29 March Friday

വിസ്മയം പുതിയ ഐസ്‌ രൂപം

സീമ ശ്രീലയംUpdated: Sunday Feb 26, 2023

ഭൂമിയിൽ ഇതുവരെകാണപ്പെടാത്ത, എന്നാൽ വിദൂര  ഗ്രഹങ്ങളിൽ കാണപ്പെടാൻ സാധ്യതയുള്ള ഒരു പുതിയതരം ഐസ്‌ നിർമിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്‌ യൂണിവേഴ്സിറ്റികോളേജ്‌ ഓഫ്‌ ലണ്ടനിലെ ഗവേഷകർ. മീഡിയം ഡെൻസിറ്റി അമോർഫസ്  ഐസ് (MDA) എന്നു വിളിക്കുന്ന ഈ പുതിയ മഞ്ഞ്‌ കട്ടിയുടെ സ്വഭാവം  നമുക്ക്‌ സുപരിചിതമായ ഐസിൽനിന്ന്‌ ഏറെ വ്യത്യസ്‌തം. വെളുത്ത നേർത്ത പൊടി രൂപമാണ് ഈ ഐസിന്. അലക്സാണ്ടർ റോസുഫിൻസണിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം ഗവേഷകരുടെ ഈ കണ്ടെത്തൽ  ശാസ്‌ത്രലോകം ചർച്ച ചെയ്യുകയാണ്‌.

ഐസ്- പരലും  അമോർഫസും -


ജലം ഉറഞ്ഞുണ്ടാകുന്ന, നമുക്ക് പരിചിതമായ ഐസിന്‌ നിയതമായ  ഒരുക്രിസ്റ്റൽ ഘടന(പരൽ ഘടന) ഉണ്ട്. ഇതിന്റെ  സാന്ദ്രത ജലത്തേക്കാൾ കുറവുമാണ്. മർദം, ജലമുറയുന്ന വേഗത എന്നിവയയിലെ  വ്യത്യാസത്തിന്‌ അനുസരിച്ച് ഏതാണ്ട്‌ രണ്ട്‌ ഡസനോളം വ്യത്യസ്ത പരൽ ഘടനയുള്ള ഐസും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പരൽ ഘടനയുള്ള ഖരവസ്തുക്കളിൽ ഘടകകണങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കുകയും അത്‌ ത്രിമാനതലത്തിൽ ആവർത്തിക്കുകയുംചെയ്യും. സമാന രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരലിൽ മുഴുവൻ ആവർത്തിച്ച് കാണാൻ കഴിയുന്ന ദീർഘപരിധിക്രമവും ഇവയുടെ സവിശേഷതയാണ്. എന്നാൽ ഇപ്പോൾ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്നത്  ഇടത്തരം സാന്ദ്രതയുള്ള അമോർഫസ്  ഐസിനെയാണ്‌. നിശ്ചിതമായ പരൽ ഘടനയില്ലാത്തതും ക്രമരഹിതമായ ആകൃതിയുള്ളതുമായ പദാർഥമാണിത്. ഇതിൽ ഘടകകണങ്ങൾക്ക് ഹ്രസ്വപരിധിക്രമം മാത്രമേയുള്ളൂ. ദ്രാവകങ്ങളുടേതിന്‌ സമാനമാണ് അമോർഫസ്  ഐസിന്റെഘടന.

