26 April Friday

ഗഗൻയാൻ പേടകം റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Feb 26, 2023

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതിനുള്ള ഐഎസ്‌ആർഒ പദ്ധതിക്കുള്ള പേടകം തയ്യാറായി. ആളില്ലാ പരീക്ഷണ ദൗത്യം ഈവർഷം പകുതിയോടെ നടക്കും. ഗഗൻയാൻ പദ്ധതിക്കായുള്ള ഫുൾസൈസ്‌ സിമുലേറ്റഡ്‌ ക്രൂമോഡ്യൂളാണ്‌  (SCM) തയ്യാറാക്കിയിരിക്കുന്നത്‌. പത്തടി വ്യാസവും ഒമ്പത്‌ അടി ഉയരവും നാല്‌ ടൺ ഭാരവുമുള്ള പേടകമാണിത്‌. മൂന്ന്‌ ബഹിരാകാശയാത്രികർക്ക്‌ ഇരിക്കുന്നതിനുള്ള സൗകര്യമുണ്ട്‌.

സുരക്ഷ ഉറപ്പാക്കാൻ ആധുനികമായ ഇരട്ട ചട്ടയാണുള്ളത്‌.  അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള അബോർട്ട്‌ സംവിധാനങ്ങളും സുരക്ഷിതമായി ഗഗനചാരികൾക്ക്‌ ഇറങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാമുണ്ട്‌. മൂന്ന്‌ പാരച്യൂട്ടും. ശബ്ദത്തിന്റെ വേഗത്തിലും അതിനു മുകളിലുമുള്ള വേഗതയ്‌ക്കും മധ്യേ പേടകത്തെ എത്തിച്ച്‌ പരീക്ഷണം നടത്തുകയാകും ആദ്യം ചെയ്യുക. ശ്രീഹരിക്കോട്ടയിൽനിന്നാകും പരീക്ഷണപ്പറക്കൽ. ക്രൂമോഡ്യൂളിന്റെയും രക്ഷാസംവിധാനത്തിന്റെയും ക്ഷമതാ പരിശോധനയാകും നടത്തുക. കടലിൽ പതിക്കുന്ന പേടകത്തെ വീണ്ടെടുത്ത്‌ നിരീക്ഷിക്കും. ഇത്തരത്തിലുള്ള രണ്ട്‌ പരീക്ഷണപ്പറക്കലുകൾക്കുശേഷം പേടകത്തിൽ മതിയായ മാറ്റങ്ങൾ വരുത്തിയാകും അന്തിമ തീരുമാനം.

തിരുവനന്തപുരം വിഎസ്‌എസ്‌സിയാണ്‌  ക്രൂമോഡ്യൂളും അനുബന്ധ സംവിധാനങ്ങളും രൂപകൽപ്പന ചെയ്‌തത്‌. ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻനായരുടെ നേതൃത്വത്തിലായിരുന്നു ഇത്‌. രണ്ട്‌ വർഷത്തിനകം മൂന്നുപേരെ ബഹിരാകാശത്തേക്ക്‌ അയക്കാനാണ്‌ ഐഎസ്‌ആർഒ പദ്ധതി. ഇതിനായി തെരഞ്ഞെടുത്തവരുടെ പരിശീലനം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top