28 March Thursday

മാറുന്ന ശാസ്‌ത്ര സാങ്കേതിക വിദ്യകൾ

എ അനുഖാൻ/ എം സജിനിUpdated: Sunday May 14, 2023


ശാസ്ത്രസാങ്കേതികവിദ്യ അനുദിനം മാറുകയാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗവേഷണം തുടങ്ങി എല്ലാ മേഖലയെയും  അതിവേഗം മുന്നോട്ടുനയിക്കാൻ സാങ്കേതികവിദ്യയുടെ പുരോഗതി സഹായകമായി. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി,  മിക്‌സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളെ ലോകം ഉറ്റുനോക്കുകയാണ്‌. വിദ്യാർഥികളുടെ പഠനരീതി രസകരവും കാര്യക്ഷമവുമാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ പുതിയ കാലത്ത് ധാരാളമായി ഉപയോഗിക്കുന്നു. പാഠ്യവിഷയങ്ങളുടെ ത്രിമാന രൂപത്തിലുള്ള ആവിഷ്‌കാരവും അവ സ്വയം പരിചയപ്പെടുത്തുന്നതുമായ പഠനരീതികൾ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റത്തിനാണ് വഴിയൊരുക്കുന്നത്.  

 ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ)


യഥാർഥ കാഴ്ചയിലേക്ക് ഒരു ഡിജിറ്റൽ ലെയർ കൂടി നൽകിയാണ് എആർ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള  കാഴ്ചയിൽ യഥാർഥവും അയഥാർഥവുമായവ പ്രത്യേകം തിരിച്ചറിയാൻ കഴിയും. സ്മാർട്ട്‌ ഫോൺ, ലാപ്‌ടോപ്, സ്മാർട്ട്‌ ലെൻസുകൾ എന്നിവ ഉപയോഗിച്ച്‌ എആർ സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുത്തിയ കാഴ്ചകൾ ആസ്വദിക്കാനാകും. സ്‌നാപ് ചാറ്റ് പോലുള്ളവയിലൂടെയും മറ്റ് സമാന മൊബൈൽ അപ്ലിക്കേഷനുകളിലൂടെയും സ്‌ക്രീനിൽ തെളിയുന്ന യഥാർഥ രൂപങ്ങൾക്ക് പുറമെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്ന ഡിജിറ്റൽ ലെയർ കൂട്ടിച്ചേർക്കാനാകുന്നത് ഉദാഹരണമാണ്.

വെർച്വൽ റിയാലിറ്റി (വിആർ)


പ്രത്യേക കോഡുകളിലൂടെ സ്‌ക്രീനിൽ രൂപപ്പെടുത്തിയ കാഴ്ചകളിലേക്ക് ഒരു വിആർ ഹെഡ്‌സെറ്റ് ഉപയോഗിച്ച്‌ ഇറങ്ങിച്ചെല്ലാനാകുമെന്നതാണ്‌ ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. സ്ഥലം, സാഹചര്യം തുടങ്ങിയവയിൽ നേരിട്ടെത്തിയ പ്രതീതിയാണ് ഇവിടെ അനുഭവപ്പെടുക. യഥാർഥ സ്ഥലത്തുനിന്ന് മാറി സാങ്കേതികവിദ്യയിൽ ഒരുക്കിയ സ്ഥലത്ത്‌ എത്തിയതുപോലെ തോന്നിപ്പിക്കുകയും യഥാർഥത്തിൽ നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ബോധ്യം നിശ്ചിത സമയത്തേക്ക് ഇല്ലാതാകുകയും ചെയ്യുന്നതാണ് വിആർ സാങ്കേതികവിദ്യയുടെ ഏറ്റവും ആകർഷകമായ വശം. ധരിച്ചിരിക്കുന്ന വിആർ ഹെഡ്‌സെറ്റ് മാറ്റുന്നതോടെ അതേ സ്ഥലത്തുതന്നെ നിൽക്കുകയാണെന്ന വസ്തുത തിരിച്ചറിയുകയും ചെയ്യും!

