24 April Wednesday

ഇ മാലിന്യം എന്തുചെയ്യുന്നു ?

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017

പുതിയ പുതിയ മൊബൈല്‍ ഫോണും ലാപ്ടോപ്പും ടെലിവിഷനും വിപണിയില്‍ ഇറങ്ങുമ്പോള്‍തന്നെ വാങ്ങുകയും പഴയത് വലിച്ചെറിയുകയോ ആക്രിക്കാരന് നല്‍കുകയോ ചെയ്യുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടോ ഇതൊക്കെ എവിടെ പോകുന്നുവെന്ന്. വിലപിടിപ്പുള്ള ലോഹങ്ങള്‍ തല്ലിപ്പൊട്ടിച്ച് എടുത്തശേഷം ചതുപ്പുനിലങ്ങള്‍ നികത്താനും ഉപയോഗിക്കാറുണ്ട്. അല്ലെങ്കില്‍ തെരുവിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട് കത്തിക്കുന്നു. ദരിദ്രരായ സ്ത്രീകളും കുട്ടികളുമൊക്കെയാണ് ഒരു സുരക്ഷാസംവിധാനവുമില്ലാതെ ഇതൊക്കെ ചെയ്യുന്നത്. ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന ഇമാലിന്യങ്ങളില്‍നിന്ന് രാസ, ലോഹ മാലിന്യങ്ങള്‍ അന്തരീക്ഷത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇ മാലിന്യങ്ങള്‍ ഹാനികരം
ഇമാലിന്യങ്ങളില്‍ അടങ്ങിയ രാസവസ്തുക്കള്‍ എങ്ങനെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്നറിയുക:

പ്ളാസ്റ്റിക്
ഇമാലിന്യങ്ങളിലും പ്ളാസ്റ്റിക്കുണ്ടാകും. എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും പുറംകവര്‍ നിര്‍മിക്കുന്നതിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നു. ഒരു ഇലക്ട്രോണിക് ഉല്‍പ്പന്നത്തിന്റെ ഭാരത്തിന്റെ നാലിലൊരുഭാഗം പ്ളാസ്റ്റിക്കാകും. പ്ളാസ്റ്റിക് മണ്ണില്‍ കിടന്ന് മണ്ണിന്റെ സ്വാഭാവിക ജൈവവിഘടനം തടഞ്ഞ് സൂക്ഷ്മജീവികളെ നശിപ്പിക്കും. പ്ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക (ഡയോക്സിന്‍) ശ്വാസകോശത്തില്‍ കടന്ന് ക്യാന്‍സറിനുവരെ കാരണമാകാം. ഡയോക്സിന്‍ മാത്രമല്ല, ക്യാന്‍സറിനു കാരണമായേക്കാവുന്ന മറ്റു നിരവധി വാതകങ്ങള്‍ പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്നു.

ലെഡ്
ഇമാലിന്യങ്ങളില്‍ കൂടുതല്‍ അടങ്ങിയത് ഈയം അഥവാ ലെഡ് ആണ്. കംപ്യൂട്ടര്‍/ടെലിവിഷന്‍ മോണിറ്ററുകളിലാണ് ഈയം കൂടുതല്‍. സോള്‍ഡറിങ്ങിനും ഈയമാണ് ഉപയോഗിക്കുന്നത്. മോണിറ്ററുകള്‍ കത്തിക്കുമ്പോള്‍ ഇത് അന്തരീക്ഷത്തില്‍ പൊടിയായി പടരുന്നു. ഇമാലിന്യം ചതുപ്പുകളിലിട്ട് മുകളില്‍ മണ്ണിട്ടുനികത്തുമ്പോള്‍ കുടിവെള്ളത്തില്‍പ്പോലും ഈയം കലരുന്നു.

