03 October Tuesday

ഡ്യുവൽ? ട്രിപ്പിൾ? കൺവെർട്ടിബിൾ?...എയർ കണ്ടീഷണറുകള്‍ വാങ്ങുമ്പോള്‍

സുജിത്‌ കുമാർUpdated: Wednesday Apr 26, 2023

എയർ കണ്ടീഷണറുകളുടെ പ്രത്യേകതകളെക്കുറിച്ചും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എഞ്ചിനിയറും ടെക്‌നിക്കൽ റൈറ്ററുമായ സുജിത് കുമാര്‍ എഴുതുന്നു


കപ്പാസിറ്റി

ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമായും എയർ കണ്ടീഷണറുകളുടെ രണ്ട് സെഗ്മെന്റുകളാണുള്ളത്. 1 ടൺ, 1.5 ടൺ. 100- 120  സ്ക്വയര്‍ ഫീറ്റ് വരെയുള്ള മുറികള്‍ക്ക് 1 ടൺ കപ്പാസിറ്റി ഉള്ളത് മതിയാകും. അതിനു മുകളിൽ  ഉള്ളവയ്ക്ക് 1.5 ടൺ. നേരിട്ട് വെയിൽ അടിക്കുന്ന മുറികൾക്ക് 1.5 ടൺ   ആയിരിക്കും നല്ലത്. വളരെ വലിയ മുറികള്‍ക്ക് മാത്രമേ 2 ടൺ കപ്പാസിറ്റിയുള്ളവ ആവശ്യമുള്ളു. ഇപ്പോൾ 100 സ്ക്വയർ ഫീറ്റില്‍ താഴെയുള്ള മുറികൾക്കായി 0.8 ടൺ ഉള്ള എയർ കണ്ടീഷണറുകളൂം വിപണിയിലുണ്ട്. 1.2 ടൺ കപ്പാസിറ്റിയുള്ളവയും ലഭ്യമാണ്.

ടൈപ്പ്

ഇൻഡോർ യൂണിറ്റ്, ഔട് ഡോർ യൂണിറ്റ് എന്ന രണ്ട് ഭാഗങ്ങൾ വരുന്ന  സ്ലിറ്റ് എയർ കണ്ടീഷണറുകൾ ആണ് കൂടുതലായി പ്രചാരത്തിലുള്ളത്. വിൻഡോ എയർ കണ്ടീഷണറുകളുടെ ഉപയോഗവും ലഭ്യതയും ഇപ്പോൾ പരിമിതമാണ്. എനർജി എഫിഷ്യന്‍സി കുറവാണെങ്കിലും എയർ കണ്ടീഷണറുകൾ സ്ഥിരമായി ഇൻസ്റ്റാൾ ചെയ്‌ത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പ്രശ്നമുള്ളവർക്ക് പോർട്ടബിൾ എയർ കണ്ടീഷണറുകൾ എന്ന വിഭാഗം കൂടിയുണ്ട്. ഡിമാന്റ് കുറവായതിനാൽ  പരിമിതമായ ബ്രാൻഡുകളും മോഡലുകളും മാത്രമേ ഇവയിലും ലഭ്യമായുള്ളൂ. ഇവയ്ക്കു പുറമെ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഔട് ഡോർ എസി, കാസറ്റ് എസി, ഡക്റ്റബിൾ എസി, ടവർ എസി എന്നിവയും ലഭ്യമാണ്.
 


സാങ്കേതിക വിദ്യ
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഫിക്‌സഡ് സ്പീഡ് കംപ്രസറുകൾ ഉള്ള എ സി, ആധുനിക ഇൻവെർട്ടർ എ സി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് വിപണിയിൽ ഉണ്ടായിരുന്നത്. നിലവിൽ ഇൻവെർട്ടർ  കംപ്രസർ എ സികൾ മാത്രമേ പ്രമുഖ ബ്രാൻഡുകളുടേതായി വിപണിയിൽ ഉള്ളൂ. അതിനാൽ തന്നെ സാധാരണ എ സി വേണോ ഡിജിറ്റൽ ഇൻവെർട്ടർ എ സി വാങ്ങണോ എന്ന ചോദ്യത്തിനും ആശയക്കുഴപ്പത്തിനും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ ഡീജിറ്റൽ ഇൻവെർട്ടർ എ സികളിൽ തന്നെ ഡ്യുവൽ ഇൻവെർട്ടർ, ട്രിപ്പിൾ ഇൻവെർട്ടർ, കൺവെർട്ടിബിൾ എന്നൊക്കെ വിവിധ സാങ്കേതിക വിദ്യകളും ഫീച്ചറുകളുമൊക്കെയുണ്ട്.

