24 April Wednesday

സൂക്ഷിക്കണേ.. ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

1908 ജൂൺ 30‐ന് സൈബീരിയിലെ ടംഗുസ്ക്ക ഉൽക്കാ പതനത്തിന്റെ വാർഷികമായാണ് എല്ലാ വർഷവും ജൂൺ 30 അന്താരാഷ്ട്ര ഛിന്നഗ്രഹ ദിന(International Asteroid Day) മായി ആചരിക്കുന്നത്. ഈ വർഷം സൈബീരിയൻ ഉൽക്കാപതനത്തിന്റെ നൂറാം വാർഷികമാണ്. മനുഷ്യ വംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വിനാശകാരിയായ ഉൽക്കാപതനമായാണ് ടംഗുസ്ക്ക പതനത്തെ അടയാളപ്പെടുത്തുന്നത്. ഏതു സമയവും സംഭവിക്കാവുന്ന ഛിന്നഗ്രഹ വീഴ്ചയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും കഴിയുന്ന മുൻകരുതലുകളെടുക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരെയും രാഷ്ട്രത്തലവൻമാരെയും ഓർമ്മപ്പെടുത്തുന്നതിനും കൂടിയാണ് ഈ ദിനാചരണം നടത്തുന്നത്.

200‐ൽ പരം ബഹിരാകാശ സഞ്ചാരികളും  ശാസ്ത്രജ്ഞരും  സാങ്കേതിക വിദഗ്ധരും  കലാകാരൻമാരും ചേർന്ന് 2014 ഡിസംബർ മൂന്നിനാണ് അന്താരാഷ്ട്ര ഛിന്നഗ്രഹദിനം ആചരിക്കണമെന്ന് തീരുമാനിച്ചത്. ചൊവ്വക്കും വ്യാഴത്തി

നും ഇടയിലുള്ള മേഖലയാണ് ആസ്റ്ററോയ്ഡ് ബെൽട്ട.് ഒരു കിലോമീറ്ററിലധികം വ്യാസമുള്ള 19 ലക്ഷം ഛിന്നഗ്രഹങ്ങളെങ്കിലും ഈ മേഖലയിലുണ്ടെന്നാണ് കണക്കാക്കുന്നത്.  വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം കാരണം ഈ മേഖലയിൽ ഗ്രഹരൂപീകരണം നടക്കുന്നില്ല എന്നാണ് കരുതുന്നത്. ഭൂമിക്കു സമീപത്തുകൂടി സഞ്ചരിക്കുന്ന 14,464 നിയർ എർത്ത് ആസ്റ്ററോയ്ഡുകളെ കണ്ടെത്തിയിട്ടുണ്ട്. ഭൗമാന്തരീക്ഷത്തിൽ വച്ച് വായുവുമായുള്ള ഘർഷണം കാരണം അവയെല്ലാം കത്തിച്ചാമ്പലാവുകയാണ് ചെയ്യുന്നത്.

സെറസ് ആണ് ആദ്യമായി കണ്ടെത്തിയ ഛിന്നഗ്രഹം. 1801‐ൽ ഗിസപ്പെ പിയാറ്റ്സി ആണ് ഇത് കണ്ടെത്തിയത്. ആസ്റ്റോറോയ്ഡ് എന്ന പേര് ഛിന്നഗ്രഹങ്ങൾക്ക് നൽകിയത് വില്യം ഹെർഷൽ ആണ്. നക്ഷത്രങ്ങളെ പ്പോലെയുള്ളവ എന്ന് അർഥം വരുന്ന ‘ആസ്റ്ററോയിഡ്’ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ആസ്റ്ററോയ്ഡ് എന്ന പേരിന്റെ ഉദ്ഭവം. ഛിന്നഗ്രഹങ്ങളിൽ കൂടുതൽ കാണപ്പെടുന്ന മൂലകങ്ങളുടെ തോതനുസരിച്ച് അവയെ മുന്ന് തരത്തിൽ വർഗീകരിക്കാറുണ്ട്. സി‐ടെപ്പ്, എം‐ടെപ്പ്, എസ്‐ടെപ്പ് എന്നിങ്ങനെയാണവ. ഇവ യഥാക്രമം കാർബൺ, ലോഹം, സിലിക്കേറ്റ് എന്നിവയുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തു പറയുന്നതാണ്.

