് വിൻഡോയിൽ ബഹിരാകാശത്തേക്ക്  കുതിക്കുന്ന പേടകം 2022 ഒക്ടോബറിൽ ഡിഡിമോസിന്റെ ഭ്രമണപഥത്തിൽ  പ്രവേശിക്കും. ഭൂമിയിൽനിന്ന‌് 11 ദശലക്ഷം കിലോമീറ്റർ ദൂരെ കൂടിയാണ് ഡിഡിമോസ് ഛിന്നഗ്രഹ ജോടി ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദൂരദർശിനികളുടെ സഹായത്തോടെയാണ് ഈ ഛിന്നഗ്രഹ ജോടിയുടെ പിണ്ഡവും ഭ്രമണവേഗവും ഭൂമിയിൽനിന്നുള്ള ദൂരവും കണക്കാക്കുന്നത്. സെക്കൻഡിൽ  5.95 കിലോമീറ്ററാണ് ഈ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരവേഗം.

ഭൂമിയെ സംരക്ഷിക്കാൻ
ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വിധത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 18,000 ഛിന്നഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏതാനും ലക്ഷം വർഷങ്ങൾക്കുള്ളിൽ ഇവയെല്ലാം ഭൂമിയിൽ പതിക്കുകയും ചെയ്യും. ഏതാനും മീറ്റർമുതൽ കിലോമീറ്ററുകൾവരെ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 70 കിലോഗ്രാമിൽ കുറവ് പിണ്ഡമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽ ഭൂമിയിൽ പതിക്കുന്നതിനുമുമ്പ് പൂർണമായി കത്തിച്ചാമ്പലാകും. എന്നാൽ, 70 കിലോഗ്രാമിൽ  കൂടുതലുള്ളവ കത്തിത്തീരാതെ ഭൂമിയിൽ പതിക്കുകതന്നെ ചെയ്യും. അതുണ്ടാക്കുന്ന ജീവഹാനിയും പ്രകൃതിദുരന്തങ്ങളും  നാശനഷ്ടവും പ്രവചനാതീതമായിരിക്കും. ഇത്തരമൊരു ഛിന്നഗ്രഹ ആക്രമണമാണ് ഭൂമിയിൽ ദിനോസറുകളുടെ ഉന്മൂലനാശത്തിന് കാരണമായത്.

2015ൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ഭൂമിക്ക് ഭീഷണിയാകുന്നതരത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ദൗത്യം വിക്ഷേപിക്കാൻ ധാരണയിലെത്തിയിരിക്കുന്നു. ഐഡ (AIDA)എന്ന‌് പേരിട്ട ഈ ദൗത്യം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്. രണ്ടു ബഹിരാകാശ പേടകങ്ങൾ ഒരുമിച്ചുള്ള ദൗത്യമായിരുന്നു. ഐഡ പദ്ധതി  ഇതനുസരിച്ച്  യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എയിം (AIM) സ്പോർട്സ് ക്രാഫ്റ്റ് 2020  ഡിസംബറിലും നാസയുടെ ഡാർട്ട് (DART) 2021 ജൂലൈ മാസത്തിലും വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിഡിമോസ് ഛിന്നഗ്രഹ ജോടിയിലെ വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കൊണ്ട് അതിന്റെ ഘടനയും ചെറിയ ഛിന്നഗ്രഹമായ ഡിഡിമോസ് ‐ ബി വലിയ ഛിന്നഗ്രഹത്തിൽ ചെലുത്തുന്ന സ്വാധീനവും പഠിക്കും. കൂടാതെ ഈ രണ്ടു ഛിന്നഗ്രഹങ്ങളുടെയും ഭൗതികസവിശേഷതകളും  ഉപരിതലത്തിന്റെ സ്വഭാവവും പഠിക്കും. 2022ൽ  ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവുമടുത്തെത്തുമ്പോൾ വലിയ ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങുന്നതിനായാണ് ഡാർട്ട് പേടകത്തിന്റെ ലക്ഷ്യമായി നിർണയിച്ചിരിക്കുന്നത്. എന്നാൽ, എയിം പദ്ധതി ഉപേക്ഷിച്ചതോടെ ഛിന്നഗ്രഹങ്ങളുടെ ഭൗതിക സവിശേഷതകളും ധാതുഘടനയും പരിശോധിക്കാൻ കഴിയാതെവരും. എന്നാൽ, ഡാർട്ട് പദ്ധതി നിലവിലുള്ളതുകൊണ്ട് ഛിന്നഗ്രഹവുമായി കൂട്ടിമുട്ടി അതിന്റെ ഭ്രമണപഥത്തിൽനിന്ന് പുറന്തള്ളും. അതോടെ  ഭൂമിക്കുള്ള ഭീഷണി താൽക്കാലികമായി  ഒഴിവാക്കാൻ കഴിയുകയും ചെയ്യും. ഭൂതല  ദൂരദർശിനികളുടെയും റഡാറിന്റെയും സഹായത്തോടുകൂടി ശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങളുടെ പഥം നിർണയിക്കുന്നതിനും  ഡാർട്ട് പേടകത്തിന്റെ ട്രാക്കിങ‌് നടത്തുന്നതിനും  2017 ജൂണിൽ നാസ ഡാർട്ട് സ്പേസ‌് ക്രാഫ്റ്റിന്റെ രൂപകൽപ്പന അംഗീകരിച്ചു. 2018 ആഗസ‌്തിൽ അവസാനഘട്ട മിനുക്കുപണികളോടെ പേടകത്തിന്റെ  നിർമാണം ആരംഭിച്ചു.

