25 March Saturday

ക്രിപ്റ്റോ ലോകത്ത്‌ അപായ മണിമുഴക്കം

മധുനീലകണ്‌ഠൻUpdated: Sunday Dec 11, 2022

അപ്രതീക്ഷിതവും അതിവേഗവുമായിരുന്നു തുടക്കവും വളർച്ചയും. അതിനേക്കാൾ വേഗത്തിൽ നാടകീയവുമായ തകർച്ചയും. നവംബർ 11ന് ക്രിപ്റ്റോ കറൻസിയുടെ ലോകത്തെയാകെ പിടിച്ചുലച്ച വമ്പൻ ‘ഭൂമി കുലുക്ക’മുണ്ടായി. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ഒന്നായ എഫ്ടിഎക്സ് എട്ടുനിലയിൽ പൊട്ടി. അതിന്റെ തുടർ പ്രത്യാഘാതങ്ങൾ ക്രിപ്റ്റോ ലോകത്തിനാകെ തിരിച്ചടിയായി. പൊട്ടിയതോ പൊട്ടിച്ചതോ എന്ന സംശയം ബാക്കി.

വമ്പൻ പൊട്ടിത്തെറി

2008ൽ ലോകമാകെ പടർന്ന വൻ സാമ്പത്തികത്തകർച്ചയ്‌ക്ക് തുടക്കമിട്ട് അമേരിക്കയിലെ ലീമാൻ ബ്രദേഴ്സ് എന്ന വമ്പൻ ധനസ്ഥാപനം തകർന്നതിന് സമാനമായിരുന്നു എഫ്ടിഎക്സിന്റെ തകർച്ചയും. കാരണവും ഏതാണ്ട് സമാനം. പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ നേരിടാൻ സ്ഥാപനത്തിന്റെ പക്കൽ മതിയായ ഫണ്ടില്ല, തകർച്ചയെ നേരിടാൻ പാകത്തിൽ ഉടൻ വിറ്റഴിക്കാവുന്ന ആസ്തികളില്ല. എഫ്ടിഎക്സ് പാപ്പരായി പ്രഖാപിച്ചതോടെ ക്രിപ്റ്റോ സംവിധാനമാകെ  പ്രതിസന്ധിയിലായി. നിക്ഷേപകർക്ക്  കാശു പോയി. എഫ്ടിഎക്സിന്റെ തകർച്ചയ്‌ക്കു മുന്നേ തന്നെ ക്രിപ്റ്റോ കറൻസിയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നു.  2021 അവസാനത്തോടെ ക്രിപ്റ്റോ കറൻസികളുടെ ആകെ മൂല്യം രണ്ടു ലക്ഷം കോടി ഡോളർ ആയിരുന്നത് 2022 സെപ്തംബറിൽ അതിന്റെ പകുതിയായി.  നവലിബറൽ സാമ്പത്തികനയത്തിന്റെ കാലത്ത് ഓഹരി - പണക്കമ്പോളങ്ങളിൽ അരങ്ങേറുന്ന ഊഹക്കച്ചവടം, ചൂതാട്ടം, പലപല സാങ്കേതികച്ചേരുവകളിൽ അറിയപ്പെടുന്ന കരാറുകളുടെ കൂട്ടക്കച്ചവടം എന്നിവയിലൊക്കെ ഉണ്ടാകുന്ന തകർച്ചപോലെ തന്നെയാണ് ക്രിപ്റ്റോയിലും ഇപ്പോഴുണ്ടായ വമ്പൻ പൊട്ടിത്തെറി.

പിന്നാമ്പുറം

അമേരിക്കയിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിദ്യാർഥിയായിരുന്ന സാംബാങ്ക് മാൻ–- -ഫ്രീഡ് 2019ൽ ആരംഭിച്ചതാണ് എഫ്ടിഎക്സ് എക്സ്ചേഞ്ച്. മറ്റ് ക്രിപ്റ്റോ കറൻസികൾ, വിവിധ രാജ്യങ്ങളുടെ പേപ്പർ കറൻസികൾ എന്നിവയുമായുള്ള കൈമാറ്റ ഇടപാടുകളാണ് എക്സ്ചേഞ്ച് വഴി പ്രധാനമായും നടക്കുക. എഫ്ടിഎക്സ് സ്വന്തമായി എഫ്ടിടി എന്ന പേരിൽ ക്രിപ്റ്റോ കറൻസിയും തുടങ്ങി. ധനക്കമ്പോളങ്ങളിൽ നടക്കുന്ന അവധിക്കരാർ കച്ചവടങ്ങളായ ‘ഫ്യൂച്ചേഴ്‌സ്‌’, ‘ഡെറിവേറ്റീവ്’, ‘ഓപ്ഷൻ’ എന്നിവയുടെ ഇടപാടുകളും ക്രിപ്റ്റോ വഴി സാധ്യമാക്കി.
 
