23 April Tuesday

ജനിതക സാമ്യമുള്ള ക്ളോണ്‍ കുരങ്ങുകള്‍

സീമ ശ്രീലയംUpdated: Thursday Feb 15, 2018

ജനിതകപരമായി സാമ്യമുള്ള രണ്ട് കുരങ്ങുകളെ ക്ളോണിങ്ങിലൂടെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. ക്ളോണിങ്ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായ ഡോളി എന്ന ചെമ്മരിയാടിനെ ക്ളോണ്‍ചെയ്ത അതേ മാര്‍ഗമാണ് ഇവിടെ ഉപയോഗിച്ചതെന്ന സവിശേഷതയുമുണ്ട്. ഈ ക്ളോണിങ് മാര്‍ഗത്തിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ പ്രൈമേറ്റ് ക്ളോണുകളാണ് ഇതെന്ന പ്രത്യേകത വേറെ. സോങ് സോങ് (Zhong Zhong), ഹുവ ഹുവ (Hua Hua) എന്നിങ്ങനെയാണ് ഈ ക്ളോണ്‍ കുരങ്ങുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഡോളിയുടെ മാതൃക
ഷാങ്ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലെ ഗവേഷകരാണ് ക്ളോണിങ്ങില്‍ പുതിയ ചുവടുവയ്പ് നടത്തിയത്. ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പു മു-മിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 1996ല്‍ സ്കോട്ട്ലന്‍ഡിലെ റോസ്ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇയാന്‍ വില്‍മുട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ളോന്‍ചെയ്യാന്‍ ഉപയോഗിച്ച സൊമാറ്റിക് സെല്‍ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍ (SCNT) എന്ന മാര്‍ഗമാണ് ഇവിടെയും ഉപയോഗിച്ചത്. പോന്‍ഡോന്‍സെറ്റ് ഇനത്തില്‍പ്പെടുന്ന ചെമ്മരിയാടിന്റെ കോശമര്‍മം നീക്കംചെയ്ത അണ്ഡവുമായി ഫിന്‍ഡോന്‍സെറ്റ് ഇനത്തില്‍പ്പെടുന്ന പെണ്ണാടിന്റെ അകിടുകോശത്തെ സംയോജിപ്പിച്ചായിരുന്നു ഡോളിയെ ക്ളോണ്‍ചെയ്തത്.

മറ്റു സസ്തനികളില്‍ വിജയിക്കുന്നതുപോലെ  സൊമാറ്റിക് സെല്‍ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍ കുരങ്ങില്‍ വിജയിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. 276 പാഴ്ശ്രമങ്ങള്‍ക്കു ശേഷമാണ് ഡോളിയുടെ ക്ളോണിങ് യാഥാര്‍ഥ്യമായത് . കുരങ്ങില്‍ എസ്സിഎന്‍ടി വിജയിക്കാനുള്ള സാധ്യത തീരെ കുറവാണെന്ന ധാരണയാണ് ചൈനീസ് ശാസ്ത്രജ്ഞരെ തിരുത്തിക്കുറിച്ചത്. ലോങ് ടെയ്ല്‍ഡ് മകാക്യൂ (Long tailed macaque)  ഇനത്തില്‍പ്പെടുന്ന കുരങ്ങുകളിലായിരുന്നു പരീക്ഷണം. ഇതൊരു പുതിയ മാര്‍ഗമല്ല. മറിച്ച്  നിലവിലുള്ള എസ്സിഎന്‍ടി  രീതിയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി വികസിപ്പിച്ചെടുത്ത വിദ്യയാണ്. പലതരം കോശങ്ങള്‍ഉപയോഗിച്ചുള്ള പരീക്ഷണത്തിനൊടുവിലാണ്  സംയോജക കലകളില്‍ (കണക്ടീവ് ടിഷ്യൂ) കാണപ്പെടുന്ന ഫൈബ്രോബ്ളാസ്റ്റ്പോലുള്ള കോശങ്ങള്‍ ഉപയോഗിച്ചാല്‍ വിജയസാധ്യത കൂടുതലാണെന്ന കണ്ടെത്തലില്‍ എത്തിയത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തിലുള്ള കോശങ്ങളാണ് ഇവിടെ ഉപയോഗിച്ചത്.  എന്നാല്‍ പൂര്‍ണവളര്‍ച്ചയെത്തിയ ശരീരകോശങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ ക്ളോണുകള്‍ ജനിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ജീവന്‍ നഷ്ടമായി. പരാജയപ്പെട്ട ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയകരമായ ഒരു മാര്‍ഗം കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഴെന്‍ ലിയു അടക്കമുള്ള ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി കുരങ്ങുകളില്‍ എസ്സിഎന്‍ടി എങ്ങനെ വിജയകരമായി നടത്താമെന്ന ഗവേഷണത്തിലായിരുന്നു.  കോശമര്‍മം (ിൌരഹലൌ) നീക്കംചെയ്ത അണ്ഡകോശവുമായി ഒരു ശരീരകോശം  സംയോജിപ്പിക്കാനുള്ള കൃത്യതയേറിയതും വേഗമേറിയതുമായ മാര്‍ഗങ്ങള്‍പലതും പരീക്ഷിച്ചു. ന്യൂക്ളിയര്‍ ട്രാന്‍സ്ഫറിനുശേഷം എപ്പിജെനറ്റിക് മോഡുലേറ്ററുകള്‍കൂടി കോശത്തില്‍ സന്നിവേശിപ്പിച്ചു. ഭ്രൂണവികാസത്തിനു സഹായിക്കുന്ന ജീനുകളെ കൂടുതല്‍ പ്രവര്‍ത്തനനിരതമാവാന്‍ ഇത് സഹായിച്ചു. ഇങ്ങനെ വികസിപ്പിച്ചെടുത്ത ഭ്രൂണത്തെ ഒരു പെണ്‍കുരങ്ങിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ക്ളോണ്‍കുരങ്ങുകളെ സൃഷ്ടിച്ചത്. 60 കുരങ്ങുകളുടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട  ഭ്രൂണങ്ങളില്‍നിന്ന് ആരോഗ്യമുള്ള ക്ളോണ്‍കുരങ്ങുകളായി പിറവിയെടുത്തത് രണ്ടെണ്ണം മാത്രം. ഗവേഷണത്തില്‍ അതീവ സൂക്ഷ്മതയോടെയും കൃത്യതയോടെയും കോശങ്ങള്‍ കൈകാര്യംചെയ്യാനും അവയുടെ റീപ്രോഗ്രാമിങ് നിരീക്ഷിക്കാനും അതിനൂതന മൈക്രോസ്കോപ്പുകള്‍ ഉപയോഗപ്പെടുത്തി.

