29 November Wednesday

വ്യത്യസ്‌ത ആശയങ്ങളുമായി കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനിയറിങിൽ ടെക്‌നിക്കൽ ഫെസ്റ്റ‌്

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

കൊച്ചി> കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനിയറിങ് ടെക്‌നിക്കൽ ഫെസ്റ്റായ ധിഷണയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പിന്റെ സഹകരണത്തോടെ കളമശേരി കിൻഫ്രയിൽ നടന്ന മേക്ക് എ ടണിൽ വ്യത്യസ്ഥ ആശയങ്ങളുമായി എത്തിയത‌് നിരവധി വിദ്യാർത്ഥികളാണ‌്. തൊഴിലിടങ്ങളിലെ സുരക്ഷമുതൽ  പ്രളയം വരെ വിഷയമായി അവതരിച്ചപ്പോൾ ഒരുപിടി ആശയങ്ങളാണ‌് ഫെസ്റ്റിൽ ഉയർന്നുവന്നത‌്.

ഇത് ‘ചെറിയ’ ​ഗ്ലൗസല്ലകണ്ടാൽ സാധാരണ ഗ്ലൗസ്, കൈയിൽ ധരിച്ചാലോ...ശരീരത്തിന്റെ താപനിലയെന്തെന്നും അന്തരീക്ഷത്തിലെ ഈർപ്പമെത്രയെന്നും ഏതെല്ലാം വാതകങ്ങളുണ്ടെന്നും അതിന്റെ അളവെത്രയെന്നും അറിയാം. ഗ്ലൗസ് ധരിച്ചയാളുടെ സമീപത്ത് എന്തെല്ലാം വസ്തുക്കളുണ്ടെന്ന് ഇതിലെ സ‌്കാനറിലൂടെ  അറിയാനാകും. നിർമാണ–-മൈനിങ് മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യനിലയും സുരക്ഷിതത്വവും തൊഴിൽക്ഷമതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ (സിഇടി) നാലാംവർഷ വിദ്യാർഥികളായ ജി ഹരിഹരനും ബേസിൽ മത്തായിയുമാണ് ഈ ഓട്ടോമാറ്റിക‌് ഗ്ലൗസ് നിർമിച്ചത്. കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനിയറിങ് ടെക്‌നിക്കൽ ഫെസ്റ്റായ ധിഷണയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പിന്റെ സഹകരണത്തോടെ കളമശേരി കിൻഫ്രയിൽ നടന്ന മേക്ക് എ ടണിലാണ് വിദ്യാർഥികൾ തങ്ങളുടെ സ്രഷ്ടികളുമായി എത്തിയത‌്.


തൊഴിലിടങ്ങളിലെ അപകടാന്തരീക്ഷം മുൻകൂട്ടി അറിയാനും തൊഴിലാളികളെ സുരക്ഷിതമാക്കാനും ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധിക്കും. ഗ്ലൗസ് കണ്ടെത്തുന്ന വിവരങ്ങൾ കംപ്യൂട്ടറിലോ മൊബൈലിലോ ഇൻസ‌്റ്റാൾ ചെയ്ത ആപ്ലിക്കേഷനിലൂടെ യഥാസമയം അറിയാനാകും. വൈഫൈയേക്കാൾ കൂടുതൽ റേഞ്ചുള്ള ലോറ ഡിജിറ്റൽ വയർലെസ് ഡാറ്റ കമ്യൂണിക്കേഷനാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. വൈഫൈയിലൂടെ 100 മീറ്റർ അകലത്തിൽമാത്രമേ ഡാറ്റ നൽകാനാകൂ. എന്നാൽ, ലോറ ഉപയോഗിക്കുന്നതിലൂടെ പത്തു കിലോമീറ്ററിലധികം ദൂരത്തിലുള്ള ഡാറ്റ ലഭ്യമാകും. സ്‌കാനറടക്കം ഘടിപ്പിച്ചിരിക്കുന്ന ഈ ഗ്ലൗസിന് 1000 രൂപയാണ് നിർമാണച്ചെലവ്.  എന്നാൽ, 500 രൂപയ്ക്ക് വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമിക്കാനാകുമെന്ന് ഹരിഹരനും ബേസിലും പറഞ്ഞു.

