18 April Thursday
4ജി മുതല്‍ വയര്‍ലെസ് ചാര്‍ജിങ്‌വരെ

സ്മാര്‍ട്ട് കാറും ഡ്രോണും പിന്നെ കൃത്രിമ ബുദ്ധിയും

നിഖില്‍ നാരായണന്‍Updated: Thursday Jan 7, 2016

വെര്‍ച്വല്‍ റിയാലിറ്റി
കുറച്ചുവര്‍ഷങ്ങളായി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ വെര്‍ച്വല്‍ റിയാലിറ്റി എന്ന ആശയം നമ്മുടെ കൈകളില്‍ എത്തുന്ന വര്‍ഷം ആയിരിക്കും ഇത്. വലിയ കണ്ണട പോലെയുള്ള വെര്‍ച്വല്‍ റിയാലിറ്റി (വി ആര്‍) ഹെഡ്സെറ്റിലൂടെ വേറൊരു ലോകത്ത്’ നമുക്ക് എത്താന്‍ സാധിക്കും. സോണി, മൈക്രോസോഫ്റ്റ്, എച് ടി സി ഇവരൊക്കെ ഈ വര്‍ഷം അവരുടെ വി ആര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട്. ഗൂഗിളിന്റെ കാര്‍ഡ് ബോഡ് എന്ന വി ആര്‍ ഉല്‍പ്പന്നത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുമല്ലോ. ഒക്ക്യുലസ് റിഫ്റ്റ് എന്ന വി ആര്‍ കമ്പനിയെ 2014ല്‍ സ്വന്തമാക്കിയ ഫെയ്സ്ബുക്കും വി ആര്‍ യുഗത്തില്‍ ഒരു വലിയ ശക്തി ആയിരിക്കും എന്നതില്‍ സംശയമില്ല.

വെയറബിള്‍സ്
വെയറബിള്‍സ് വിപണി ഇനിയും വലുതാകും: ധരിക്കുന്ന കമ്പ്യൂട്ടറുകള്‍ എന്ന് സാധാരണക്കാരന്റെ ‘ഭാഷയില്‍ പറയാന്‍ കഴിയുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പോലെയുള്ള ഉള്‍പ്പന്നങ്ങള്‍ കൂടുതല്‍ പേരിലെത്തുന്ന വര്‍ഷമായിരിക്കും ഇത്. ഫിറ്റ്നെസ് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സഹായിക്കുന്ന ഫിറ്റ് ബിറ്റ് പോലെയുള്ളവ, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വെയര്‍. പെബിളിന്റെ ഒകെ  — ഇവയൊക്കെ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ കടന്നു വരുന്ന വര്‍ഷമായിരിക്കും ഇത്.

സ്മാര്‍ട്ട് കാറുകള്‍
ടെക് കമ്പനികളും കാര്‍ നിര്‍മാതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ച് കാറുകളെ കൂടുതല്‍ സ്മാര്‍ട്ടും, മുഴുവന്‍ ഓട്ടോമാറ്റിക്ക് എന്ന തലത്തിലേക്ക് എത്തിക്കുന്ന വര്‍ഷമായിരിക്കും ഇത്. ഗൂഗിളും, ആപ്പിളും ഇത്തരത്തില്‍ കാറുകളെ സ്മാര്‍ട്ട് ആക്കുന്നതിലുള്ള മത്സരത്തിനു ആക്കം കൂടുന്ന വര്‍ഷം.

ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സ്

ഈ മേഖലയ്ക്ക് വന്‍ കുതിപ്പിന്റെ വര്‍ഷം ആയിരിക്കും ഇത്. ആപ്പിളിന്റെ സിരി പോലെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങളും, മെഷീന്‍ ലേണിങ് കാതലായുള്ള ഗൂഗിളിന്റെ തിരയല്‍ സേവനവും ഒക്കെ കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയുംഉള്ളില്‍ ഇടം പിടിക്കും. റോബോട്ടുകളുടെ ഉള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഹിക്കുന്ന സ്ഥാനം ഇനിയും വലുതാകും. മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ എന്ന നിലയിലേക്ക് നമ്മള്‍ ഒന്ന് കൂടി അടുക്കുന്ന വര്‍ഷമായിരിക്കും ഇത്.

ഡ്രോണുകള്‍
ആളില്ലാ വിമാനങ്ങളായ ഡ്രോണുകളുടെ വര്‍ഷമായിരിക്കും ഇത്. ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ ഒരു വഴിക്ക്; ഇത്തരം ചെറു വിമാനങ്ങളുടെ സ്മാര്‍ട്ട് ആകല്‍ മറു വശത്ത്. മെച്ചപ്പെട്ട സെന്‍സറുകള്‍, ട്രാക്കിംഗ് ടെക്നോളജി — ഇവയൊക്കെ ഡ്രോണുകളെ സ്മാര്‍ട്ട് ആക്കുന്ന വര്‍ഷം ആയിരിക്കും ഇത്. ഇന്‍ഷുറന്‍സ് മുതല്‍ ഗെയിമിങ്വരെ. നിരവധി ഉപയോഗങ്ങളും.  —

വയര്‍ലെസ് ചാര്‍ജിങ്
ഒരു പ്രതലത്തില്‍ വച്ചാല്‍ ദൂരെയുള്ള ചാര്‍ജ്ജറില്‍ നിന്നുള്ള ചാര്‍ജ് കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സജീവമാകുന്ന വര്‍ഷമായിരിക്കും ഇത്. ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ ഐകിയ മുതല്‍ ജപ്പാനിലെ ഒസ്സിയ വരെ ഇത്തരം സാങ്കേതിക വിദ്യ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ഫോര്‍ ജി കാലം

എയര്‍ടെല്‍, റിലയന്‍സ്, വോഡാഫോണ്‍ തുടര്‍ന്ന് ബിഎസ്എന്‍എല്ലും ഫോര്‍ ജി സേവനം കൂടുതല്‍ സ്ഥലങ്ങളില്‍ തുടങ്ങുകയും, നമ്മുടെ ഫോണിന്റെ  ഇന്റര്‍നെറ്റ് വേഗത നമ്മള്‍ ഇന്ന് വരെ കണ്ടതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വേഗത്തിലേക്ക് എത്തുന്ന വര്‍ഷമായിരിക്കും ഇത്.

nikhilnarayanan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top