ആദ്യ ക്ളോണ്‍കുരങ്ങുകള്‍ ഇവയല്ല
എന്നാല്‍  ആദ്യ ക്ളോണ്‍കുരങ്ങുകള്‍ ഇവ രണ്ടുമല്ല. ടെട്ര എന്ന റീസസ് കുരങ്ങിനാണ് ആ ബഹുമതി. 1999ല്‍ എംബ്രിയോ സ്പ്ളിറ്റിങ് എന്ന താരതമ്യേന ലളിതമായ മാര്‍ഗത്തിലൂടെ  ഓറിഗോണ്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ടെട്രയെ ക്ളോണ്‍ചെയ്തത്.

പുതിയ ക്ളോണിങ്ങ് സാധ്യതകള്‍

കുരങ്ങുകളില്‍ വീണ്ടും  ക്ളോണിങ് ആവര്‍ത്തിച്ച് സൊമാറ്റിക് സെല്‍ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍ മാര്‍ഗം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈനീസ് ഗവേഷകര്‍. ഇപ്പോള്‍ പിറന്ന ക്ളോണ്‍കുരങ്ങുകളുടെ ശാരീരികവും ബൌദ്ധികവുമായ വളര്‍ച്ച എങ്ങനെയാണെന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ വേറെയും ക്ളോണ്‍ കുരങ്ങുകള്‍ പരീക്ഷണശാലയില്‍ പിറവിയെടുക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

കുരങ്ങുകളുടെ ക്ളോണിങ് എളുപ്പമായതോടെ ഇനി മനുഷ്യന്റെ ക്ളോണുകള്‍ പരീക്ഷണശാലയില്‍ പിറവിയെടുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍ മനുഷ്യക്ളോണിങ് നടത്തുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.  മറിച്ച് ബയോമെഡിക്കല്‍ ഗവേഷണങ്ങളില്‍ ജനിതകസാമ്യമുള്ള ക്ളോണ്‍ കുരങ്ങുകള്‍ തുറന്നിടുന്ന സാധ്യത പലതാണ്. എസ്സിഎന്‍ടിയും ജീന്‍ എഡിറ്റിങ്ങും കൈകോര്‍ത്താല്‍ നൂതന വൈദ്യശാസ്ത്ര, ജനിതക ഗവേഷണങ്ങള്‍ക്കുള്ള മനുഷ്യേതര പ്രൈമേറ്റ് മോഡലുകള്‍ യാഥാര്‍ഥ്യമാവും. ഇത്തരം ക്ളോണുകളെ ഉപയോഗപ്പെടുത്തി  വിവിധ രോഗങ്ങളുടെ മെക്കാനിസവും അവയുടെ അതിസൂക്ഷ്മ ജനിതകരഹസ്യങ്ങളും ചുരുള്‍നിവര്‍ത്താന്‍ സാധിക്കും. നൂതന ഔഷധങ്ങളുടെ വികാസവും സാധ്യമാവും. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, അര്‍ബുദംപോലുള്ള രോഗങ്ങള്‍ക്ക് നൂതന ചികിത്സകളും ഔഷധങ്ങളും വികസിപ്പിക്കാന്‍ ഇത്തരം ഗവേഷണം സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top