29 March Friday

നിങ്ങള്‍ക്കും ഡിസൈനര്‍ ആകാം

നിഖില്‍ നാരായണന്‍Updated: Thursday Jun 15, 2017

ഡിസൈന്‍ ചെയ്യാന്‍ ഒരു പിടിയും ഇല്ലെങ്കിലും, കലാബോധം അല്‍പ്പംപോലും ഇല്ലെങ്കിലും കാന്‍വ എന്ന ഡിസൈന്‍ ടൂളില്‍ കയറിയാല്‍ തരക്കേടില്ലാത്ത ഡിസൈനുകള്‍ ഉണ്ടാക്കാം.

പ്രിന്റ്ചെയ്യാനുള്ള പോസ്റ്ററാകട്ടെ, ഫെയ്സ്ബുക്കില്‍ ഇടാനുള്ള ചിത്രമാകട്ടെ, ലോഗോ ഉണ്ടാക്കാനാകട്ടെ, അവതരിപ്പിക്കാന്‍ സ്ളൈഡുകള്‍ ഉണ്ടാക്കുകയാകട്ടെ, എല്ലാത്തിനും ഈ സേവനം നിങ്ങളുടെ സഹായത്തിനുണ്ട്.  നിരവധി ടെംപ്ളേറ്റുകള്‍ ഉള്ളതുകൊണ്ട് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് അതില്‍ മാറ്റംവരുത്തി നിങ്ങള്‍ക്കു വേണ്ടപോലത്തെ ഡിസൈന്‍ ഉണ്ടാക്കാം. മുകളില്‍ പറഞ്ഞത് ഈ സേവനത്തിന്റെ ഒരു ചെറിയ വശംമാത്രം. വിസിറ്റിങ് കാര്‍ഡ് വേണോ? ഫോട്ടോ കൊളാഷ് ഉണ്ടാക്കാനും എന്നുവേണ്ട റെസ്യൂമെ ടെംപ്ളേറ്റുകള്‍വരെ https://www.canva.com/templates നോക്കിയാല്‍ കിട്ടും. ഒരു പോസ്റര്‍ ഉണ്ടാക്കുമ്പോള്‍ എന്തുതരം നിറങ്ങള്‍ ഉപയോഗിക്കണം? അല്ലെങ്കില്‍ ഏതുതരം ഫോണ്ടാണ് നല്ലത്? ഇത്തരം ഡിസൈന്‍ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇവര്‍ക്ക് ട്യൂട്ടോറിയല്‍ സെക്ഷന്‍ ഉണ്ട്. ഡിസൈന്റെ ‘തറ, പറ’ പോലും അറിയില്ലെങ്കിലും https://designschool.canva.com/tutorials/ എന്ന സേവനംവഴി നിങ്ങള്‍ക്കും അല്‍പ്പസ്വല്‍പ്പം ഡിസൈന്‍ പഠിക്കാവുന്നതാണ്.

ഇതുകൂടാതെ ഇവരുടെ ബ്ളോഗും ഡിസൈന്‍ സംബന്ധമായ വിവരങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സ്വര്‍ണഖനിയാണ്. https://designschool.canva.com/
കാന്‍വയുടെ രൂപകല്‍പ്പനയിലേക്കു നയിച്ചതും ഡിസൈന്‍ തേടിയുള്ള അന്വേഷണങ്ങളുടെ തുടര്‍ച്ചയാണ്. ഓസ്ട്രേലിയയിലെ ഒരു സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈന്‍ പഠിപ്പിക്കവേയാണ് മെലനി പേര്‍കിന്‍സിന് ഒരുകാര്യം പിടികിട്ടിയത്. കുറെയധികം പേര്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ഡിസൈന്‍. പഠനംകഴിഞ്ഞു പോകുമ്പോള്‍ ബാച്ചിലെ എല്ലാവരുടെയും വിവരങ്ങള്‍ അടങ്ങിയ ഇയര്‍ ബുക്കുകള്‍ ഇറക്കുക നമ്മുടെ നാട്ടിലും പ്രചാരത്തിലുള്ള ഒന്നാണല്ലോ. പക്ഷെ ഡിസൈന്‍ വിദ്യാര്‍ഥികള്‍ക്കുപോലും ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നത് ഇവരെ അലട്ടി. ഇതിനായി മെലനി, ക്ളിഫ് ഒബ്റെക്ടുമായി ചേര്‍ന്ന ഫ്യൂഷന്‍ ബുക്സ് എന്ന ഇയര്‍ ബുക്ക് ഡിസൈന്‍ ടൂള്‍ ഉണ്ടാക്കി. ഇതിനു പിന്നിലെ സാങ്കേതിക വിദ്യ ഇയര്‍ ബുക്കുകള്‍ക്കു മാത്രമല്ല ഉപയോഗിക്കാവുന്നത് എന്നും ഇവര്‍ക്കു മനസ്സിലായി. ഫോട്ടോഷോപ്പും ഡിസൈനും അറിയാതെ, പഠിക്കാന്‍ കഷ്ടപ്പെട്ടിരിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കും പ്രയോജനമാകുംവിധം  ഈ ടൂള്‍ പുതുക്കിയെടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായാണ് 2012ല്‍ കാമറൂണ്‍ ആഡംസുമായി ചേര്‍ന്ന് ഇവര്‍ കാന്‍വ എന്ന ഡിസൈന്‍ ടൂളിനു രൂപംനല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top