26 April Friday

ബഹിരാകാശ സര്‍വകലാശാല: 245 പേര്‍ക്കുകൂടി ഉന്നത ബിരുദം

സ്വന്തം ലേഖകന്‍Updated: Friday Sep 15, 2017

തിരുവനന്തപുരം > ഇന്ത്യന്‍ ബഹിരാകാശ സര്‍വകലാശാല (ഐഐഎസ്ടി)യില്‍നിന്ന് 245 പേര്‍കൂടി ഉന്നത ബിരുദങ്ങള്‍ നേടി പുറത്തിറങ്ങി. വലിയമല ഐഐഎസ്ടിയുടെ അഞ്ചാമത് ബിരുദദാനച്ചടങ്ങ് ഭൌമശാസ്ത്രമന്താലയം മുന്‍ സെക്രട്ടറി ഡോ. ശൈലേഷ് നായക് ഉദ്ഘാടനം ചെയ്തു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എ എസ് കിരണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹിരാകാശ ഗവേഷണരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ തലമുറ ഈ രംഗത്തേക്ക് കൂടുതലായി കടന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കുറഞ്ഞതും വിക്ഷേപണവാഹനങ്ങളും ഉപഗ്രഹങ്ങളും വികസിപ്പിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കണം. രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ടതുണ്ട്. നിലവില്‍ 42 ഉപഗ്രഹമാണ് പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശ ഗവേഷണരംഗത്ത് വരുംവര്‍ഷങ്ങളില്‍ വലിയ സാധ്യതകളാണ് തുറക്കാന്‍ പോകുന്നതെന്നും കിരണ്‍കുമാര്‍ പറഞ്ഞു.

വിവിധ വിഷയങ്ങളിലായി 151 പേര്‍ ബിടെക്കും 83 എംടെക്കും 11 പേര്‍ പിഎച്ച്ഡിയും നേടി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണംചെയ്തു. പഠനമികവിനുള്ള സ്വര്‍ണമെഡലുകള്‍ അവിനാഷ് ചന്ദ്ര, മുസ്തഫ ഷാഹിദ്, നേത്ര എസ് പിള്ള, ജിന്‍ദോ കെ മോന്‍സി എന്നിവര്‍ നേടി. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ ശിവന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എസ് സോമനാഥ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. വിനയ് കുമാര്‍ ധാവള്‍ എന്നിവര്‍ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top