28 March Thursday

ജിയോ സൗജന്യ കോൾ അവസാനിപ്പിച്ചു; മറ്റ്‌ നെറ്റ്‌വർക്കുകളിലേക്ക്‌ മിനുട്ടിന്‌ ആറ്‌ പൈസ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ നല്‍കണമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ കമ്പനി സൗജന്യമായി തുടരും. ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണിത്‌.

ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് കമ്പനി നല്‍കിവരുന്ന ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്)യിലുണ്ടായ നഷ്ടം നികത്താനാണ് ജിയോയുടെ പുതിയ നീക്കം. 2017ല്‍ ട്രായ് ഐയുസി മിനുട്ടിന് 14 പൈസയില്‍നിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയില്‍ ഇത് പൂര്‍ണമായി അവസാനിപ്പിക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

ഔട്ട് ഗോയിങ് കോളുകള്‍ക്കുമാത്രമാണ് പുതിയ നിരക്ക് ബാധകമാവുക. ഇന്‍കമിങ് കോളുകള്‍ സൗജന്യമായി തുടരും. വോയ്‌സ് കോളുകള്‍ക്ക് പണം നഷ്ടപ്പെടുമെങ്കിലും ഇതിന് തുല്യമായ സൗജന്യ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും ജിയോ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വോയ്‌സ് കോളുകള്‍ക്കും ലാന്‍ഡ് ലൈനുകളിലേക്കുള്ള കോളുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാവില്ല. വോയ്‌സ് കോളുകള്‍ക്കായി കമ്പനി പുതിയ ടോപ്അപ് വൗച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 10 രൂപയിലാണ് ടോപ്അപ് വൗച്ചര്‍ തുടങ്ങുന്നത്.

പുതിയ ടോപ്അപ് വൗച്ചറുകള്‍
 

  •   10 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 124 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 1 ജിബി ഡാറ്റയും ഉപയോക്താവിന് ലഭിക്കും.
  •   20 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 249 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.
  •   50 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 656 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 5 ജിബി ഡാറ്റ ലഭിക്കും.
  •   100 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് - ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 1362 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 10 ജിബി ഡാറ്റയും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top