   ഫലത്തിൽ ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് ധനസ്ഥാപനമെന്ന പോലെയോ ബാങ്ക് പോലെയോ പ്രവർത്തിക്കുന്ന സ്ഥിതിയായി. ഭാവിയിൽ വലിയ ലാഭം ലഭിക്കുമെന്ന വാഗ്ദാനങ്ങളോടെ ഡോളർ,  യൂറോ, മറ്റ് ക്രിപ്റ്റോ കറൻസികൾ എന്നിവയൊക്കെ സ്വീകരിക്കാനും തുടങ്ങി. മൂന്നുവർഷംകൊണ്ട്‌ എഫ്ടിഎക്സ് അഞ്ചാമത്തെ വലിയ എക്സ്ചേഞ്ചായി.  പേരും പ്രശസ്തിയും നേടി. അമേരിക്കയിൽ ഡെമോക്രാറ്റിക് പാർടിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സ്ഥാപനമെന്ന നിലയിലും ഇവർ ശ്രദ്ധിക്കപ്പെട്ടു.

ഗതിമാറ്റം

ഇനിയാണ് സംഭവങ്ങളുടെ ഗതിമാറ്റം. എഫ്ടിഎക്സ് എക്സ്ചേഞ്ചിന്റെ സ്വന്തം ക്രിപ്റ്റോയിലുള്ള നിക്ഷേപം മുഴുവൻ സാംബാങ്ക് മാൻ ഫ്രീഡിന്റെ തന്നെ ഉടമസ്ഥതയിലുള്ള  ‘അൽമേഡ' എന്ന സ്ഥാപനത്തിലേക്ക് മാറ്റി (ഉക്രയ്‌ന്‌ വേണ്ടി സമാഹരിച്ച തുക ഉക്രയ്‌നിൽ എത്തിയോ, ഏത് അക്കൗണ്ടിലേക്ക് പോയി എന്നൊക്കെ ഇനി കണ്ടെത്തണം!). അതിനിടെ, അൽമേഡയുടെ ബാലൻസ് ഷീറ്റ് ചോർന്ന് പുറത്തുവന്നതോടെ എഫ്ടിടി ക്രിപ്റ്റോയുടെ വില ഇടിയുകയാണെന്ന പരിഭ്രാന്തി പരന്നു.  ഇതോടെ, മറ്റൊരു ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമായ ‘ബിനാൻസ് ’കൈയിലുള്ള എഫ്ടിടി നിക്ഷേപം മുഴുവൻ കൂട്ടത്തോടെ വിറ്റഴിക്കാൻ തുടങ്ങി. പിന്നെ ക്രിപ്റ്റോ മേഖലയിൽ തകർച്ചയുടെ തുടർക്കഥകൾ.  എഫ്ടിഎക്സിനെ ബിനാൻസ്  വാങ്ങാൻ ആലോചിച്ചെങ്കിലും ആ നീക്കം ഉപേക്ഷിച്ചു. ചുരുക്കത്തിൽ, നിക്ഷേപകരുടെ ഫണ്ട് വെട്ടിക്കുന്ന  പദ്ധതിയാണ് ബാങ്ക്മാൻ നടപ്പാക്കിയതെന്ന് ഊഹിക്കാം. ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപകരെ പറ്റിക്കുന്ന പരിപാടി. അതായത് ആദ്യ നിക്ഷേപകർക്ക് പിന്നീട്‌ വരുന്ന നിക്ഷേപകരുടെ പണം ലാഭമായി നൽകും. അതോടെ  ലാഭപ്രതീക്ഷയിൽ നിക്ഷേപകർ വന്നുകൊണ്ടിരിക്കും. പിന്നെ ലാഭവുമില്ല, മുതലുമില്ല. ഒടുവിലെത്തിയ നിക്ഷേപകരുടെ പണം പോയെന്ന് ചുരുക്കം. ഇതിന്റെ പേരാണ് ‘പോൻസി’ തട്ടിപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top