19 April Friday

ട്വിറ്ററില്‍ ഇനി പരത്തിപ്പറയാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

ഓര്‍ക്കുട്ടിലും, ബസിലും, വേവിലും കളിച്ചുപഠിച്ച മലയാളികള്‍ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട സാമൂഹ്യമാധ്യമം എന്നത് ഫെയ്സ്ബുക്ക് ആണ്. മലയാളികള്‍ക്ക് പൊതുവേ കുറേ പറയാനുള്ളതിനാലാകണം ഇത്. ചുരുക്കിപ്പറയാന്‍ നമുക്ക് മടിയാണ്. അങ്ങ് പരത്തി കഥ പറഞ്ഞാലേ ഏല്‍ക്കൂ എന്നതാണ് നമ്മുടെയൊരു രീതി. ഇതുകൊണ്ടാവണം ഒരു നിശ്ചിത പരിധിക്കുള്ളില്‍നിന്ന്  കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നിഷ്കര്‍ഷികുന്ന ട്വിറ്റര്‍ മലയാളത്തില്‍ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കിടയില്‍ ഫെയ്സ്ബുക്കോളം പ്രചാരം ലഭിക്കാതെ മൂലയ്ക്കായത്. ഇതുകൂടാതെ 140 കാരക്ടര്‍ എന്നത് നമുക്ക് വലിയൊരു അടിയാണ്. ഉദാഹരണത്തിന് ചക്ക എന്നത് ട്വിറ്ററില്‍ അഞ്ച് കാരക്ടറാണ്. 

ഇതിനൊരു ചെറിയ ആശ്വാസമെന്നോണം ട്വിറ്റര്‍ 140 കാരക്ടര്‍ എന്ന പരിധി ഇരട്ടിയാക്കി 280 എന്നാക്കാന്‍ പോകുന്നു. ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ എല്ലാവര്‍ക്കും കൂടുതല്‍ എഴുതാന്‍കഴിയുന്ന രീതിയില്‍ ഇത് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. ജാപ്പനീസ്, ചൈനീസ്, കൊറിയന്‍ എന്നീ മൂന്നു ഭാഷകളിലുള്ള ട്വീറ്റുകള്‍ ഒഴിച്ച് മറ്റെല്ലാ ഭാഷകളിലെ ട്വീറ്റുകളും ഈ ഇരട്ടി കാരക്ടര്‍ നീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നുഭാഷകളില്‍ കുറച്ച് അക്ഷരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നതും അവര്‍ക്കൊന്നും 140 കാരക്ടര്‍ വേണ്ട എന്നാണ് ട്വിറ്ററിന്റെ ‘ഭാഷ്യം. അതായത് നമ്മുടെ അക്ഷരങ്ങളുടെ നേരെ വിപരീതം.

ഇനി ഈ 140 എന്ന കണക്ക് എവിടുന്നു വന്നെന്നോ? എസ്എംഎസുകളുടെ 160 കാരക്ടര്‍ എന്ന പരിധിയില്‍ ഇന്ന് ഒരാളുടെ യൂസര്‍നെമിനു വേണ്ടിയുള്ള 20 കാരക്ടര്‍ കുറച്ചാണ് ഈ കണക്കില്‍ എത്തിയത്. ഇന്ന് എസ്എംഎസ് എന്നുള്ളതുതന്നെ പഴഞ്ചനായിരിക്കുന്നു. പിന്നെയല്ലേ അതുവച്ചുള്ള കണക്കുകള്‍. കൂടാതെ, ഈ 140 എന്ന പരിധി തങ്ങളുടെ അടുത്തേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ വിലങ്ങുതടിയാണെന്ന് ട്വിറ്റര്‍ ധരിച്ചിരിക്കണം. അത് ഒരുപരിധിവരെ ശരിയാണുതാനും. ഇനി എങ്ങോട്ട് എന്നുള്ളത് പലപ്പോഴും ആലോചിച്ചുനില്‍ക്കുന്ന ഈ കമ്പനിക്ക് ഒന്നു പച്ചപിടിക്കാനുള്ള കച്ചിത്തുരുമ്പാകുമോ ഈ പുതിയ കാരക്ടര്‍പരിധി? കണ്ടറിയാം.
പിന്നെ ഇത് എല്ലാവരും സ്വീകരിച്ചെന്നു വിചാരിക്കേണ്ട കേട്ടോ. ട്വിറ്ററിലെ നിരവധി ഉപയോക്താക്കള്‍ ഈ 140 എന്ന പരിധി ഇഷ്ടപ്പെടുന്നവരാണ്. അധികം പറയാന്‍ ഫെയ്സ്ബുക്കില്ലേ. ട്വിറ്റര്‍ എന്തിന് ഫെയ്സ്ബുക്ക് കളിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വിമര്‍ശങ്ങള്‍ക്ക് ഒരു കുറവുമില്ല.

nikhilnarayanan@gmail.com
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top