05 December Tuesday

സൂര്യനിൽ നിന്ന്‌ എന്തുകിട്ടും? ആദിത്യ കണ്ടെത്തും

ദിലീപ്‌ മലയാലപ്പുഴUpdated: Thursday Sep 21, 2023

ദിലീപ്‌ മലയാലപ്പുഴ

ദിലീപ്‌ മലയാലപ്പുഴ

ഭൂമിയുടെ പഥത്തിൽ 17 ദിവസം ഭ്രമണം പൂർത്തിയാക്കി ആദിത്യ എൽ 1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. ഐഎസ്‌ആർഒയുടെ പ്രഥമ സൗരദൗത്യ ഉപഗ്രഹത്തിന്റെ ഇനിയുള്ള യാത്ര ഏറെ സങ്കീർണമാണെന്ന്‌ പറയാം. 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച്‌ പോയിന്റ്‌ 1 ആണ്‌ ലക്ഷ്യം. ഇവിടെ കൃത്യതയോടെ എത്തിക്കുക എന്നതാണ്‌ വെല്ലുവിളി. ഭൂമിയുടെ ശക്തിയേറിയ ഗുരുത്വാകർഷണത്തിൽ നിന്ന്‌ പുറത്തുകടക്കാൻ സെപ്‌തംബർ 19ന്‌ പുലർച്ചെ 1.50നാണ്‌ പേടകത്തിലെ ത്രസ്‌റ്റർ ജ്വലിപ്പിച്ചത്‌. പത്ത്‌ മിനിട്ട്‌ ജ്വലന ശക്തിയിൽ പേടകം കുതിച്ചു. അതിവേഗത്തിൽ മുന്നോട്ടു നീങ്ങിയ പേടകത്തിന്‌ മേലുള്ള ഭൂമിയുടെ സ്വാധീനം കുറഞ്ഞു. ഇനിയുള്ള യാത്രയിൽ ഭൂമിയുടെ സ്വാധീനം കുറയുകയും സൂര്യന്റെ സ്വാധീനം വർധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ദിശ തെറ്റി പേടകം നിയന്ത്രണം വിടാനുള്ള സാധ്യതകളേറെയുണ്ട്‌. ത്രസ്‌റ്റർ ജ്വലിപ്പിച്ച്‌ പേടകത്തിന്റെ പാത വരും ദിവസങ്ങളിൽ തിരുത്തണം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ വഴിതെറ്റാതെ ‘നേർവഴി’ക്ക്‌ കൊണ്ടുപോകണം..! ഇതിനാവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌ ബംഗലുരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിലെ ശാസ്‌ത്രജ്‌ഞരാണ്‌. ഇവർ നൽകുന്ന നിർദേശങ്ങൾ (കമാന്റുകൾ) സ്വീകരിച്ച്‌ പേടകം കൃത്യമായി പ്രവർത്തിക്കണം. 110 ദിവസത്തെ യാത്രക്കൊടുവിൽ ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ ആദിത്യ എൽ1 എത്തും. ഈ പോയിന്റിലേക്ക്‌ എത്തിച്ച്‌ അവിടെ ഉറപ്പിക്കുന്ന അവസാനത്തെ പത്തു ദിവസം ഏറെ നിർണായകമാണ്‌. ഇവിടെ പ്രത്യേക ഭ്രമണപഥത്തിൽ ഭ്രമണംചെയ്‌ത്‌ ഇരുപത്തിനാല്‌ മണിക്കൂറും സൂര്യനെ നിരീക്ഷിച്ച്‌ പേടകം വിവരങ്ങൾ ശേഖരിക്കും. പേടകത്തിന്‌ ഒരു തവണ സൂര്യനെ ചുറ്റാൻ 365 ദിവസം വേണ്ടിവരും.

എന്തുകൊണ്ട്‌ സൂര്യൻ?

സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെപ്പറ്റിയുള്ള മാനവാരാശിയുടെ അറിവ്‌ ഇപ്പോഴും പരിമിതമാണ്‌. ലോക ബഹിരാകാശ ഏജൻസികളും ശാസ്‌ത്രലോകവും സൗര പര്യവേക്ഷണങ്ങൾക്കും പഠനങ്ങൾക്കും വലിയ പ്രധാന്യമാണ്‌ നൽകുന്നത്‌. ഭൂമിയിൽ നിന്ന്‌ 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പരമാവധി അടുത്തെത്തി നിരീക്ഷിക്കുക എന്നതാണ്‌ ലക്ഷ്യം. ആദിത്യ ഈ ദൂരത്തിന്റെ ഒരു ശതമാനം ദൂരം മാത്രമേ (15 ലക്ഷം കിലോമീറ്റർ) എത്തുന്നുള്ളു. ഭൂമിയുടേയും സൂര്യന്റെയും ഗുരുത്വാകർഷണത്തിൽ പെടാത്ത ലഗ്രാഞ്ച്‌ എൽ1 എന്ന സുരക്ഷിത മേഖലയിൽ.

സൗര പ്രതിഭാസങ്ങൾ, മാറ്റങ്ങൾ, കാലാവസ്ഥ തുടങ്ങിയവയെല്ലാം ഭൂമിയേയും ബഹിരാകാശത്തേയും ബാധിക്കുന്നുണ്ട്‌. സങ്കീർണമായ പ്രക്രിയകൾ വഴി വലിയ തോതിൽ തുടർച്ചയായി ഊർജം പ്രവഹിപ്പിക്കുന്ന നക്ഷത്രമാണ്‌ സൂര്യൻ. ഹൈഡ്രജൻ ആറ്റം ഹീലിയമായി മാറുന്ന പ്രവർത്തനമാണിത്‌. സൂര്യന്റെ ഘടനയിലും ഒരോ പാളികളിലെ താപത്തിന്റെ അളവുകളിലും പ്രത്യേകതയുണ്ട്‌. പുറംപാളിയായ ഫോട്ടോസ്‌ഫിയറിലെ താപനില ഏകദേശം 5500 ഡിഗ്രി സെൽഷ്യസാണ്‌. ഫോട്ടോസ്‌ഫിയറിനു പുറത്തുള്ള പാളിയായ ക്രോമോസ്‌ഫിയറിലെ താപനില 9700 ഡിഗ്രി സെൽഷ്യസിനു മുകളിലും.

ദ്രവ്യം പ്ലാസ്‌മയുടെ രൂപത്തിൽ നിലനിൽക്കുന്ന പുറംപാളിയായ കൊറോണയിൽ ഏകദേശം ഒന്നുമുതൽ മൂന്ന്‌ മില്യൺ ഡിഗ്രി കെൽവിൻവരെയാണ്‌ താപനില. ക്രോമോസ്‌ഫിയറിന്‌ പുറത്തായി കാണുന്ന അന്തരീക്ഷ പാളിയാണിത്‌. കൊറോണയിൽ വലിയതോതിലുള്ള സ്‌ഫോടനങ്ങൾ പതിവായി നടക്കുന്നുണ്ട്‌. കൊറോണൽ മാസ് ഇജക്ഷൻ, സൗരക്കാറ്റ്, സൗരജ്വാല തുടങ്ങിയവ വൻതോതിൽ കണങ്ങളെ സൗരയൂഥത്തിലേക്ക്‌ പുറന്തള്ളും. സൗരകേന്ദ്രം അഥവാ അകകാമ്പിൽ ഒന്നരക്കോടി ഡിഗ്രി സെൽഷ്യസാണ്‌ താപനില. അണുസംയോജന പ്രക്രിയകൾ നടക്കുന്നത്‌ ഇവിടെയാണ്‌.

ഇവയെപ്പറ്റിയെല്ലാം സൂക്ഷ്‌മമായി പഠിക്കേണ്ടത്‌ മാനവരാശിയുടെ നിലനിൽപിന്‌ അനിവാര്യമാണ്‌. നക്ഷത്രങ്ങൾ കോടാനുകോടി വർഷങ്ങൾക്ക്‌ ശേഷം സ്വയം ഇല്ലാതാവുന്നവയാണ്‌. സൂര്യനും ഈ ഗണത്തിൽപെടുന്നു.

