26 April Friday

വരുന്നു, ഓണ്‍ലൈന്‍ പണമിടപാടിന് ഏകീകൃത സംവിധാനം

നിഖില്‍ നാരായണന്‍Updated: Thursday Jan 14, 2016

നമ്മുടെ പണമിടപാടുകളില്‍ ഡിജിറ്റല്‍ പണത്തിന്റെ പങ്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് സുപരിചിതമായ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ലോകത്തുനിന്ന് നാം മൊബൈല്‍ പേമെന്റ്, ഡിജിറ്റല്‍ വാലറ്റ് എന്നിവയില്‍ തുടങ്ങി ബിറ്റ്കൊയിന്റെയും ബ്ളോക്ക് ചെയിന്‍ ടെക്നോളജിയുടെയും ഒക്കെ ലോകത്ത് എത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഏതെങ്കിലും Paytm, MobiKwik, PayU പോലെയുള്ള ഡിജിറ്റല്‍ വാലറ്റ്വഴി പണം നല്‍കിയാല്‍ പത്തും ഇരുപതും ശതമാനംവരെ കിഴിവ്. ഇതൊക്കെ സ്ഥിരമായി കാണുന്നു. കൂടാതെ അക്കൌണ്ട് നമ്പര്‍പോലും ചോദിക്കാതെ മറ്റുള്ളവര്‍ക്ക് പണം അയക്കാന്‍ ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്സ്, എച്ച്ഡിഎഫ്സി ചില്ലര്‍പോലെയുള്ള സോഷ്യല്‍ പേമെന്റ് ആപ്പുകള്‍.

ഇതിന്റെയെല്ലാം പല ന്യൂനതകളും പരിഹരിച്ചാണ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ന്റെ യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് Unified Payments Interface (UPI)  എന്ന സേവനം ഈ ഏപ്രിലില്‍ വരുന്നത്. റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ എളുപ്പമാക്കാന്‍ ആരംഭിച്ച ഈ സ്ഥാപനമാണ് രൂപേ (Rupay) കാര്‍ഡുകളുടെ പിന്നിലുമുള്ളത്. മാസ്റ്റര്‍കാര്‍ഡ്, വിസ മുതലായ ബഹുരാഷ്ട്ര കമ്പനികളെ വെല്ലാനാണ് രൂപേ (Rupay) രൂപകല്‍പ്പന ചെയ്തത്.

അപ്പോള്‍ എന്താണ് യുപിഐ?  ഇന്ന് നിങ്ങള്‍ക്ക് മറ്റൊരാളുടെ ബാങ്കിലേക്ക് പണം അയക്കണമെങ്കില്‍ അയാളുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്

എന്നിവയൊക്കെ വേണം. UPIല്‍ നിങ്ങളും പണം സ്വീകരിക്കുന്ന വ്യക്തിയും രജിസ്റ്റര്‍ചെയ്താല്‍ ഈ ഇടപാട് എളുപ്പത്തില്‍ നടക്കും. പണമിടപാട് നിങ്ങളുടെ വെര്‍ച്വല്‍’വിലാസംവഴിയാണ്. നിങ്ങള്‍ ഒരു ടാക്സിയില്‍ യാത്രചെയ്തുവെന്നു കരുതുക. അല്ലെങ്കില്‍ ഒരു കടയില്‍നിന്ന് സാധനം വാങ്ങിയെന്ന് കരുതുക. പണം സ്വീകരിക്കേണ്ട ആള്‍ക്ക് നിങ്ങളുടെ UPI നല്‍കുന്ന Virtual Address കൊടുക്കുക. ഈ വിലാസം നിങ്ങളുടെ അക്കൌണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഊഹിക്കാമല്ലോ. ഉടന്‍തന്നെ നിങ്ങളുടെ ഫോണ്‍വഴി ഈ ഇടപാടിനുള്ള സമ്മതം നല്‍കുക. നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍നിന്ന് കടക്കാരന്റെ അക്കൌണ്ടിലേക്ക് പണം അപ്പോള്‍തന്നെ പോകും. നിലവിലുള്ള അപ്പോള്‍തന്നെ പണമയക്കാന്‍ സാധിക്കുന്ന Immediate Payment Service (IMPS)  സംവിധാനവുമായി ബന്ധപ്പെട്ടാകും UPIടെ പ്രവര്‍ത്തനം.

നിങ്ങളുടെ ഒന്നിലധികം ബാങ്ക് അക്കൌണ്ടുകള്‍ ഈ സേവനവുമായി ബന്ധിപ്പിക്കാന്‍സാധിക്കും. ഈ ആപ് ഉപയോഗിച്ച് പണം അയക്കാന്‍ മാത്രമല്ല, സ്വീകരിക്കാനും പറ്റും. ബാങ്ക് അക്കൌണ്ട്, iPIN, OTP, മൊബൈല്‍ നമ്പര്‍ പോലെയുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറാതെത്തന്നെ പണമിടപാട് നടത്താന്‍ UPIവഴി സാധിക്കും. അതാണ് ഇതിന്റെ ഗുണം.

ഇന്ത്യയില്‍ മൊബൈല്‍ പണമിടപാടുകളുടെ വളര്‍ച്ചയുടെ ഞെട്ടിക്കുന്നതാണ്. മൂന്നേകാല്‍ കോടി പണമിടപാടുകള്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്നു. കഴിഞ്ഞവര്‍ഷം ഇതേ മാസത്തില്‍ ഇത് ഒന്നരക്കോടി ആയിരുന്നു. ഇടപാടുകളുടെ എണ്ണത്തില്‍ മാത്രമല്ല, ക്രയവിക്രയം ചെയ്ത പണത്തിന്റെ കണക്കും ഞെട്ടിക്കും. മേല്‍പ്പറഞ്ഞ കാലയളവില്‍ 8,400 കോടി രൂപയില്‍നിന്ന് 30,568 കോടി രൂപയിലേക്കാണ് ഇതു കുതിച്ചത്. എന്തുകൊണ്ടും  UPI പോലെയുള്ള ടെക്നോളജിക്ക് വമ്പന്‍ കുതിപ്പാകുമെന്ന് നമുക്ക് ഇപ്പോള്‍തന്നെ പറയാം. കൂടാതെ പണമിടപാട് എളുപ്പത്തില്‍ നടത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് UPI ക്ഷതം ഏല്‍പ്പിക്കുമെന്നതില്‍ സംശയമില്ല.
വാല്‍ക്കഷണം: വിവരങ്ങള്‍ക്ക് http://www.npci.org.in/UPI_Documents.aspx എന്ന വിലാസം സന്ദര്‍ശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top