19 April Friday

ചുരുട്ടിയെടുേത്താ... ടിവിയും ഫോണും !!! കുസാറ്റിന്റെ നൂതന ഇലക‌്ട്രോഡ് വിജയകരം

കെ പി വേണുUpdated: Tuesday Feb 12, 2019

കളമശേരി> ചുരുട്ടിവയ‌്ക്കാവുന്ന ടിവിയും മടക്കിക്കൂട്ടി പോക്കറ്റിലിടാവുന്ന വലിയ ഫോണും ഇനി അകലെയല്ല. ഇതൊക്കെ സാധ്യമാക്കാവുന്ന, പോളിമറും കാർബൺ നാനോട്യൂബ് മിശ്രിതവും ചേർത്തുണ്ടാക്കിയ പ്രത്യേകതരം ഇലക്ട്രോഡ‌് കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവകലാശാലയിലെ  ഭൗതികശാസ്ത്രവിഭാഗം അധ്യാപകൻ പ്രൊഫ. എം കെ ജയരാജും  സംഘവുമാണ‌് കണ്ടെത്തിയത‌്.  കണ്ടുപിടിത്തത്തിന് മികച്ച പ്രോജക്ടിനുള്ള കേരള ശാസ്ത്ര കോൺഗ്രസിന്റെ  ഡോ. എസ് വാസുദേവ് അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിലാണ‌് പ്രഫ. ജയരാജ‌്. 

ഇലക്ട്രോണിക്സ് രംഗത്ത്  വിപ്ലവകരമായ മാറ്റങ്ങൾക്ക് ഈ കണ്ടുപിടിത്തം വഴിവയ‌്ക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സുതാര്യത, ഉയർന്ന ചാലകത എന്നിവയാണ‌് ഇതിന്റെ ഗുണങ്ങൾ.  എത്ര തവണ മടക്കുകയും നിവർത്തുകയും ചെയ്താലും ഒടിവോ വിള്ളലോ വീഴില്ല. മറ്റു ഇലക്ട്രോഡുകളെ അപേക്ഷിച്ച് യാന്ത്രിക ബലവും ഏറെ. എല്ലാത്തരം റേഡിയേഷനെയും പൂർണമായും തടയുന്ന കവചമായി പ്രവർത്തിക്കും. റേഡിയേഷനെ പേടിക്കാതെ എല്ലാ  ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാനാകും. റേഡിയേഷൻ സാധ്യതയുളള പരീക്ഷണശാലകളും മറ്റും  സുരക്ഷിതമാക്കാം. പോളിമർ കാർബൺ നാനോട്യൂബ് മിശ്രിതത്തിന്റെ റേഡിയേഷൻ തടയുന്ന ഗുണത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.

സോളാർ സെൽ നിർമാണത്തിന് ഈ ഇലക‌്ട്രോഡ്‌ ഉപയോഗിച്ചാൽ സോളാർ സെല്ലിന്റെ വില ഗണ്യമായി കുറയ‌്ക്കാനും, കമ്പ്യൂട്ടറുകളിലും മറ്റ് ഇലക‌്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ലിതിയം സൾഫർ ബാറ്ററിയുടെ  ആയുസ്സും ക്ഷമതയും കൂട്ടാനുമാകും.

കുസാറ്റ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെകൂടി സഹകരണത്തോടെയാണ്  പരീക്ഷണങ്ങൾ പൂർത്തീകരിച്ചത്. ഗവേഷണ പ്രവർത്തനങ്ങളിൽ  പ്രൊഫ. ജയലക്ഷ്മി, പ്രൊഫ. ആനന്ദൻ,  ഗവേഷകരായ ജെസ്ന, മനോജ്, നീരജ്, കുരിയാസ് എന്നിവരും പങ്കാളികളായി. 50,000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് കൊല്ലത്ത് നടന്ന ശാസ്ത്ര കോൺഗ്രസിൽ പ്രൊഫ. ജയരാജ് മുഖ്യമന്ത്രിയിൽനിന്ന‌് ഏറ്റുവാങ്ങി.  25 വർഷമായി തിൻ ഫിലിം മേഖലയിൽ ഗവേഷണം നടത്തുന്ന ജയരാജ‌് കുസാറ്റ‌് സിൻഡിക്കറ്റ‌് അംഗവുമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top