കാഡ്മിയം
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെല്ലാമുള്ള റസിസ്റ്ററുകള്‍, സോളാര്‍ സെല്‍ എന്നിവയില്‍ കൂടുതലായി കാണുന്നു. വിഷമയമായ ഈ മൂലകം കിഡ്നിയില്‍ അടിഞ്ഞുകൂടി ശരീരപ്രക്രിയകളെ ബാധിക്കുന്നു. ഗര്‍ഭിണികളില്‍ എത്തിയാല്‍ ഗര്‍ഭസ്ഥശിശുവിനെപ്പോലും ബാധിക്കാം.

മെര്‍ക്കുറി
എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലും അവശ്യവസ്തുവായ മെര്‍ക്കുറി കിഡ്നിയെയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെയുംബാധിക്കും.

ചെമ്പ്
ചെമ്പുവയറുകള്‍ കത്തിക്കുന്നത് ആവരണമായ, പിവിസി കത്തിച്ചുകളയാനാണ്. പുകയില്‍ ഡയോക്സിന്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്നു.

ക്രോമിയം
കംപ്യൂട്ടറിലാണ് ഇതു കൂടുതല്‍. കത്തിക്കുമ്പോള്‍ അലര്‍ജിയാണ് ക്രോമിയം ഉണ്ടാക്കുന്ന പ്രധാന രോഗം.
ഇതുപോലെ ഇമാലിന്യത്തില്‍ അടങ്ങിയ ലോഹങ്ങളും രാസവസ്തുക്കളും മൂലകങ്ങളും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കു മാത്രമല്ല, മണ്ണും ജലവും വിഷമയമാക്കുന്നതുള്‍പ്പെടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാക്കും.

ഇന്ത്യന്‍ സാഹചര്യം

ഇലക്ട്രോണിക്  ഹബ്ബുകളായ ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ഇന്ത്യയില്‍ ഇമാലിന്യം കൂടുതല്‍. മറ്റു സ്ഥലങ്ങളെപ്പോലെ ഉപയോഗത്തില്‍നിന്നു മാത്രമല്ല, ഉല്‍പ്പാദനത്തിന്റെ ഭാഗമായും ഈ നഗരങ്ങളില്‍ ഇമാലിന്യം ഉണ്ടാകുന്നു. ഡല്‍ഹിയിലൊക്കെ ബാറ്ററി തല്ലിപ്പൊട്ടിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ മലിനീകരണം വാര്‍ത്തയായിരുന്നല്ലോ. ഈ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ അനധികൃത (അശാസ്ത്രീയ) ഇമാലിന്യ സംസ്കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ബംഗളൂരുവില്‍ 2014ല്‍തന്നെ ഇമാലിന്യ അളവ് 57000 ടണ്‍ എത്തി.  2010ല്‍ 500 ശതമാനം വര്‍ധനയാണ് അന്ന് കണക്കാക്കിയതും. അവിടെ ഇമാലിന്യത്തിന്റെ 80 ശതമാനവും അശാസ്ത്രീയമായ രീതിയിലാണ് സംസ്കരിക്കുന്നതെന്നും അന്ന് കണ്ടെത്തിയിരുന്നു.

നിയമങ്ങള്‍
ഇന്ത്യയില്‍ പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016, ഇവേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016, ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016, ഹസാര്‍ഡസ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016 എന്നിവയാണ് ഇമാലിന്യം മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ സംസ്കരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍. കേന്ദ്രസംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളാണ് ഇതു നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത്.
വില്‍ക്കുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗശേഷം തിരിച്ചെടുത്ത് ശാസ്ത്രീയ റീസൈക്കിളിനു വിധേയമാക്കണമെന്ന് കമ്പനികളെ നിഷ്കര്‍ഷിക്കുന്ന നിയമവ്യവസ്ഥകള്‍ (ഋഃലിേറലറ ജൃീറൌര ഞലുീിശെയശഹശ്യ ഋജഞ) നിയമങ്ങളില്‍ ഉണ്ടെങ്കിലും പല കമ്പനികളും നടപ്പാക്കാറില്ല.

