20 April Saturday

സോഫ്റ്റ് വെയര്‍ തിരുത്തലുകള്‍ സമ്മാനാര്‍ഹമാകുമ്പോള്‍

നിഖില്‍ നാരായണന്‍Updated: Thursday Dec 22, 2016

ഗൂഗിളിന്റെയും ആപ്പിളിന്റെയുമൊക്കെ സോഫ്റ്റ്വെയറിലെ പിഴവുകള്‍ കണ്ടെത്തി ലക്ഷങ്ങള്‍ സമ്മാനമായി നേടി എന്നു വാര്‍ത്തകള്‍ കാണാറില്ലേ. എന്താണിത്. ഇത്ര വലിയ സന്നാഹങ്ങളോടെ തയ്യാറാക്കിയ സോഫ്റ്റ്വെയറുകളിലെ പിഴവുകള്‍ കുട്ടികള്‍ കണ്ടെത്തുകയോ?

എല്ലാ സോഫ്റ്റ്വെയറും പലതരത്തിലുള്ള ടെസ്റ്റിങ് കഴിഞ്ഞാണ് വരുന്നത് എങ്കിലും, പല്ലപ്പോഴും അറിയാതെയുള്ള അബദ്ധങ്ങള്‍ കാരണം ബഗ്ഗുകള്‍ കാണപ്പെടാം. ഇത്തരം ബഗ്ഗുകള്‍കൊണ്ട് ചെറുതും വലുതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ആപ്പ് ലോഡ് ആവാത്തത് തൊട്ട്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന  ബഗുകള്‍ വരെ ഉണ്ടായേക്കാം. ഹാക്കിങ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പലപ്പോഴും ഈ ബഗ്ഗുകള്‍ മനസ്സിലാക്കി അത് ഉപയോഗിച്ച് ‘പിന്‍വാതിലിലൂടെ കയറിയാണ്  നടക്കുന്നത്. ഡെവലപ്പര്‍മാരും ടെസ്റ്റര്‍മാരും എത്രയൊക്കെ ശ്രമിച്ചാലും നൂറു ശതമാനം ‘തകര്‍ക്കാന്‍‘ പറ്റാത്ത കോഡ് ഉണ്ടാക്കുക ഒരുപക്ഷെ അപ്രാപ്യമായ ഒരു ലക്ഷ്യമാണ്. ഉപയോക്താക്കളുടെയും വൈറ്റ് ഹാറ്റ് ഹാക്കര്‍മാരുടേയും ഒക്കെ സഹായത്തോടെ ഇത്തരം വള്‍നറബിലിറ്റികള്‍ കണ്ടെത്തുകയും പഴുതുകള്‍ അടയ്ക്കുകയും ചെയ്യുക എന്നത് ഇത്തരം ആപ്പുകളുടേയും വെബ്സൈറ്റുകളുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് സജീവമാകുന്നതോട് കൂടി ഇന്നത്തേ പോലെ നിങ്ങളുടെ ഫേസ്ബുക്കും, ജിമെയിലും മാത്രമല്ല ഐഓടി ഫ്രിഡ്ജും, വാഷിങ്ങ് മെഷീനും ഒക്കെ ഹാക്ക് ചെയ്യപ്പെടാന്‍ ഇടയുണ്ട്.  

ഇതില്‍ നിന്നും ഉപയോക്താക്കളെ രക്ഷിക്കാന്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ ബഗ് കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്ന ഒരു രീതിയുണ്ട്. ബഗ് ബൌണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം സ്കീമുകള്‍ വഴി മലയാളികള്‍ അടക്കം നിരവധിപേര്‍ക്ക് ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ എന്നീ കമ്പനികളില്‍ നിന്നുള്‍പ്പടെ സമ്മാനം കിട്ടിയിട്ടുണ്ട്. എത്രത്തോളം വലിയ അപകടമാണ് ഒരു ബഗ്ഗ് കൊണ്ട് ഉണ്ടാക്കുന്നത് എന്നത് നോക്കിയാവും സമ്മാനത്തുക നിശ്ചയിക്കപ്പെടുക. ചില കമ്പനികള്‍ക്ക് ആകട്ടെ ഇത്തരം ബൌണ്ടി പരിപാടി ഇല്ലായിരിക്കാം. അതായത് പണമായി സമ്മാനം ഇല്ല, മറിച്ച് വേറെ ഏതെങ്കിലും രീതിരിയിലാകും  നിങ്ങളുടെ ‘കണ്ടുപിടിത്തത്തിന്‘ സമ്മാനം തരിക. ചിലര്‍ പണവും തരും, കൂടാതെ അവരുടെ 'ഹാള്‍ ഓഫ് ഫെയ്മി'ല്‍  നിങ്ങളുടെ പേര് എഴുതി വയ്ക്കുകയും ചെയ്യും. നിങ്ങളൂടെ പേര് ലോകത്തിന്റെ മുന്നില്‍ എത്തിക്കുന്ന ജോലി അവര്‍ തന്നെ ചെയ്തുകൊള്ളും. പിന്നെ എന്ത് വേണം അല്ലെ? ഫേസ്ബുക്ക് ബഗ് ബൌണ്ടി പ്രോഗ്രാമിന്റെ വിവരങ്ങള്‍: https://www.facebook.com/whitehat/

1995ല്‍ നെസ്റ്റ്സ്കേപ്പിന്റെ പുതിയ പതിപ്പില്‍ ബഗ്ഗുകളുടെ അയ്യരുകളി ആയിരുന്നു. മാധ്യമങ്ങളും ഡെവലപ്പര്‍മാരുമൊക്കെ നെറ്റ്സ്കേപ്പിനെ കളിയാക്കി ആഘോഷിച്ച ദിവസങ്ങള്‍. അപ്പോഴാണ് നെറ്റ്സ്കേപ്പിലെ ജാരറ്റ് റീഡ്ലിങ്ഗാഫറിന് ഒരു ഐഡിയ തോന്നിയത്. കമ്പനിയുടെ അകത്തും പുറത്തും ബഗുകള്‍ കത്തൊനുള്ള ഒരു മത്സരം നടത്തിയാല്‍ എല്ലാവരെയും കയ്യിലെടുക്കാമെന്ന്. വളരെ ശരിയായ ഒരു നടപടി ആയിരുന്നു എന്ന് നമുക്ക് ഇപ്പോള്‍ തോന്നുന്ന ഇതായിരുന്നു ലോകത്തേ ആദ്യത്തെ ബഗ് ബൌണ്ടി പ്രോഗ്രാം. പിന്നീട് മോസില്ലയും, ഗൂഗിളും, ഫേസ്ബുക്കും, ആപ്പിളും, വേഡ്പ്രസ്സും, എന്തിന് സാംസങ് സ്മാര്‍ട്ട് ടിവി ഉള്‍പ്പടെയുള്ളവര്‍ നെറ്റ് സ്കേപ്പിന്റെ ഈ പരിപാടിയില്‍ നിന്ന് പ്രചോദനം കൊണ്ട് സ്വന്തം ബഗ് ബൌണ്ടി പ്രോഗ്രാമുകള്‍ തുടങ്ങി.
കോഡിങ്ങ് നിങ്ങളുടെ ഇഷ്ട വിനോദമാണോ? കോഡ് റിവ്യു ചെയ്ത് വെബ്സൈറ്റുകളും ആപ്പുകളും ‘പൊളിച്ചടുക്കാന്‍‘ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ പണത്തിനും പ്രശസ്തിക്കുമൊക്കെ വേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയറിലെ പോരായ്മകള്‍ കണ്ടുപിടിച്ചാലോ? നോക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top