ഇനി ആരും മുങ്ങിമരിക്കരുത് ‘ബോയ റിലീസിങ് ഡ്രോണ്‍' റെഡി‘‘ഇനിയൊരു പ്രളയം വന്നാൽ ആരും മുങ്ങിമരിക്കരുത്’’. പ്രളയത്തിൽ സുഹൃത്തിന്റെ അച്ഛൻ മരണമടഞ്ഞത് കണ്ണീരോടെ കണ്ട ആൽഫിനും ആഡ്രിനും അന്നേ അവർ മനസ്സിൽ കുറിച്ചു-. കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ആൽഫിൻ ഷാജോയും ആഡ്രിൻ സന്തോഷും ‘ബോയ റിലീസിങ് ഡ്രോൺ' എന്ന ആശയവുമായി മേക്ക് എ തോണിലെത്തിയത്. ആശയം അംഗീകരിക്കപ്പെട്ടതോടെ 24 മണിക്കൂറിനുള്ളിൽ ‘ബോയ റിലീസിങ് ഡ്രോൺ' നിർമിച്ചു.

അപകടത്തിൽപ്പെടുന്നയാൾക്ക് ജിപിഎസ് ഘടിപ്പിച്ച ഡ്രോണിലൂടെ ബോയ എത്തിച്ചുനൽകുന്ന സംവിധാനമാണിത്. ബോയ കൂടാതെ ഡ്രോണിൽ ക്യാമറയും സ്പീക്കറും ഘടിപ്പിച്ചിരിക്കും. ഇതിലൂടെ അപകടത്തിൽപ്പെട്ട ആളുമായി ആശയവിനിമയം നടത്താനും അയാളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കാനുമാകും. രക്ഷാപ്രവർത്തകരെത്തുന്നതിന് മുമ്പേ അപകടത്തിൽപ്പെട്ടയാൾക്ക് ആത്മവിശ്വാസം നൽകാനും സുരക്ഷിതമാക്കാനും ഈ ഡ്രോണിനാകും. പ്രളയത്തിൽ മാത്രമല്ല ബീച്ചിലുണ്ടാകുന്ന മുങ്ങിമരണങ്ങൾക്ക് തടയിടാനും ബോയ റിലീസിങ് ഡ്രോണിലൂടെ സാധിക്കും. ബീച്ച് സുരക്ഷയ്ക്കായി ഇത്തരം ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവാകുമെന്നാണ് ഇവരുടെ കണക്കൂകൂട്ടൽ.

അലൂമിനിയം ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. നിലവിൽ 5500 എംഎഎച്ച് ബാറ്ററിയിലാണ് പ്രവർത്തനം. രണ്ടര കിലോമീറ്റർ ദൂരം 10,000 രൂപ ചെലവിൽ നിർമിച്ച ഈ ഡ്രോണിന് സഞ്ചരിക്കാനാകും. എന്നാൽ, ഡ്രോണിന്റെ സഞ്ചാരദൂരം ഇനിയും കൂട്ടാനാകുമെന്നാണ് ആൽഫിന്റെയും ആഡ്രിന്റെയും ഉറപ്പ്. വ്യാവസായികമായി ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ ‘ബോയ റിലീസിങ് ഡ്രോണി’ന്റെ നിർമാണച്ചെലവ് ഇനിയും കുറയുമെന്നാണ് ഇവരുടെ പക്ഷം. കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനിയറിങ് ടെക്‌നിക്കൽ ഫെസ്റ്റായ ധീഷ്ണയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പിന്റെ സഹകരണത്തോടെ കളമശേരി കിൻഫ്രയിലാണ് മേക്ക് എ ടൺ സംഘടിപ്പിച്ചത്.