     പഴയ കാല എ സികൾ ഒരേ വേഗത്തിൽ മാത്രം കറങ്ങുന്ന ഫിക്സഡ് സ്പീഡ് കംപ്രസറുകൾ ആയിരുന്നു. അതുകൊണ്ടു തന്നെ അവയ്ക്ക് ഓൺ അല്ലെങ്കിൽ ഓഫ് എന്ന രണ്ട് അവസ്ഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇവ നിശ്ചിത ഇടവേളകളിൽ ഓൺ ആക്കിയും ഓഫ് ആക്കിയുമാണ് മുറിയിലെ തണുപ്പ് ക്രമീകരിച്ചിരുന്നത്. ഇങ്ങനെ കംപ്രസറുകൾ ഓഫില്‍ നിന്ന് ഓണിലേക്ക് മാറുമ്പോൾ വലിയ തോതിൽ സ്റ്റാർട്ടിംഗ് കറന്റ് എടുക്കുമായിരുന്നതിനാൽ ഒട്ടൂം തന്നെ ഊർജക്ഷമം അല്ലായിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമായാണ് ബിഎൽഡിസി മോട്ടറുകളാൽ പ്രവർത്തിക്കുന്ന ഇൻവെർട്ടർ കംപ്രസറുകൾ വന്നത്. ഇവയുടെ സ്പീഡ് കൺട്രോള്‍ എളുപ്പത്തിൽ സാദ്ധ്യമായതിനാലും കൂടുതൽ ഊർജക്ഷമമാണ്.

കംപ്രസറുകൾ എപ്പോഴും ഓൺ ആയിരിക്കുകയും മുറിയിലെ ക്രമീകരിക്കപ്പെട്ട ഊഷ്മാവിനനുസരിച്ച് കംപ്രസറിന്റെ സ്പീഡ് കൂട്ടുകയും കുറയ്കുകയും ചെയ്‌തുമാണ് ഒരേ താപനില ക്രമീകരിക്കുന്നത്. ഇത്തരത്തിൽ കംപ്രസറിനെ ഡ്രൈവ് ചെയ്യിക്കാനായി ഒരു ഇലക്ട്രോണിക്സ് സർക്യൂട്ട് ബോർഡ് കൂടി ഇത്തരം എ സികളിൽ ഉണ്ടാകും.

സിംഗിൾ ഇൻവെർട്ടർ കംപ്രസർ /ഡ്യുവൽ ഇൻവെർട്ടർ കംപ്രസർ/ ട്രിപ്പിൾ ഇൻവെർട്ടർ കംപ്രസർ
 
സാധാരണ ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസറിൽ ഒരു കംപ്രഷൻ ചേമ്പറും കംപ്രഷൻ നൽകാനായി കറങ്ങുന്ന ഭാഗമായ ഒരു റോട്ടറുമേ ഉണ്ടാകൂ. ഡ്യുവൽ ഇൻവെർട്ടർ കംപ്രസറിൽ രണ്ട് കംപ്രഷൻ ചേമ്പറുകളും ഒരേ ഷാഫ്റ്റിൽ എതിർ ദിശകളിലായി ഘടിപ്പിച്ച (180 ഡിഗ്രി) രണ്ട് റോട്ടറുകളും ഉണ്ടായിരിക്കും. ഇതുകൊണ്ടു തന്നെ കംപ്രസറുകളുടെ സ്റ്റബിലിറ്റി കൂടുകയും വിറയൽ കുറയുകയും കൂടുതൽ ഊർജക്ഷമം ആവുകയും ചെയ്യുന്നു.

അതുപോലെ തന്നെ നിശ്ചിത കപ്പാസിറ്റിക്കായി കുറഞ്ഞ വേഗത്തിൽ കറങ്ങിയാൽ മതി എന്ന ഗുണം കൂടി ഉള്ളതിനാൽ കംപ്രസറുകളുടെ ആയുസും കൂടുന്നു. പ്രമുഖ കമ്പനികൾ എല്ലാം തന്നെ ഇപ്പോൾ ഡ്യുവൽ ഇൻവെർട്ടർ എ സികൾ ആണ് ഉപയോഗിക്കുന്നത്. ട്രിപ്പിൾ ഇൻവെർട്ടർ കംപ്രസർ ടെക്നോളജി സാംസങ് ആണ് ആദ്യമായി അവതരിപ്പിച്ചത്. ഇതിലും   രണ്ട് റോട്ടോറുകളാണുള്ളത്. പക്ഷേ ഇൻവെർട്ടർ മോട്ടോറിന്റെ ഡിസൈൻ വ്യത്യസ്തമാണ്. ഇതിൽ കൂടുതൽ വൈൻഡിംഗുകൾ ഉള്ള 8 പോൾ മോട്ടോർ ആണ് ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ ഡ്യുവൽ ഇൻവെർട്ടർ കംപ്രസറുകളിൽ 4 പോൾ മോട്ടോർ ആണ് ഉള്ളത്. 8 പോൾ മോട്ടോർ ഉള്ളതിനാൽ കംപ്രസർ കൂടുതൽ ഊർജക്ഷമമാവുകയും വിറയലും ശബ്ദവുമെല്ലാം താരതമ്യേന കുറയുകയും പെട്ടന്ന് തന്നെ മുറി തണുപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. ആദ്യകാലങ്ങളിൽ സാംസങ് മാത്രമായിരുന്നു ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഹെയർ, സാൻസൂയ് ,നോക്കിയ തുടങ്ങിയ കമ്പനികളും ഇത് ഉപയോ​ഗിക്കുന്നുണ്ട്.