പുതിയ പരീക്ഷണം


സാധാരണ ഐസിനെ ബോൾ മില്ലിങ് (ball milling)  പ്രക്രിയക്ക്‌ വിധേയമാക്കുക എന്നതായിരുന്നു  പരീക്ഷണത്തിന്റെ  ആദ്യപടി. വ്യവസായശാലകളിൽ പദാർഥങ്ങൾ നന്നായി പൊടിക്കാനോ  കൂട്ടിക്കലർത്താനോ ആണ്‌ ബോൾ  മില്ലിങ്പ്രക്രിയ ഉപയോഗിക്കുന്നത്. അതിനുശേഷം സൂപ്പർ ഡ്യൂപ്പർ ‘കോക്ക്ടെയ്ൽ ഷേക്കർ’ എന്ന്ഗവേഷകർ വിശേഷിപ്പിക്കുന്ന ചെറിയ ഉപകരണത്തിൽ പൊടിയാക്കിയ ഐസും ചെറിയസ്റ്റീൽ ബോളുകളും എടുത്ത് മൈനസ് 200 ഡിഗ്രിസെൽഷ്യസ്‌ താപനിലയിൽ സെക്കൻഡിൽ  ഇരുപത് എന്ന തോതിൽ അതിവേഗം കുലുക്കി. അപ്പോൾ സ്റ്റീൽ ബോളുകൾ സാധാരണ ഐസിൽ ഷിയർ ഫോഴ്സ്  ഉളവാക്കുകയും അതിന്റെ പരൽ ഘടന ഇല്ലാതായി,  വെളുപ്പുനിറത്തിൽ നേർത്തപൊടി രൂപത്തിലുള്ള എംഡിഎ എന്ന പുതിയ ഐസ്‌ രൂപം കൊണ്ടു. കേംബ്രിഡ്‌ജ്  സർവകലാശാലാ ഗവേഷകരും സമാനമായ കണ്ടെത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.  എക്സ്റേ ഡിഫ്രാക്ഷൻ പഠനങ്ങളിലൂടെ ഈ പുതിയ ഐസിന് ക്രമരഹിതമായ ഘടനയാണുള്ളതെന്നും ഇതിന്റെ സാന്ദ്രത ജലത്തിന്റേതിനു സമാനമാണെന്നും ഗവേഷകർ കണ്ടെത്തി.

അമോർഫസ്  ഐസ്‌ വേറെയും -


രണ്ടുതരം അമോർഫസ്ഐസ് കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ കണ്ടുപിടിച്ചിരുന്നു. ജലബാഷ്പം മൈനസ് 150 ഡിഗ്രിസെൽഷ്യസിലും കുറഞ്ഞ താപനിലയിൽ തണുപ്പേറിയ ഒരു പ്രതലത്തിൽ ഉറയുമ്പോഴാണ് സാന്ദ്രതകുറഞ്ഞ അമോർഫസ്‌  ഐസ്‌ രൂപംകൊള്ളുന്നത്. എന്നാൽ ഏതാണ്ട് ഇതേ താപനിലയിൽ സാധാരണ ഐസിൽ ഉയർന്നമർദം പ്രയോഗിക്കുമ്പോഴാകട്ടെ ഉയർന്ന സാന്ദ്രതയുള്ള അമോർഫസ് ഐസ്‌ രൂപം കൊള്ളുകയും ചെയ്യും.
ബഹിരാകാശത്ത്  ധൂളീപടലങ്ങളിൽ ഐസ് ഖനീഭവിക്കുമ്പോൾ സാന്ദ്രതകുറഞ്ഞ അമോർഫസ് ഐസ്‌ ധാരാളമായി രൂപംകൊള്ളുന്നുണ്ട് എന്നും വാൽനക്ഷത്രങ്ങൾ സാന്ദ്രതകുറഞ്ഞ അമോർഫസ്ഐസിന്റെ ഒരു കൂമ്പാരമാണെന്നും യൂണിവേഴ്സിറ്റി കോളേജ്‌ ഓഫ്‌ ലണ്ടനിലെ ഗവേഷകനായ ക്രിസ്റ്റഫ്സാൽസ്മാൻ പറയുന്നു.

