19 April Friday

ലൈറ്റ് തെളിയും, അലാറം മുഴക്കും ഭാഗ്യരാജിന്റെ ടെസ്റ്റർ പേന

സി ജെ ഹരികുമാർUpdated: Wednesday Jun 13, 2018

പത്തനംതിട്ട > വൈദ്യുതിപ്രവാഹത്തിന് അടുത്തെത്തിയാൽ മതി ഭാഗ്യരാജിന്റെ പേനയിലെ ബൾബ് തെളിയും ഒപ്പം അലാറം മുഴങ്ങും. സമീപത്തെ വൈദ്യുതി പ്രവാഹം മുൻകൂട്ടി മനസിലാക്കി അപകടങ്ങൾ ഒഴിവാക്കാൻ സഹായകമാകുകയാണ് പത്തനംതിട്ട സ്വദേശി ഭാഗ്യരാജിന്റെ പേനയിൽ ഘടിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഡിറ്റക്ടർ എന്ന പെൻ ടെസ്റ്റർ. ഒരേ സമയം പേനയായും വൈദ്യുതി പ്രവാഹം കണ്ടെത്താനുള്ള ടെസ്റ്ററായും ഡിറ്റക്ടർ ഉപയോഗിക്കാം.

ഭാഗ്യരാജ്‌ തന്റെ ടെസ്റ്റർ പേനയുമായി

ഭാഗ്യരാജ്‌ തന്റെ ടെസ്റ്റർ പേനയുമായി

വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്ഥാപിക്കുന്ന വൈദ്യുതവേലിയിൽ നിന്ന് മനുഷ്യർക്ക് ഷോക്കേൽക്കുന്നതും പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേൽക്കുന്നതും പേന കൈയിലുണ്ടെങ്കിൽ ഒഴിവാക്കാം. കൂടാതെ, പൈപ്പിനുള്ളിലൂടെയുള്ള വയറിങ്ങാണെങ്കിൽ പോലും വൈദ്യുതി സാന്നിധ്യം അറിയാം. ലൈൻമാൻമാർക്ക് പോസ്റ്റിൽ കയറുംമുമ്പ് ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഡിറ്റക്ടറും ഭാഗ്യരാജ് നിർമിച്ചിട്ടുണ്ട്.

വൈദ്യുതി സാന്നിധ്യമുള്ളിടത്തു നിന്ന് പുറത്തുവരുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ പേനയുടെ നിബ് ഉപയോഗിച്ച് പിടിച്ചെടുത്ത് അതിസൂക്ഷ്മ സർക്യൂട്ട് വഴി ശക്തിപെടുത്തി ബസർ ഉപയോഗിച്ച് ശബ്ദം പുറപ്പെടുവിക്കുന്നതാണ് ഭാഗ്യരാജിന്റെ കണ്ടുപിടിത്തം. സാധാരണ പേനയിൽ ഐസി ചിപ്പ് ഘടിപ്പിച്ചാണ് പെൻ ടെസ്റ്റർ നിർമിക്കുന്നത്. ഒരെണ്ണത്തിന് 100 മുതൽ 200 രൂപ വരെയാണ് ചെലവ്.

പത്തനംതിട്ട മുസലിയാർ കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജീനിയറിങ് ബിരുദം നേടിയ ഭാഗ്യരാജ് 2016 ൽ വൈദ്യുതി ബോർഡിൽ അപ്രന്റീസായിരുന്നിട്ടുണ്ട്. അക്കാലത്താണ് ലൈൻമാൻമാർക്കായി തറനിരപ്പിൽനിന്ന് വൈദ്യുതി പോസ്റ്റുകളിലെ വൈദ്യുതി പ്രവാഹം കണ്ടുപിടിക്കാവുന്ന ടെസ്റ്റർ നന്നായിരിക്കുമെന്ന ആശയം ഉദിച്ചത്. ഒന്നര വർഷത്തോളം നീണ്ട പരീക്ഷണം വിജയിച്ചതോടെ വിവിധ തരത്തിലുള്ള ഡിറ്റക്ടറുകൾ നിർമിച്ചു. മെയ് മാസത്തിൽ വയനാട്ടിൽ നടന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ ഭാഗ്യരാജിന്റെ ടെസ്റ്റർ പുരസ്ക്കാരം നേടിയിരുന്നു. 

കുമ്പഴ നെടുമനാൽ പ്രോഗ്രസീവ് വിദ്യാഭവനിൽ കരുണാകരൻ‐   രമ ദമ്പതികളുടെ ഏക മകനായ ഭാഗ്യരാജ് ഇപ്പോൾ പത്തനംതിട്ട ശുചിത്വമിഷനിൽ സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് ഫീൽഡ് ക്യാമ്പയിൻ കോ ഓർഡിനേറ്ററായി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നു. തന്റെ ഇലക്ട്രിസിറ്റി ഡിറ്റക്ടർ വ്യാവസായികമായി നിർമിക്കാൻ തയ്യാറെടുക്കുകയാണ് ഭാഗ്യരാജ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top