27 April Saturday

ഹോബി മാത്രമല്ല ഹാം റേഡിയോ

സജി കെ ജോര്‍ജ്‌Updated: Sunday Mar 12, 2023

,ഹാം റേഡിയോ സ്‌റ്റേഷന്‍

ലൈസൻസ് ആവശ്യമുള്ള ഹോബിയാണ്‌ ഹാം റേഡിയോ. മറ്റൊരു വാർത്താവിനിമയ സംവിധാനത്തിന്റെയും സഹായമില്ലാതെ  ഒന്നോ അതിലധികമോ വ്യത്യസ്ത സ്ഥലങ്ങളിലോ രാജ്യങ്ങളിലോ ഉള്ള ആളുകളുമായി ഒരേസമയം  ആശയവിനിമയം നടത്താൻ കഴിയുന്ന സംവിധാനമാണിത്‌. ലോകത്താകമാനം അരക്കോടിയിലധികം പേരാണ്‌ ഇതിന്‌ ലൈസൻസുള്ളവർ. വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം കൂടാതെ അടിയന്തര സന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ഫ്രീക്വൻസി ഉപയോഗിച്ച്  സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോസന്ദേശ വിനിമയത്തെയാണ് ഹാം റേഡിയോ  അഥവാ ‘അമച്ച്വർ റേഡിയോ' എന്ന് പറയുന്നത്. ഭൂകമ്പം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തഘട്ടങ്ങളിൽ  ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ  ഹാംറേഡിയോ സംവിധാനം ഏറെ സഹായകരമാണ്‌.


ഹാംറേഡിയോ ഉപയോഗിച്ച്‌  ആശയവിനിമയം നടത്തുന്നവരെ ‘ഹാം' എന്ന്അറിയപ്പെടുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള ഒരു ഹോബിയും കൂടിയാണിത്. ‘ഹോബികളുടെ രാജാവ്' എന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ലോകവ്യാപകമായി 50 ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ ഉപയോഗിക്കുന്നുണ്ട്‌. ഇവരിൽ ആരോടും സൗജന്യമായി സംസാരിക്കാൻ ഹാംറേഡിയോ ഉപയോഗിക്കാം
|
ലൈസൻസ്‌


ഒരുറേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് അതത്‌ രാജ്യത്തെ സർക്കാരിന്റെ ലൈസൻസ് ആവശ്യമാണ്. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിറ്റാണ് (ITU) ലോകവ്യാപകമായി ഹാംറേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ്‌ പ്ലാനിങ്‌ ആൻഡ്‌ കോ ഓർഡിനേഷൻ വിങ്‌ (WPC) ആണ് ഇന്ത്യയിലെ ഹാംറേഡിയോ ലൈസൻസ് നൽകാൻ ചുമതലപ്പെട്ട അതോറിറ്റി. രണ്ടുതരം ലൈസൻസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ജനറൽഗ്രേഡും റെസ്ട്രിക്ടഡ് ഗ്രേഡും.  ജനറൽഗ്രേഡ് ലൈസൻസ് കരസ്ഥമാക്കുന്നവർക്ക് കൂടുതൽ പവറിലുള്ള ട്രാൻസ്മിറ്ററുകൾ ഉപയോഗിക്കാനും  മോഡുകൾ കൈകാര്യം ചെയ്യാനും അനുമതിയുണ്ട്‌.

റെസ്ട്രിക്ടഡ് ഗ്രേഡ്‌ ലൈസൻസ് ലഭിക്കുന്നതിന്  വയർലെസ്‌ പ്ലാനിങ്‌ ആൻഡ്‌ കോ ഓർഡിനേഷൻ വിങ്‌ നടത്തുന്ന പരീക്ഷ എഴുതണം. പരീക്ഷയ്‌ക്ക്‌  50 ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതണം.  എന്നാൽ, ജനറൽ ഗ്രേഡ്‌  ലൈസൻസ് ലഭിക്കുന്നതിന് 100 ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകേണ്ടതുണ്ട്.  കൂടാതെ മോഴ്‌സ്‌ കോഡ്‌  കൂടി അറിഞ്ഞിരിക്കണം. ഡോട്ടുകളും ഡാഷുകളും രണ്ട് വ്യത്യസ്ത സിഗ്നൽദൈർഘ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന രീതിയാണ്‌ മോഴ്‌സ്‌ കോഡ്  എന്നതുകൊണ്ട്  അർഥമാക്കുന്നത്. ഒരു മിനിറ്റിൽ എട്ട്‌ വാക്ക്‌ എഴുതി എടുക്കാനും സന്ദേശമായി മോഴ്സ് കീ വഴി അയക്കാനും പഠിച്ചിരിക്കണം.

