29 March Friday

രസതന്ത്രനോബല്‍ കുഞ്ഞന്‍ യന്ത്രങ്ങളുടെ കണ്ടെത്തലിന്

സംഗീത ചേനംപുല്ലിUpdated: Wednesday Oct 5, 2016

തന്മാത്രാതലത്തില്‍ വസ്തുക്കളെ സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമാണ്, എന്നാല്‍ ഏതാനും തന്മാത്രകളെ കൂട്ടിവെച്ച് ചിലപ്രത്യേകധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ചെറുയന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാലോ? നാനോ ലിഫ്റ്റ്, ഏതാനും നാനോമീറ്റര്‍ വലിപ്പമുള്ള കാര്‍ തുടങ്ങി ഇത്തരം ഒട്ടേറെ തന്മാത്രാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയ മൂന്ന്  ശാസ്ത്രജ്ഞരാണ് ഈ വര്‍ഷത്തെ രസതന്ത്രനോബല്‍ പുരസ്കാരം പങ്കിട്ടത്.

ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രേസര്‍ സ്ടോഡാര്‍ട്ട് നെതര്‍ലന്‍ഡ്സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാരം നേടിയത്. ഊര്‍ജ്ജം നല്‍കുമ്പോള്‍ ആവശ്യാനുസരണം ചലിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന കുഞ്ഞന്‍യന്ത്രങ്ങളാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. യഥാര്‍ത്ഥത്തിലുള്ള രാസബന്ധനങ്ങള്‍ക്ക് പകരം യാന്ത്രിക ബലങ്ങള്‍ മൂലം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇവയ്ക്ക് മുന്‍കൂട്ടിനിശ്ചയിച്ച രീതിയില്‍ യഥേഷ്ടം ചലിക്കാനാവും. 1983 ഇല്‍ തന്മാത്രായന്ത്രങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് സവാഷ് കാറ്റനീന്‍ എന്ന പരസ്പരം കോര്‍ക്കപ്പെട്ട ഇരട്ടവളയങ്ങള്‍ ചേര്‍ന്ന ഘടന നിര്‍മ്മിച്ചു. 1991 ഇല്‍ ഫ്രേസര്‍ സ്‌ടോഡാര്‍ട്ട്, റോട്ടാക്‌സേന്‍ എന്ന തന്മാത്രാവലയം നിമ്മിക്കുകയും ഇതുപയോഗിച്ച് തീരെ ചെറിയ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കാമെന്ന് പിന്നീട് തെളിയിക്കുകയും ചെയ്തു.

അള്‍ട്രാവയലറ്റ് പ്രകാശം പതിപ്പിച്ച് കറക്കാവുന്ന തന്മാത്രാമോട്ടോര്‍ ആയിരുന്നുഫെരിംഗയുടെ സംഭാവന. പ്രകാശം പതിപ്പിച്ച് നിയന്ത്രിച്ച് ശരീരത്തില്‍ എവിടെയുമെത്തി മരുന്നുകള്‍ വിതരണം ചെയ്യുന്ന തന്മാത്രകള്‍, പോറലുകള്‍ സ്വയം ഇല്ലാതാക്കി പഴയരൂപത്തിലേക്ക് മടങ്ങുന്ന പോളിമര്‍ പാളികള്‍, പ്രകാശം പതിക്കുന്നതിനനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന വസ്തുക്കള്‍, സെന്‍സറുകള്‍, മാലിന്യശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം വികസിപ്പിക്കാന്‍ ഇവരുടെ കത്തെല്‍ സഹായകമാവും. സൂക്ഷ്മതലത്തിലുള്ള രസതന്ത്രത്തിന്‍റെ പ്രയോഗസാധ്യതകള്‍ക്ക് തുടക്കമിട്ടു എന്നതാണ് ഇവരുടെ കണ്ടെത്തലിന്റെ പ്രസക്തി.

(കോഴിക്കോട് ഗവർമെന്റ് എഞ്ചിനീയറിങ് കോളേജ് രസതന്ത്ര അധ്യാപികയാണ് ലേഖിക.)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top