18 April Thursday

പെട്രോൾ, ഡീസൽ കാർ 36 മണിക്കൂർ കൊണ്ട്‌ ഇലക്ട്രിക് ആക്കാം; മാജിക്‌ കിറ്റുമായി ഇ–ട്രിയോ

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019
കൊച്ചി > പ്രകൃതി വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത്‌ അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മുഴുവൻ മാറാനൊരുങ്ങുകയാണ്. പെട്രോൾ, ഡീസൽ വില സാധാരണക്കാരന്‌ താങ്ങാനാവാത്ത നിലയിലും. ഇന്ത്യയും ഇലക്ട്രിക്കിന്റെ പാതയിൽ തന്നെയാണെങ്കിലും വാഹനങ്ങളുടെ വിലയാണ് ആളുകളെ പിന്നോട്ട് വലിക്കുന്നത്. അന്തരീക്ഷ മലിനീകരണമെല്ലാം ശരിതന്നെ പക്ഷേ വലിയ സെഡാന്റെ വില കൊടുത്ത് ചെറിയ ഇലക്ട്രിക് കാർ വാങ്ങണോ എന്ന ചിന്ത എല്ലാവരിലുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തുകയാണ്‌ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇ ‐ ട്രിയോ എന്ന സ്റ്റാർട്ട്അപ്പ് കമ്പനി.
 
പെട്രോളിലോ ഡീസലിലോ ഓടുന്ന കാറുകളെ ഇലക്ട്രിക് ആക്കിമാറ്റുന്ന കിറ്റാണ് ഇട്രിയോ പുറത്തിറക്കുന്നത്. ഇത്തരത്തിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റ് സ്ഥാപിക്കാൻ രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ചതും ഇട്രിയോയ്ക്ക് തന്നെയെന്നാണ് കമ്പനി പറയുന്നത്‌. ‌നിലവിൽ മാരുതി ഓൾട്ടോ, ഡിസയർ, വാഗൺ ആർ എന്നീ കാറുകൾ ഇലക്ട്രിക് ആക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. വെറും 36 മണിക്കൂറുകൾകൊണ്ട് പഴയ കാറിനെ ഇലക്ട്രിക് ആക്കിമാറ്റാൻ സാധിക്കും. ഇതുകൂടാതെ പുതിയ കാറുകളും ഇലക്ട്രികായി ഇട്രിയോ വിൽക്കുന്നുണ്ട്. ഇലക്‌ട്രിക് കിറ്റിന് ഏകദേശം 3 ലക്ഷം രൂപ മുതലും പുതിയ കാറിന് ഏകദേശം 7.5 ലക്ഷം രൂപമുതലുമാണ് വില.
 
രണ്ടു തരത്തിലുള്ള കിറ്റുകളാണ് ഇട്രിയോ പുറത്തിറക്കുന്നത്. ഇവി 150 എന്ന കിറ്റിൽ 17.28kWh കപ്പാസിറ്റിയുള്ള ബാറ്ററിയും 10 kW കരുത്തുള്ള മോട്ടറുമാണ് ഉപയോഗിക്കുന്നത്. ഒറ്റചാർജിൽ 150 കിലോമീറ്റർ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവും. രണ്ടാമത്തെ പരമാവധി വേഗം 80 കിലോമീറ്റർ. ഇവി 180 എന്ന കിറ്റിൽ 17.8kWh കപ്പാസിറ്റിയുള്ള ബാറ്ററിയും 15 kW കരുത്തുള്ള മോട്ടറുമാണ് ഉപയോഗിക്കുന്നത്. ഒറ്റചാർജിൽ 180 കിലോമീറ്റർ വരെ വേഗം 80 കിലോമീറ്റർ. ഇതുകൂടാതെ മണിക്കൂറില്‍ 25 കിലോമീറ്റർ വരെ വേഗത്തിലൊടുന്ന ഇ സൈക്കിളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർ‌ദ്ധിപ്പിക്കാനായി രാജ്യത്താകമാനം ഫ്രാഞ്ചൈസികൾ നൽകാനും ഇ‐ട്രിയോയ്ക്ക് പദ്ധതിയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top