29 March Friday

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ

ജോസഫ്‌ സണ്ണിUpdated: Thursday May 3, 2018

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ

സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവയ്‌ക്കാൻ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത്‌ സമൂഹമാധ്യമങ്ങളെയാണ്. സമൂഹത്തിന്റെ പൊതുവേദിയായി അതു മാറിയതാകട്ടെ ചുരുങ്ങിയകാലംകൊണ്ട് . പ്രതികരണശേഷി നഷ്ടമാകുന്ന നമ്മുടെസമൂഹത്തിനു മനസ്സു തുറന്നു പ്രതികരിക്കാനും ആശയങ്ങൾ പങ്കുവയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ഉപയോഗിക്കുന്ന'സമയമാണ്'പ്രധാനം.
പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ.

ദിവസത്തിൽ ആറുമണിക്കൂറിലേറെ സോഷ്യൽമീഡിയയിൽ ചെലവഴിച്ച്‌ ശരീരത്തിന്റെ ഒരുഅവയവംപോലെ ഒഴിച്ചുമാറ്റാൻപറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്നം അനുഭവിക്കുന്നർ നമുക്കിടയിൽ ഉണ്ട്. നോക്കു വളരുവാനും, ചിന്തിക്കുവാനും, അറിവുനേടാനും അത് പകർന്നുനല്കുവാനും, സ്വഭാവരൂപീകരണത്തിനുവേണ്ടിയും നല്ലബന്ധങ്ങൾ ഉണ്ടാകുവാനുമുള്ള സമയംമുഴുവൻ പകലോ രാത്രിയോ എന്നില്ലാതെ ഒരുമുറിക്കുള്ളിൽ വെറുതെ നഷ്ടപ്പെടുത്തുന്നു. നിങ്ങൾക്കും എനിക്കും ഇന്ത്യൻപ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും എല്ലാവർക്കും ഒരേപോലെ വിധിക്കപ്പെട്ട ഒറ്റ വിഭവമേ ഉള്ളു. അത്‌ സമയമാണ്‌. സമയത്തെ ആര്‌ ഭംഗിയായി ഉപയോഗിക്കുന്നോ അവർ വിജയിക്കുന്നു എന്നതാണ് സത്യം. ആ സമയത്തിന്റെ വിലപോലും ഇന്ന് പലർക്കും അറിയില്ല.

തല ഉയർത്തിപ്പടിച്ചു നടക്കേണ്ട ഇന്നത്തെ യുവതലമുറയെ തലതാഴ്ത്തിനിർത്തുന്ന സമൂഹമാധ്യമങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്. പലപ്പോഴും തലതാഴ്ത്തി നിൽക്കുന്ന എട്ടും പത്തും വയസ്സുള്ള കുട്ടികളെ കാണുമ്പോൾ സന്തോഷമാണ്. എന്നാൽ അവർ വായിക്കുന്നത്‌ അറിവു നേടാനുള്ള പുസ്‌തകമല്ല, മറിച്ച്‌ മൊബൈൽഫോണിലെ കമന്റുകളാണെന്നറിയുമ്പോൾ മനസ്സിലാക്കുന്നു നമ്മൾ നമ്മുടെ സംസ്കാരത്തെ, നമ്മുടെ പൈതൃകത്തെ മറന്നുകൊണ്ടിരിക്കുന്നുവെന്ന്‌.