സാധ്യതകളേറെ

അടുത്ത ദശകത്തിൽ എആർ, വിആർ സ്‌പെഷ്യലിസ്റ്റുകളുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അനിമേഷൻ, 3ഡി മോഡലിങ്‌, പ്രോഗ്രാമിങ്‌, ഗെയിം ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വർധിക്കുകയയാണ്.

സോഫ്റ്റ്‌വെയർ വികസനംപോലുള്ള വിവിധ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക്  നിരവധി അവസരം ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഹാർഡ്‌വെയർ എൻജിനിയറിങ്‌, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലും പുതിയ സാധ്യതകളാണ്‌ തുറക്കുക.

പഠനം രസകരമാക്കാം
 
വിദ്യാർഥികളുടെ പഠനവിഷയങ്ങളിൽ പലതും സാധാരണരീതിയിലുള്ള വായനയിലും അധ്യാപനരീതിയിലും വിരസമാകാറുണ്ട്. എന്നാൽ, എത്ര സങ്കീർണമായ വിഷയവും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ എആർ/ വിആർ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കുന്ന പാഠഭാഗങ്ങളിലൂടെ സാധിക്കും. സയൻസ് ലാബുകളിലെ പരീക്ഷണങ്ങൾ ത്രിമാനരൂപത്തിൽ തൊട്ടരികെ ഉണ്ടെങ്കിൽ ഓരോന്നും വ്യക്തമായി മനസ്സിക്കാൻ ഉപകാരപ്പെടും. വിദ്യാലയത്തിലെ യഥാർഥ ലാബിൽ എത്തുമ്പോൾ വളരെ വേഗത്തിൽത്തന്നെ ഓരോന്നും തിരിച്ചറിയാനും പരീക്ഷണങ്ങൾ ഫലപ്രദമായി ചെയ്യാനുമാകും.

ഭാഷാ പഠനത്തിനും ഈ സാങ്കേതികവിദ്യ വലിയ പിന്തുണ നൽകും. മാതൃഭാഷയ്ക്കു പുറമെ മറ്റേത് ഭാഷ പഠിക്കുന്നതിനും പ്രത്യേകമായി തയ്യാറാക്കിയ ഇൻറാക്ടീവ് അധ്യാപകർ വഴി കഴിയും. മനുഷ്യശരീരത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും പഠിക്കുന്ന വിദ്യാർഥികൾക്ക് ഓരോ അവയവങ്ങളുടെയും ത്രിമാനരൂപങ്ങൾ സ്‌ക്രീനിൽ ലഭിക്കുന്നത് പഠനരീതിയെ മികച്ചതാക്കും. ഓട്ടിസം പോലെയുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും അവരുടെ വൈകാരിക തലങ്ങളെ മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയിലൂടെ പ്രത്യേകമായി തയ്യാറാക്കുന്ന സംവിധാനങ്ങൾവഴി കഴിയും. അവരുടെ കഴിവുകൾ വളർത്തുന്നതിനും നൈപുണ്യമുള്ള മേഖലയിൽ തൊഴിൽ പരിശീലനം പോലുള്ളവ നൽകാനുമാകും. ഈ സാങ്കേതികവിദ്യയിൽ തിരുവനന്തപുരം കേരള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ തയ്യാറാക്കിയ വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ കേരളത്തിൽ പുതിയ അനുഭവമാണ്‌. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ബഹിരാകാശത്തെയും അതിന്റെ അനുബന്ധ കാഴ്ചകളെയും അടുത്തറിയാൻ ഇത് വഴിതുറക്കും. കേരള സർക്കാർ സ്ഥാപനമായ സി- ഡിറ്റ് എആർ/ വിആർ സാങ്കേതികവിദ്യയിലൂടെ സ്വന്തമായി തയ്യാറാക്കിയതാണ് ഈ ദൃശ്യാവിഷ്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top