പഠനം വിപുലം

സൂര്യനിലെ മാറ്റങ്ങൾ, കാന്തിക ധ്രൂവങ്ങൾ, കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ, കൊറോണൽ മാസ്‌ ഇജക്ഷൻ, സൗരജ്വാലകളുടെ സഞ്ചാരവും സ്വഭാവവും, സൗരവാതങ്ങളുടെ രൂപീകരണം തുടങ്ങയവയെല്ലാം ആദിത്യ വിശദമായി പഠിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലും ഭൗമകാന്തിക മണ്ഡലത്തിലും ഉണ്ടാക്കുന്ന സ്വാധീനം, ലഗ്രാഞ്ച്‌ പോയിന്റിന്റെ ഘടന എന്നിവയും നിരീക്ഷിച്ച്‌ വിവരങ്ങൾ ശേഖരിക്കും. ചിത്രങ്ങൾ എടുത്തയക്കും. ഇതിനായി ഏഴ്‌ പരീക്ഷണ ഉപകരണങ്ങൾ പേടകത്തിലുണ്ട്‌. ഇവയിൽ ഒന്നായ സുപ്ര തെർമൽ ആൻഡ്‌ എനർജറ്റിക് പാർടിക്കിൾ സ്‌പെക്ട്രോമീറ്റർ (സ്‌റ്റെപ്‌സ്‌) ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ചുതന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. സൂര്യനിൽ നിന്ന്‌ പ്രവഹിക്കുന്ന ഇലക്‌ട്രോൺ, അയോൺ കണങ്ങളെ പറ്റിയാണ്‌ ഇത്‌ പഠിക്കുക. കണങ്ങളുടെ സഞ്ചാരം, അളവ്‌, വ്യാപനം,സ്വഭാവം, ഏറ്റക്കുറച്ചിൽ, പ്രതിപ്രവർത്തനം തുടങ്ങിയവയെല്ലാം അറിയാനാവും. സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള വലിയ യാത്രയിലാണ്‌ ആദിത്യ എൽ 1.

സൗര പര്യവേക്ഷണങ്ങൾ തുടർച്ച

1960ൽനാസ അയച്ച പയനിയർ 5 ആണ്‌ ആദ്യ സൗര പര്യവേക്ഷണ ഉപഗ്രഹം. ഇതിനെ തുടർന്ന്‌ നിരവധി ദൗത്യങ്ങൾ ഉണ്ടായി. നാസക്ക്‌ പുറമെ ജപ്പാൻ, യൂറോപ്യൻ സ്‌പേയ്‌സ്‌ ഏജൻസി, ചൈന എന്നിവയെല്ലാം പേടകങ്ങൾ അയച്ചു. സോഹോ, എസിഇ, ട്രൈയ്‌സ്‌, ഐറിസ്‌, ഉലിസിസ്‌, യോകൗ, സോളാർ മാക്‌സിമം മിഷൻ, വിൻഡ്‌, ഹിനോഡ്‌, സോളാർ ഡൈനാനിക്‌ ഒബ്‌സർവേറ്ററി തുടങ്ങിയവ അവയിൽ ചിലതാണ്‌. 2001 ൽ വിക്ഷേപിച്ച നാസയുടെ ജനസിസ്‌, സൗരവാത കണങ്ങൾ ശേഖരിച്ച്‌ മടങ്ങവെ 2004 ൽ തകർന്നു.

2022 ഒക്ടോബറിൽ അഡ്വാൻസ്‌ഡ്‌ സ്‌പേയ്‌സ്‌ ബേയ്‌സ്‌ഡ്‌ സോളാർ ഒബ്‌സർവേറ്ററി വിക്ഷേപിച്ചാണ്‌ ചൈന ഈ രംഗത്ത്‌ തുടക്കമിട്ടത്‌. 2026 ൽ ഷി 2 എന്ന മറ്റൊരു പേടകം ലഗ്രാഞ്ച്‌ 5ൽ എത്തിച്ച്‌ പര്യവേക്ഷണം നടത്താൻ അവർ പദ്ധതിയിട്ടിട്ടുണ്ട്‌. 2018 ആഗസ്‌റ്റിൽ വിക്ഷേപിച്ച നാസയുടെ പാർക്കർ സോളാർ പ്രോബ്‌ സൂര്യന്‌ കൂടുതൽ അടുത്തെത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും ശക്തമായ കൊറോണൽ മാസ് എജക്ഷൻ, സൗരയൂഥത്തിലെ പൊടിപടലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിനെപ്പറ്റി പേടകം വിവരങ്ങൾ ശേഖരിച്ചത്‌ സമീപദിവസങ്ങളിലാണ്‌. കൊറോണൽ മാസ് എജക്ഷൻ മൂലം ആറ്‌ ദശലക്ഷം മൈൽ ദൂരം വരെ ഈ പൊടിപടലങ്ങൾ നീങ്ങിപ്പോകുന്നതായാണ്‌ കണ്ടെത്തൽ.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top