25 April Thursday

ഗൂഗിള്‍ ലെന്‍സ് : ഫോണ്‍ ക്യാമറയ്ക്കും ഇനി തലച്ചോര്‍

നിഖില്‍ നാരായണന്‍Updated: Thursday Jun 1, 2017

ലോകത്തെ എല്ലാ കാര്യങ്ങളും നമുക്ക് ചോദിച്ചു മനസ്സിലാക്കാനുള്ള ഒരു സഹായിയാണ് നമുക്കിന്ന് ഗൂഗിള്‍. നമ്മള്‍ ഗൂഗിളിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് പല രൂപത്തിലാണ്.ടൈപ്പ്ചെയ്ത് ആകാം. ഗൂഗിള്‍ വോയ്സ് ഫീച്ചര്‍ ഉപയോഗിച്ച് ചോദിക്കുകയാകാം. ചിലപ്പോള്‍ ഒരു ചിത്രം അപ്ലോഡ് ചെയ്ത് റിവേസ് ഇമേജ് സെര്‍ച്ച് ആകാം. ഇതില്‍ അവസാനത്തേത് ഗൂഗിള്‍ കണ്ടിട്ടുള്ള’(ഇന്‍ഡക്സ് ചെയ്ത) ചിത്രങ്ങള്‍ അതുപോലെതന്നെ ആണെങ്കിലേ നമുക്ക് ഉത്തരം തരൂ. ഇത്തരം ചിത്രങ്ങള്‍ അധിഷ്ഠിതമായ തെരയലിന്റെ അടുത്ത തലമാണ് ഗൂഗിള്‍ ലെന്‍സ്. നിങ്ങളുടെ ക്യാമറയിലൂടെ നിങ്ങള്‍ കാണുന്ന’ സാധനങ്ങളെ അടുത്തറിയാന്‍ ഗൂഗിള്‍ ഉപയോഗിക്കല്‍. ഗൂഗിളിന്റെ കംപ്യൂട്ടര്‍ വിഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെയാണ് ലെന്‍സ് എന്ന ഈ പുതിയ ഫീച്ചറിന്റെ കാതല്‍.

ക്യാമറയിലൂടെ ഒരു സാധനം കാണിച്ചുകൊടുത്താല്‍ അത് എന്താണെന്നു മനസ്സിലാക്കുകയും, അതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ അതിനു സഹായിക്കുകയും ചെയ്യുന്നതാണ് ലെന്‍സ് എന്ന ഈ കംപ്യൂട്ടര്‍ കണ്ണുകള്‍. ഉദാഹരണത്തിന് ഒരു പൂവിനെ നിങ്ങളുടെ ഫോണ്‍ ക്യാമറയിലൂടെ ‘നോക്കുക. അത് എന്തു പൂവാനെന്നും, പൂവ് എവിടെയൊക്കെ വളരുമെന്നും,  ഈ പൂവ് കിട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിങ്ങളുടെ അടുത്തുണ്ടെങ്കില്‍ അതിന്റെ പട്ടികയും എല്ലാം ഗൂഗിള്‍ അപ്പോള്‍തന്നെ കാണിച്ചുതരും.

കാണുന്ന സാധനം അത് പൂവാകട്ടെ, ടെസ്റ്റ് രൂപത്തിലുള്ള എന്തെങ്കിലുമാകട്ടെ അത് കണ്ടു മനസ്സിലാക്കി, സന്ദര്‍ഭത്തിനനുസരിച്ച് നിങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ പട്ടികയും, അതിനുള്ള സഹായവും ലെന്‍സ് തരും. ഉദാഹരണത്തിന് വൈഫൈ നെറ്റ്ര്‍ക്കിന്റെ പേരും, പാസ് വേര്‍ഡും ഒക്കെ പ്രിന്റ് ചെയ്ത് ഒരു കടലാസ് കാണിച്ചാല്‍, അത് വായിച്ച്, എന്താണെന്നു മനസ്സിലാക്കി, അതില്‍ കണക്ട് ചെയ്തോട്ടെയെന്ന് നിങ്ങളോട് ഈ ബുദ്ധിരാക്ഷസനായ ലെന്‍സ് ചോദിക്കും. ഇനി നിങ്ങള്‍ ഒരു കടയുടെ മുന്നില്‍ എത്തി. അവിടെ വില്‍ക്കുന്ന സാധങ്ങളെക്കുറിച്ചുള്ള അഭിപ്രായം അറിഞ്ഞ് കയറാമെന്നു കരുതുക. ഒന്നുകില്‍ ഗൂഗിളില്‍ കടയുടെ പേരു വച്ച് തെരയാം. അല്ലെങ്കില്‍ ലെന്‍സ് ഉപയോഗിക്കാം. ക്യാമറയില്‍ കടയുടെ ബോര്‍ഡിന്റെ പടം എടുക്കുക. അപ്പോള്‍തന്നെ ആ കടയുടെ ജാതകംവരെ ലെന്‍സ് പറഞ്ഞുതരും.

ഈ ലെന്‍സ് ഫീച്ചര്‍ ഗൂഗിളിന്റെ പുതിയ ശിങ്കിടി ആപ് ആയ അസിസ്റ്റ്ന്റിലും ലഭ്യമാകും. അസിസ്റ്റന്റിലെ ലെന്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അന്യഭാഷയിലുള്ള ഒരു ബോര്‍ഡിനെ നിങ്ങളുടെ ഭാഷയിലേക്ക് തര്‍ജമചെയ്യാന്‍ സാധിക്കും. നിങ്ങള്‍ ഭാഷ അറിയാത്ത ഒരു നാട്ടില്‍ വല്ല റോഡിലോ, കടയിലോ, മ്യൂസിയത്തിലോ ഒക്കെ ആണെങ്കില്‍ കാര്യങ്ങള്‍ തര്‍ജമചെയ്ത് തരാന്‍ ഒരു കൂട്ടുകാരന്‍. ഗൂഗിള്‍ ഗോഗ്ഗിള്‍സ് എന്ന ഈ ഫീച്ചറടക്കം ‘കണ്ണുള്ള’ പല ഗൂഗിള്‍ ഫീച്ചറുകളുടെയും സങ്കര ആപ് ആണ് ലെന്‍സ്. ഈ കണ്ണുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top