ജലം: അറിയാൻ ഇനിയുമേറെ -


ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനടിസ്ഥാനമായ  ജലത്തിന്റെ പല വിസ്മയങ്ങളും നമുക്കിപ്പോഴും അജ്ഞാതമാണെന്നും ജലത്തെക്കുറിച്ചറിയാൻ ഇനിയുമേറെയുമുണ്ടെന്ന്‌ തിരിച്ചറിവാണ്‌ പുതിയ ഗവേഷണങ്ങൾ നൽകുന്നത്‌.
ഹൈഡെൻസിറ്റി അമോർഫസ്‌ ഐസിനും ലോഡെൻസിറ്റി അമോർഫസ്‌ ഐസിനും ഇടയിലുള്ള വിടവാണ് പുതിയ ഐസിന്റെ കണ്ടുപിടിത്തത്തിലൂടെ നികത്തിയിരിക്കുന്നത്. ഐസ്ഗവേഷണത്തിൽ നിർണായകവഴിത്തിരിവാണിതെന്ന് ഗവേഷകർ പറയുന്നു. അസാധാരണ സാഹചര്യങ്ങളിൽ ജലംഎങ്ങനെയൊക്കെ പെരുമാറുന്നു എന്നതിനെക്കുറിച്ച്‌ അറിയാൻ ഇനിയുമുണ്ടെന്നർഥം.

യൂറോപ്പയിലും എൻസിലാഡസിലും ഉണ്ടോ


ഭൗമേതരജീവൻ തേടുന്ന ഗവേഷണങ്ങളിലും മഞ്ഞുനിറഞ്ഞ വിദൂര  ഗ്രഹങ്ങളുടെ ഘടനയും ഉത്ഭവ, പരിണാമവഴികളും തിരയുന്ന ഗവേഷണങ്ങളിലും നൂതനസാധ്യതകളുടെ വാതിൽ തുറക്കുന്നുണ്ട് മീഡിയം ഡെൻസിറ്റി അമോർഫസ്  ഐസിന്റെ കണ്ടെത്തൽ. സൗരയൂഥത്തിലെ മഞ്ഞുനിറഞ്ഞ ഗ്രഹങ്ങളിൽ ഇത്തരം ഐസ്‌ ഉണ്ടായേക്കാം എന്നതിലേക്കാണ്‌  ഈ നേട്ടംവിരൽ ചൂണ്ടുന്നത്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസിലാഡസ്  എന്നിവയിൽ മഞ്ഞുനിറഞ്ഞ ഉപരിതലമാണുള്ളത്. ബോൾമില്ലിങ് പ്രക്രിയയിൽ ഐസ്‌ പരലുകൾ  സ്റ്റീൽ ബോളുകളുമായി  കൂട്ടിയിടിക്കുമ്പോൾ അതിൽ അനുഭവപ്പെട്ട ബലത്തിനു സമാനമായബലം ഏതെങ്കിലും ആകാശഗോളങ്ങളിലെ ഐസിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവിടെ ഇത്തരം ഐസ്‌ രൂപം കൊള്ളാനുള്ള സാധ്യതകൂടുതലാണ്‌.
 യൂറോപ്പയിലും എൻസിലാഡസിലും മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ ദ്രാവക സമുദ്രമുണ്ടായേക്കാം എന്ന സൂചന ലഭിച്ചിട്ടുണ്ട്.  ഈ ഉപഗ്രഹങ്ങളിൽ ടൈഡൽ ഫോർസിന്റെയോ മറ്റോ സ്വാധീനത്തിൽ ഐസ്‌ പാളികൾ  തമ്മിലുരസിയാൽ മീഡിയം ഡെൻസിറ്റി അമോർഫസ്‌ ഐസ്‌ രൂപംകൊള്ളാൻ സാധ്യത ഏറെയാണെന്നാണ് ഗവേഷകരുടെ അനുമാനം. അതുകൊണ്ടു തന്നെ വിദൂര ഗ്രഹ, ഉപഗ്രഹങ്ങളിൽ പുതിയതരം അമോർഫസ് ഐസ്‌ തേടുന്ന ഗവേഷണങ്ങൾ നാമിനിയുമറിയാത്ത രഹസ്യങ്ങൾ ചുരുൾ നിവർത്തുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top