ഇനി കണ്ണ‌് വേണ്ട യാത്രയ‌്ക്ക‌്കാഴ്ചയില്ലെന്ന കാരണത്താൽ ഇനി യാത്ര ഒഴിവാക്കേണ്ട കാര്യമില്ല. നിങ്ങളെ സഹായിക്കാൻ ‘ബ്ലൈൻഡ് ഒബ്‌സ്റ്റക്കിൾ ഹെൽപ്പർ' തയ്യാറാണ്. കോതമംഗലം എംഎ കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികളായ സന്ദീപ് മോഹൻ വികാസ് ജോസ്, ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ഈ സംവിധാനമൊരുക്കിയത്.
കണ്ണടയിലും ബെൽറ്റിലും വാച്ചിലും ഘടിപ്പിക്കാവുന്ന സെൻസർ സംവിധാനമാണിത്. ഇതിലൂടെ മുന്നിലും പുറകിലും വശങ്ങളിലുമുള്ള തടസ്സങ്ങൾ തിരിച്ചറിയാനാകും. ഏതുവസ്തു എത്രദൂരത്തിലാണ് തടസ്സമുണ്ടാക്കുന്നതെന്നും അതിന്റെ വലിപ്പവും നീളവും ഉൾപ്പടെയുള്ള  വിവരം മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത ആപ്ലിക്കേഷനിൽ ടെക്സ്റ്റായെത്തും. ഇത് ശബ്ദമായി പുറത്തേക്ക് കേൾക്കും.
കേൾവിയില്ലാത്തവർക്ക് തടസ്സമുണ്ടെന്ന് വൈബ്രേഷനിലൂടെ അറിയാനാകും.

പഠനം വിലയിരുത്താം; ഗുരുവായി ‘കലിസ്റ്റോ’പഠനം സ്വയം വിലയിരുത്താനുള്ള സംവിധാനമൊരുക്കി നാല് പത്താംക്ലാസുകാർ. സരസ്വതി വിദ്യാലയത്തിലെ സാരംഗ്,  ആര്യ സെന്റർ സ്‌കൂളിലെ അശ്വിൻ, ഭാരതീയ വിദ്യാഭവനിലെ അഭിജിത്ത്, ശാന്തിനികേതനിലെ ശ്രുതവ് എന്നിവരാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയത്. ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ മറ്റാരുടെയും സഹായമില്ലാതെ കലിസ്റ്റോ എന്ന ഈ സംവിധാനത്തിലൂടെ അഞ്ചുമുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് പഠനം സ്വയം വിലയിരുത്താം. സൈറ്റിലൂടെയും അപ്ലിക്കേഷനിലൂടെയും കലിസ്റ്റോയിലേക്ക് പ്രവേശിക്കാനാകും. ആദ്യം സൈൻഅപ‌് ചെയ്യണം. തുടർന്ന് ഏതു ക്ലാസിലാണ് പഠിക്കുന്നതെന്നും പഠിച്ച ഏതു ഭാഗമാണ് വിലയിരുത്തേണ്ടതെന്നും എന്റർ ചെയ്യണം. ഉടനടി പഠിച്ച ഭാഗത്തെ ആസ്പദമാക്കി ചോദ്യങ്ങളെത്തും. ഇതിൽ ഓപ്ഷണലും വിശദീകരിക്കേണ്ടവയും ഉണ്ടാകും.

ഉത്തരങ്ങൾ നൽകിക്കഴിഞ്ഞാൽ സേവ് ചെയ്യണം. നിമിഷങ്ങൾക്കുള്ളിൽ പഠിച്ചത് ശരിയായ രീതിയിലാണോയെന്ന് വിശദീകരിക്കുന്ന ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടും. കൂടുതലായി ഏതുഭാഗം കേന്ദ്രീകരിച്ച് പഠിക്കണമെന്ന നിർദേശവും ഇതിലുണ്ടാകും. ജാവ സ്‌ക്രിപ്റ്റ്, സിഐഎസ്, എച്ച്ടിഎംഎൽ, ഐബിഎം എന്നിവ ഉപയോഗിച്ചാണ്  സംവിധാനമൊരുക്കിയിരിക്കുന്നത്. നിലവിൽ വിക്കിപീഡിയയിൽനിന്നു ലഭിക്കുന്ന ഡാറ്റകളാണ് സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പാഠപുസ്തകങ്ങളും ഗൈഡുകളും മറ്റു പുസ്തകങ്ങളും ഇതിലേക്ക് ഉൾക്കൊള്ളിക്കുന്നതോടെ കൂടുതൽ പ്രയോജനകരമാകും. മേക്ക് എ ടണിലാണ് വിദ്യാർഥികൾ കലിസ്റ്റോയുമായി രംഗത്തെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top