കടമ്പകളേറെ


പന്ത്രണ്ടു വയസ്സിന് മുകളിലുള്ള ഏതൊരാൾക്കും  പരിക്ഷ എഴുതാം. പരീക്ഷ ജയിച്ചാൽ  ലൈസൻസിന് അപേക്ഷിക്കാം. ബേസിക്  ഇലക്ട്രോണിക്സ് (റേഡിയോ തിയറി ആൻഡ്‌ പ്രാക്ടീസ്), ഇന്ത്യൻ ടെലിഗ്രാഫ്റൂൾസ്ആൻഡ്‌ റെഗുലേഷൻസ്, ആശയ വിനിമയത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ തുടങ്ങിയവ  ഉൾപ്പെട്ടതാണ്  സിലബസ്‌. രണ്ടുതരം ലൈൻസിനും വേണ്ടിയുള്ള പരീക്ഷയ്ക്ക് 100 രൂപ വീതമാണ് ഫീസ്.  പരീക്ഷ ജയിച്ചുകഴിഞ്ഞാൽ ലൈസൻസ് ഫീസായി 20 വർഷത്തേക്ക് 1000 രൂപയും ലൈഫ്ടൈമായി 2000 രൂപയുംഅടയ്ക്കണം.  ലൈഫ്ടൈം എന്നതുക്കൊണ്ട് ഉദ്ദേശിക്കന്നത് 80 വയസ്സുവരെയാണ്.  അതിനുശേഷം ലൈസൻസ് ഫീസ് നൽകേണ്ടതില്ല.  അപേക്ഷയും ലൈസൻസും ഫീസ്അടയ്ക്കലുമെല്ലാം ഓൺലൈൻ വഴി ആണ്‌ .

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിൽ വിവിധ സ്ഥലങ്ങളിലായി ഇന്ത്യയിൽ 27 വയർലെസ്‌ മോണിറ്ററിങ്‌ സ്‌റ്റേഷനുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഹാംറേഡിയോ ഓപ്പറേറ്റർമാരുടെയടക്കം എല്ലാവയർലെസ്‌ സന്ദേശങ്ങളും ഇവിടെ നിരീക്ഷിക്കും.  കേരളത്തിലെ ഏക മോണറ്ററിങ്‌  സ്റ്റേഷൻ തിരുവനന്തപുരത്താണ്‌.  കൂടാതെ മംഗലാപുരത്തും മോണറ്ററിങ്‌ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.  ഇവിടെഎവിടെവേണമെങ്കിലും പരീക്ഷാ സെന്ററായി തെരഞ്ഞെടുക്കാം. കേരളത്തിൽ 12 മുതൽ 90 വയസ്സ്‌ വരെയുള്ള വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ ഹാമുകളായുണ്ട്.

ദുരന്തഭൂമിയിൽ ആശ്രയം

ഇലക്ട്രോണിക്സ്  ഡിജിറ്റൽ കമ്യൂണിക്കേഷൻ രംഗത്ത് കഴിവുകൾ നേടുക, രാജ്യത്തിന് അകത്തും പുറത്തുമായി മറ്റുഹാമുകളുമായി സൗഹൃദം സ്ഥാപിക്കുക, റേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുക,  പരീക്ഷണ ഫലങ്ങൾ കൈമാറുക, പ്രകൃതിദുരന്തങ്ങൾ പോലുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ ഫോൺ, ഇന്റർനെറ്റ്‌ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വാർത്താവിനിമയ സംവിധാനം ഏർപ്പെടുത്തുക എന്നിവയൊക്കെ ഹാമുകളുടെ പ്രവർത്തനത്തിൽപ്പെടുന്നു. ഭോപാൽദുരന്തം, ലത്തൂർ ഭൂകമ്പം, സുനാമി, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ ഹാംറേഡിയോ ആയിരുന്നു പ്രധാന ആശ്രയം. മഹാപ്രളയസമയത്ത് പതിനയ്യായിരത്തിലധികം  ദുരിതബാധിതരുടെ അടിയന്തര സന്ദേശങ്ങൾ ഹാം റേഡിയോ ഓപ്പറേറ്റർമാർ കൈകാര്യം ചെയ്‌തു.  കലക്ടറേറ്റുകളിൽ പ്രത്യേകമായി ഹാംറേഡിയോ സ്റ്റേഷനുകൾ സജ്ജീകരിച്ചു.

ഫ്രീക്വൻസികൾ


ഹാമുകൾക്ക്ആശയവിനിമയം നടത്തുന്നതിന് ബാൻഡുകൾ അനുവദിച്ചിട്ടുണ്ട്. പ്രധാനമായും ഹൈ ഫ്രീക്വൻസി, വെരി ഹൈ ഫ്രീക്വൻസി, അൾട്രാ ഹൈ ഫ്രീക്വൻസി എന്നീ  ഫ്രീക്വൻസികളാണ് ഉപയോഗിക്കുന്നത്.  ഹാംറേഡിയോ ക്ലബ്ബും സൊസൈറ്റികളും നിരവധി സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്നു.  കേരളത്തിൽ 15 ക്ലബ്‌ നിലവിലുണ്ട്. പുതിയതായി ഈ ഹോബിയിൽ തൽപ്പരരായവരെ സഹായിക്കുന്നതിനും ലൈസൻസ് എടുക്കുന്നതിനും ഇത്തരം ക്ലബ്ബുകളുടെ സഹായം ലഭിക്കും.
വാക്കി ടോക്കികൾ ഉപയോഗിച്ചാണ്‌ ഹാമുകളും ആശയവിനിമയം നടത്തുന്നത്‌. ആവശ്യമായ  ഫ്രീക്വൻസികൾ ഹാംറേഡിയോ ഓപ്പറേറ്റർമാർക്കും പ്രത്യേകം അനുവദിച്ചിട്ടുണ്ട്.  ഹാംറേഡിയോ  സന്ദേശങ്ങൾ കൈമാറുന്നതിനായി 18 കൃത്രിമ ഉപഗ്രഹമുണ്ട്‌.  

(റേഡിയോ  അമച്ച്വർ സൊസൈറ്റി ഒാഫ്‌
അനന്തപുരിയുടെ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top