പ്രവർത്തനം ഇങ്ങനെ

ഇനി ഡാർട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം. പേടകത്തിൽ  ഒരു സൂര്യസംവേദക ഉപകരണവും (Sun Sensor) ഒരു സ്റ്റാർ ട്രാക്കറും ഒരു 20 സെ.മി. അപെർച്ചർ ക്യാമറയുമുണ്ട്. സ്വയം നിയന്ത്രിത ഗതിനിർണയ സംവിധാനമാണ് (Autonomous Navigation)    ഡാർട്ടിലുള്ളത്. 500 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. സെക്കൻഡിൽ ആറു കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഡാർട്ട് പേടകം ഡിഡിമോസ് ഛിന്നഗ്രഹവുമായി കൂട്ടിമുട്ടുമ്പോൾ ഛിന്നഗ്രഹത്തിന്റെ ഭ്രമണവേഗത്തിൽ സെക്കൻഡിൽ 0.4 മില്ലീമീറ്റർ വ്യത്യാസമുണ്ടാകും.  ഇത് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നേരിയ വ്യതിയാനമുണ്ടാക്കും. ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നേരിയ വ്യതിയാനമുണ്ടാക്കും. ഈ ചെറിയ മാറ്റംപോലും ഏതാനും ഭൗമവർഷങ്ങൾക്കുള്ളിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ വളരെ വലിയ വ്യത്യാസമുണ്ടാക്കും. ഡിഡിമോസ് ഛിന്നഗ്രഹത്തിന്റെ കാര്യം പരിഗണിച്ചാൽ ഈ കൂട്ടിമുട്ടൽകൊണ്ട് അതിന്റെ ഭ്രമണകാലത്തിൽ 10 മിനിറ്റിന്റെ വ്യത്യാസമാണ് ഉണ്ടാകുക. പക്ഷേ, ഈ വ്യതിയാനംപോലും ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുമ്പോൾ നിലവിലുള്ള ഭ്രമണപഥത്തിൽനിന്ന‌് പത്തുലക്ഷത്തിലധികം കിലോമീറ്റർ വ്യത്യാസമുള്ള  ഒരു  പഥമായിരിക്കും  സൃഷ്ടിക്കുക.

ഡിഡിമോസ് ഛിന്നഗ്രഹത്തിലേക്കുള്ള യാത്രയ്ക്കുശേഷം രണ്ടാമത്തെ ഡാർട്ട്  ദൗത്യത്തിൽ  ഓർഫ്യൂസ്  എന്ന ഛിന്നഗ്രഹത്തെയാണ് പേടകം സമീപിക്കുന്നത്. മറ്റു ബഹിരാകാശ ദൗത്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ദൗത്യമാണ് ഡാർട്ട്. 250  മില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. 2018 മെയ് മാസത്തെ സ്ഥിതിവിവരക്കണക്കനുസരിച്ച് 18,136 നിയർ എർത്ത് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഭൂമി നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിമുട്ടലാണ്. സാങ്കേതികവിദ്യ അപകടത്തെ തരണം ചെയ്യാൻ ശാസ്ത്രലോകത്തെ  സഹായിക്കുകതന്നെ ചെയ്യും. അതിന്റെ തെളിവാണ് ഡാർട്ട് ശാസ്ത്രസംഘം നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top