ഛിന്നഗ്രഹങ്ങൾ ഉൽക്കയിൽ നിന്നും ധൂമകേതുക്കളിൽ നിന്നും വ്യത്യസ്തമാണ്. ഉൽക്കകൾ ഛിന്നഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ്. അവയ്ക്ക് ഒരു മീറ്ററിൽ താഴെ വലിപ്പമേ ഉണ്ടാകു. ധൂമകേതുക്കളിൽ കൂടുതലുള്ളത് ഹിമവും പൊടിയുമായിരിക്കും. 4 വെസ്ത എന്ന ഛിന്നഗ്രഹത്തെ മാത്രമെ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയൂ.  1998‐ന് ശേഷം കംപ്യൂട്ടർ സഹായത്തോടയും ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നുണ്ട്. 2011‐ന് ശേഷം കണ്ടെത്തിയ 96 ശതമാനം നിയർ എർത്ത് ആസ്റ്ററോയ്ഡുകളും ഈ രീതിയിൽ കണ്ടെത്തിയതാണ്. 2013 സെപ്തംബർ 30 വരെയുള്ള രണ്ടു വർഷങ്ങളിൽ 1,38398 ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4711 നിയർ എർത്ത് ആസ്റ്ററോയ്ഡുകളുണ്ട്. അതിൽ 60 എണ്ണവും ഒരു കിലോമീറ്ററിലധികം വലിപ്പമുള്ളവയാണ്.

സെറസ് എന്ന കുള്ളൻ ഗ്രഹമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഛിന്നഗ്രഹം. 975 കിലോമീറ്ററാണ് സെറസിന്റെ വ്യാസം 4‐വെസ്ത, 2‐പല്ലാസ് എന്നിവയാണ് മറ്റു വലിയ ഛിന്നഗ്രഹങ്ങൾ. ഇവയ്ക്കു രണ്ടിനും 500 കിലോമീറ്ററിലേറെ വ്യാസമുണ്ട്. ഇവയിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത് വെസ്തയെ മാത്രമാണ്.  ആകെ ഛിന്നഗ്രഹങ്ങളുടെ ഭാരത്തിന്റെ മൂന്നിലൊന്നും സെറസിന്റെ ഭാരമാണ്.

ഛിന്നഗ്രഹങ്ങളുടെ പ്രതലം കൂട്ടിമുട്ടലുകളും ഉൽക്കാപതനങ്ങളും കാരണം ഗർത്തങ്ങളും മടക്കുകളും നിറഞ്ഞതായിരിക്കും. ഇരുണ്ട ചുവപ്പു നിറത്തിലാണ് മിക്കവാറും എല്ലാ ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളും മറ്റു ഗ്രഹങ്ങളെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളുമുണ്ട്. പ്രത്യക്ഷ കാന്തിക മാനത്തിന്റെ അടിസ്ഥാനത്തിലും ഛിന്നഗ്രഹങ്ങളെ വർഗീകരിക്കാറുണ്ട്. ഏറ്റവും പുതിയ മാനദണ്ഡമനുസരിച്ച് ഛിന്നഗ്രഹങ്ങളെ 24 വ്യത്യസ്ത ഗ്രൂപ്പുകളിലായി വർഗീകരിച്ച് കാണപ്പെടുന്നു.

2016‐ൽ നാസ വിക്ഷേപിച്ച ഒസറിസ്‐റെക്സ് 101955 ബെനു എന്ന ഛിന്നഗ്രഹത്തിലേക്കുള്ള പര്യവേഷണമാണ്.  2020‐ലും നാസ ഒരു ഛിന്നഗ്രഹ റോബോട്ടിക് യാത്ര ലക്ഷ്യമിടുന്നുണ്ട്. 2014 ഡിസംബറിൽ ജപ്പാൻ വിക്ഷേപിച്ച ഹയാബുസ‐2 പേടകം 2020 ഡിസംബറിൽ 162173 റ്യുഗു എന്ന ഛിന്ന ഗ്രഹത്തിലിറങ്ങി സാംപിൾ ശേഖരിച്ച് തിരിച്ചെത്തും. സ്പേസ് ഔട്ട്പോസ്റ്റുകളുടെ നിർമാണത്തിനും ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന് ശാസ്ത്രലോകം കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top