20 April Saturday

ന്യൂട്രിനോ കണികയെ കണ്ടെത്തി; കോസ‌്‌‌മിക്‌ കിരണങ്ങൾ ഇനി കുഴപ്പിക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

വാഷിങ‌്‌‌ടൺ > ഒരു നൂറ്റാണ്ടിലേറെയായി ശാസ്‌‌ത്രജ്ഞരെ കുഴക്കിയിരുന്ന കോസ്‌‌മിക്‌ കിരണങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമായി. ദക്ഷിണധ്രുവത്തിനടുത്ത് ‘ഐസ് ക്യൂബ്’ എന്നറിയപ്പെടുന്ന കൂറ്റൻ ന്യൂട്രിനോ നിരീക്ഷണനിലയത്തിലാണ് കോസ്മിക്‌  കണങ്ങളിലെ ഒരു ന്യൂട്രിനോ കണികയെ കണ്ടെത്തിയത്.

ഒരു കിലോമീറ്റർ നീളവും വീതിയും ഉള്ള ഒരു മഞ്ഞുകട്ട തുരന്ന‌് അതിൽ അയ്യായിരത്തിലധികം നിരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ശാസ്ത്രജ്ഞർ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾക്കായി തെരഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ 2017 സെപ‌്തംബർ 22ന‌് ഒരു ന്യൂട്രിനോ കണിക നിരീക്ഷണത്തിൽ പെട്ടു.
300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഈ ന്യൂട്രിനോയുടെ കണ്ടെത്തൽ ജ്യോതിശ്ശാസ്ത്രഗവേഷണരംഗത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

എക്‌‌‌സ്‌‌‌റേ കണങ്ങളുടെ ഊർജംപോലും ഏതാനും ആയിരം ഇലക്ട്രോൺ വോൾട്ട് മാത്രമാണ്. ഉയർന്ന ഊർജമുള്ള ഈ ന്യൂട്രിനോ കണിക ആകാശത്ത് ഏതു ഭാഗത്തുനിന്ന് വരുന്നതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കോസ്മിക്‌  കിരണങ്ങളിൽ ഇത്ര അധികം ഉയർന്ന ഊർജം എങ്ങനെ ഉണ്ടായി എന്നതും ഈ കിരണങ്ങൾ എവിടെനിന്ന് വരുന്നു എന്നതും കുറേ കാലമായി ശാസ്ത്രലോകത്തിന‌് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു. പുതിയ കണ്ടെത്തൽ ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
തുടർന്ന് ലോകമെമ്പാടുമുള്ള ബഹിരാകാശ ദൂരദർശിനികൾ ഈ ന്യൂട്രിനോയുടെ ഉത്ഭവദിശയിലേക്ക് തിരിഞ്ഞു.

ഉയർന്ന ഊർജമുള്ള ഗാമാകിരണങ്ങളെ പുറത്തുവിടുന്ന ഒരു ബ്ലേസറിൽ നിന്നാകാം ഇത് വന്നതെന്ന നിഗമനത്തിൽ അവരെത്തി. ചില ഗാലക്സികേന്ദ്രങ്ങളിലെ ഭീമൻ തമോഗർത്തങ്ങളുടെ സമീപത്തുനിന്ന‌് അതിശക്തമായി ഊർജം പുറത്തുവിടുന്ന സ്രോതസ്സുകളാണ് ബ്ലേസറുകൾ. മാസങ്ങളായി നടത്തിയ നിരീക്ഷണങ്ങളിൽ ന്യൂട്രിനോകളും ഗാമാകിരണങ്ങളും വരുന്നത് ഒരേ സ്രോതസ്സിൽനിന്നാണെന്ന‌് ബോധ്യപ്പെട്ടു.
വ്യാഴാഴ‌്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 

കൂടുതൽ ശക്തിയുള്ള ദൂരദർശിനികൾ സ്ഥാപിച്ച‌് പഠനം തുടരുമെന്നും മെറിലാൻഡ‌് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനും ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സെർവേറ്ററി ഗവേഷകസംഘത്തിലെ പ്രധാനിയുമായ ഗ്രെഗ് സള്ളിവൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top