കുടുംബങ്ങൾ സമൂഹത്തിന്റെ ആണിക്കല്ലായ കേരളസമൂഹത്തിൽ പല കുടുംബങ്ങളുടെയും അടിത്തറ ഇളകുന്നതും സമൂഹമാധ്യമങ്ങൾ കാരണമാണ്. ജോലികഴിഞ്ഞുവരുന്ന ഭർത്താവ്‌ മുഴുവൻസമയം സോഷ്യൽമീഡിയയിൽ ചെലവഴിക്കുന്നു എന്നു പറയുന്ന ഭാര്യമാരുണ്ട്. ഭർത്താക്കന്മാരെ ശ്രദ്ധിക്കാതെ സോഷ്യൽമീഡിയയിൽ ചെലവഴിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരുടെ രണ്ടുപേരുടെയും ഈ സ്വഭാവം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ പലപ്പോഴും നമ്മൾ മറന്നുപോകുന്നുണ്ട്. അധ്വാനത്തിലൂടെ മാത്രമേ ലോകത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റൂ. ചിന്തിച്ചും വായിച്ചും അധ്വാനിച്ചും ലോകം കെട്ടിപ്പടുത്തിയ നമ്മൾ ആരാധിക്കുന്ന മനുഷ്യൻമാർ ഏറെ. എന്നിട്ടും എന്തുകൊണ്ട് ഒരുപാടു പേർക്ക്‌ അലസതയും മടിയും ഉണ്ടാകുന്നു എന്നു ചോദിച്ചാൽ വളരെ ലളിതമാണ്‌ ഉത്തരം‐ അമിതമായ സോഷ്യൽമീഡിയ ഉപയോഗം. 

രാത്രി അമിതമായ സോഷ്യൽമീഡിയ ഉപയോഗം, രാവിലെ വൈകി എഴുന്നേൽക്കൽ. തുടർന്ന് ഭക്ഷണക്രമത്തിൽ വ്യത്യാസം, ക്ഷീണം. ഇതൊക്കെ ഒരാളുടെ ജീവിതത്തിൽ എത്രമാത്രം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന്‌ നമ്മൾ ചിന്തിക്കുന്നതുപോലുമില്ല. ചെറുപ്പംമുതലേ ഒരുകുട്ടി ഈ ക്രമത്തിലാണ്‌ ജീവിക്കുന്നതെങ്കിൽ ആ കുട്ടിയുടെ മാനസികവും ശാരീരീരികവുമായ പ്രശ്‌നങ്ങൾ വളരെവലുതാകും. ഇത്‌ തീർച്ചയായും ആ കുട്ടിയുടെ മാതാപിതാക്കളുടെ കുറ്റംതന്നെയാണ് എന്ന്‌ ഞാൻ അടിവരയിട്ടു പറയും. കുട്ടിമൊബൈൽഫോണിലാണെങ്കിൽ അച്ഛൻ ലാപ്പിലും അമ്മ ഓൺലൈനിൽ പുതിയസാരി ബുക്ക്ചെയ്യുന്നതിന്റെ തിരക്കിലാവും.'സന്തുഷ്ടമായകുടുംബംഅല്ലെ'. വീട്ടുകാരിൽനിന്നും ഉണ്ടാകുന്ന ഇങ്ങനെയുള്ള അവഗണനതന്നെയാണ് കുട്ടികളെ മൊബൈൽ ഫോണിലേക്കും മറ്റ്‌ സോഷ്യൽ മീഡിയയിലേക്കും അടിമയാക്കി മടി, അലസത, വാശി തുടങ്ങിയ മാനസികാവസ്ഥയിലേക്കെത്തിക്കുന്നത്‌.
ഇപ്പോഴെത്തെ കുട്ടികളിൽ ഏറെയും പ്രഭാതഭക്ഷണം സ്കിപ് ചെയ്യുന്നവരാണ്. പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണമാണ് . അതുകൊണ്ടുതന്നെ ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം ഒഴുവാക്കുന്ന ഒരാൾക്ക്‌ സ്വാവികമായും ഉച്ചയാകുമ്പോൾ നല്ല വിശപ്പുംക്ഷീണവും ആർത്തിയും ഉണ്ടാകും ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയായി മാറും. ഇതോടെപ്രമേഹം ഉൾപ്പെടെ പലതരം ജീവിതശൈലിരോഗങ്ങൾ നമ്മളെ തേടിയെത്തും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top