ക്ളീന്‍ കേരള മാതൃക
ഇമാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിര്‍മാര്‍ജന പദ്ധതികളിലൂടെ സംഭരിച്ച് ശാസ്ത്രീയ പുനഃചംക്രമണത്തിന് വേര്‍തിരിച്ചു നല്‍കുന്നതിന് കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ക്ളീന്‍ കേരള കമ്പനി ഈ രംഗത്ത് പുതിയ പ്രതീക്ഷ നല്‍കുന്നു.
സ്വകാര്യമേഖലയില്‍ ശാസ്ത്രീയ ഇമാലിന്യ സംസ്കരണത്തിനുള്ള കമ്പനികള്‍ മറ്റ് ഇന്ത്യന്‍നഗരങ്ങളിലെപ്പോലെ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ഇമാലിന്യ സംസ്കരണ ഫാക്ടറികള്‍ക്കും സാധ്യത വര്‍ധിക്കുകയാണ്.
 

നമുക്ക് എന്തു ചെയ്യാം

ഇന്ത്യയില്‍  ഉണ്ടാകുന്ന ഇമാലിന്യത്തിനു പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതുകൂടിയാകുമ്പോള്‍ ഇമാലിന്യം വലിയ ഭീഷണിയായി മാറുകയാണ്. അതു തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് മനുഷ്യന്‍ ആലോചിച്ചു തുടങ്ങി. പുനരുപയോഗം (ൃലൌലെ) പുനഃചംക്രമണം  (ൃലര്യരഹല) എന്നിവയാണ് മാര്‍ഗങ്ങള്‍. പഴയ ഉല്‍പ്പന്നങ്ങളില്‍നിന്ന് ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് അറ്റകുറ്റപ്പണി നടത്തി മാറ്റിയശേഷം ബാക്കി ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്യുകയാണ് പോംവഴി. ശാസ്ത്രീയമാര്‍ഗങ്ങള്‍ ചെലവുകൂടിയതായതുകൊണ്ട് മണ്ണില്‍ കുഴിച്ചുമൂടല്‍, കത്തിക്കല്‍ തുടങ്ങിയ അശാസ്ത്രീയ മാര്‍ഗങ്ങളാണ് വികസ്വരരാജ്യങ്ങളില്‍ കൂടുതലും.
ശാസ്ത്രീയരീതിയില്‍ ഇമാലിന്യം സംസ്കരിക്കുന്നത് പരിസ്ഥിതിസൌഹൃദം മാത്രമല്ല, വ്യവസായസാധ്യതയും വരുമാനമാര്‍ഗവുമാണ്. പ്രകൃതിസംരക്ഷണം, ഊര്‍ജസംരക്ഷണം, തൊഴില്‍വര്‍ധന, വരുമാനമാര്‍ഗം എന്നിവ ഇതുവഴി ഉണ്ടാകുന്നു.
കൂടുതല്‍ ഈടുനില്‍ക്കുന്ന മികച്ച ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുക. ഉപയോഗശേഷം ഉല്‍പ്പന്നം തിരിച്ചെടുത്ത് ശാസ്ത്രീയ പുനഃചംക്രമണം നടത്തുന്ന (ഋജഞ) ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുക.
ലാപ്ടോപ്പുകള്‍പോലുള്ള പല ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി തുറന്ന് അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തതുകൊണ്ട് പെട്ടെന്നുതന്നെ ഇമാലിന്യമാകുന്നു. കൂടുതല്‍ തുറന്ന് അറ്റകുറ്റപ്പണി നടത്തുന്ന രീതിയില്‍ ഇവ രൂപകല്‍പ്പനചെയ്യാനുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഞ മിറ ഉ) വേളയില്‍ പ്രകൃതിസൌഹൃദ രീതികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
ഉദാ: ലാപ്ടോപ് പുറംചട്ടമുള്ള ഉല്‍പ്പന്നംകൊണ്ടാക്കാം. മൌസിന്റെ പുറംകവര്‍ ചിരട്ട ഉല്‍പ്പന്നംകൊണ്ടു നിര്‍മിക്കാം. (കടലാസ് പേനയും മഷിപ്പേനയും പ്രോത്സാഹിപ്പിക്കുംപോലെ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top