27 April Saturday

ഫേസ്‌ബുക്ക്‌ ഈ വർഷം നീക്കം ചെയ്‌തത്‌ 5.2 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂയോര്‍ക്ക് > ഫേസ്ബുക്ക് ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. 2018ല്‍ ഇത് 2 ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

അതേ സമയം 2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജവിവരങ്ങളുടെയും വാര്‍ത്തകളുടെയും ഒരു സുനാമി തന്നെ പ്രതീക്ഷിക്കാം എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് മുന്നില്‍ കണ്ടുകൂടിയാണ് ഫേസ്ബുക്കിന്റെ വലിയ ഫേക്ക് അക്കൗണ്ട് വേട്ട എന്നാണ് സൂചന.

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഫേസ്ബുക്ക്. മാര്‍ച്ചുവരെയുള്ള ഈകൊല്ലത്തെ ആദ്യപാദത്തില്‍ ഫേസ്ബുക്ക് 2 ബില്ല്യണ്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തില്‍ ഇത് 1.5 ബില്ല്യണ്‍ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 1.7 ബില്ല്യണ്‍ അക്കൗണ്ടുകളായി.

അതേ സമയം ഈ വിഷയത്തില്‍ സിഎന്‍എന്‍ ടെലിവിഷനോട് പ്രതികരിച്ച ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇത്രയും വലിയ തോതില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു എന്നത്, അത്രയും വലിയ തോതില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും. എങ്ങനെ ഇത്രയും വ്യാജ അക്കൗണ്ടുകള്‍ നീ്ക്കം ചെയ്യപ്പെട്ടു എന്നതില്‍ ഒരു അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു.

അതേ സമയം ഉപയോക്താക്കള്‍ ഒരു മോശം കണ്ടന്‍റ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ തന്നെ ഞങ്ങളുടെ സംവിധാനം ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കുന്ന രീതി കഴിഞ്ഞ രണ്ട് കൊല്ലമായി ഞങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്നതാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പ്രതികരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top