26 April Friday

ചന്ദ്രനിൽ ‘ഗണിത പർവത’വും

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

ആദ്യമായി ഒരു വനിത ചന്ദ്രനിൽ കാൽകുത്താനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്‌. അതിനിടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഒരു പർവതത്തിന്‌ ഒരു വനിതയുടെ പേരിട്ട്‌ ശാസ്‌ത്രലോകം. അറുപതുകളിൽ നാസാ ദൗത്യങ്ങളുടെ ‘കണക്കുകൂട്ടലുകൾ’ക്ക്‌ നേതൃത്വം നൽകിയ മെൽബ റോയ്‌ മൗട്ടന്റെ പേരിലാണ്‌ ഇനി പർവതം അറിയപ്പെടുക. മോൺസ്‌ മൗട്ടൻ എന്ന പേരിലുള്ള പർവതവും സമീപപ്രദേശങ്ങളും മനുഷ്യദൗത്യങ്ങൾക്ക്‌ സുരക്ഷിതമേഖലയാണ്‌. രണ്ടു വർഷത്തിനുള്ളിൽ ഒരു വനിതയടക്കമുള്ളവരെ ചന്ദ്രനിൽ ഇറക്കുന്ന  ആർട്ടിമസ്‌ ദൗത്യത്തിനായി നിശ്ചയിച്ചിരിക്കുന്ന 13 മേഖലകളിൽ ഒന്നാണ്‌ ഇതെന്ന പ്രത്യേകതയുമുണ്ട്‌.

കോടാനുകോടി വർഷംമുമ്പ്‌ രൂപപ്പെട്ട പർവതവും സമതലവും ഗർത്തവും  ചേർന്ന മേഖല. സൂര്യപ്രകാശം അധികം കടന്നുചെല്ലാത്ത മേഖല പ്രപഞ്ചരഹസ്യങ്ങളുടെ കലവറയാണ്‌ എന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. 1959ൽ നാസയിൽ ചേർന്ന മെൽബ റോയ്‌ മൗട്ടന്റ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ ചാന്ദ്രപർവതത്തിന്‌ അവരുടെ പേരുനൽകിയത്‌. അറുപതുകളിൽ നാസയുടെ ‘മനുഷ്യ കംപ്യൂട്ടർ’ ഗ്രൂപ്പിന്റെ മുഖ്യ ചുമതലക്കാരി ആയിരുന്നു അവർ. അക്കാലത്ത്‌ വിക്ഷേപിച്ച ഉപഗ്രഹങ്ങളെ കൃത്യമായി ട്രാക്ക്‌ ചെയ്യുന്നതിനുള്ള ടൈംടേബിൾ തയ്യാറാക്കി ഈ ഗണിതശാസ്‌ത്രജ്ഞ. ഇത്തരം കൃത്യമായ കണക്കുകൂട്ടലുകൾ ആദ്യമായിരുന്നു. തുടർന്ന്‌ ബഹിരാകാശ പേടകങ്ങളുടെ സ്ഥാനങ്ങളും പാതകളും കണക്കാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക കംപ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കി.

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ അപ്പോളോ 11 പദ്ധതിയിൽ ഈ പ്രോഗ്രാമുകൾ നിർണായകമായി. ഉപഗ്രഹ സഞ്ചാരപഥം നിർണയിക്കുന്ന മേഖലയിൽ വലിയ വഴിത്തിരിവായി മെൽബയുടെ ഗണിതരീതികൾ. മിഷൻ ആൻഡ് ട്രജക്ടറി അനാലിസിസ് ഡിവിഷൻ ഹെഡ് പ്രോഗ്രാമർ,  ട്രാജക്ടറി ആൻഡ് ജിയോഡൈനാമിക്‌സ് ഡിവിഷൻ അസിസ്റ്റന്റ് ചീഫ്‌ തുടങ്ങിയ നിലകളിൽ അവർ പ്രവർത്തിച്ചു. 1973ൽ നാസയിൽനിന്ന്‌ വിരമിച്ചു. 1990ൽ അന്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top