കംപ്രസറുകൾ പൂർണ്ണമായും ഡിജിറ്റലി പ്രോഗ്രാമുകളിലൂടെ കൺട്രോൾ ചെയ്യാം എന്ന് വന്നതോടെ ഫീച്ചറുകളുടെയും കുത്തൊഴുക്കായി. ഓരോ കമ്പനികളും അവരവരുടേതായ പല പേരുകളിൽ പല ഫീച്ചറുകളും അവതരിപ്പിക്കുന്നു എങ്കിലും മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്കപ്പുറം അടിസ്ഥാനപരമായി ഇവയിൽ ഒന്നും കാര്യമായ വ്യത്യാസങ്ങളില്ല എന്ന് കാണാം
.കൺവെർട്ടബിൾ എസി

5 ഇൻ 1 എസി, 6 ഇൻ 1 എസി, 7 ഇൻ 1 എസി ഇങ്ങനെ പല നമ്പരുകളിലായി കൺവെർട്ടബിൾ എന്ന പേരിൽ പരസ്യ വാചകങ്ങൾ കാണാം. കംപ്രസറുകൾ പ്രോഗ്രാം വഴി കൺട്രോൾ ചെയ്യാമെന്ന് വന്നതോടെ എളുപ്പത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു ഫീച്ചർ ആണിത്. എസിയുടെ കപ്പാസിറ്റി 25% മുതൽ 150 % വരെ വിവിധ സ്റ്റേജുകൾ ആയി കൂട്ടുകയും കുറയ്കുകയും ചെയ്യാനുള്ള ഫീച്ചർ. ഉദാഹരണമായി 1 ടൺ 5 സ്റ്റേജ് കൺവെർട്ടബിൾ ഫീച്ചർ ഉള്ള ഒരു എസി ആണെങ്കിൽ ഉപയോഗത്തിനനുസരിച്ച് അതിന്റെ കപ്പാസിറ്റി 0.25, 0.5, 0.75, 1, 1,25 എന്ന റേഞ്ചിലൊക്കെ മാറ്റാൻ കഴിയും. 

കുറഞ്ഞ കപ്പാസിറ്റിയിൽ കുറഞ്ഞ ഊർജ്ജ ഉപഭോഗമേ ഉണ്ടാവുകയുള്ളു എന്ന ​ഗുണം ഇതിനുണ്ട്. ഒരു മുറിയിൽ ഒരാൾ ഒറ്റയ്‌ക് ഉള്ളപ്പോഴും നാലുപേർ ഉള്ളപ്പോഴും ആവശ്യമായ എയർ കണ്ടീഷണർ കപ്പാസിറ്റിയിൽ വ്യത്യാസമുണ്ടായിരിക്കും. കൺവെർട്ടബിൾ എസി ആണെങ്കിൽ ആവശ്യാനുസരണം ഈ കപ്പാസിറ്റിയിലും മാറ്റങ്ങൾ വരുത്താം. കൺവെർട്ടബിൾ ഫീച്ചർ തന്നെ രണ്ട് തരത്തിലുണ്ട്. ചില മോഡലുകളിൽ ഡൗൺ കൺവെർഷൻ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ. അതായത് കപ്പാസിറ്റി കുറയ്‌കാൻ മാത്രമേ കഴിയൂ. പ്രായോഗിക തലത്തിൽ പറഞ്ഞാൽ വളരെ അധികം ഉപയോഗമുള്ള  ഫീച്ചറായി ഇതിനെ കാണാന്‍ സാധിക്കില്ല.  

എയർ പ്യൂരിഫയർ ഫീച്ചർ
 

സ്ലിറ്റ് എ സിയെ കുറച്ച് അഡീഷണൽ ഫിൽട്ടറുകൾ കൂട്ടിച്ചേർത്ത് ഏറ്റവും എളുപ്പത്തിൽ തന്നെ എയർ പ്യൂരിഫയറുകൾ കൂടി ആക്കി മാറ്റാമെന്നതിനാൽ ഇപ്പോൾ പല കമ്പനികളും എയർ പ്യൂരിഫിക്കേഷൻ എന്ന ഫീച്ചർ കൂടി മാർക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാധാരണ എയർ കണ്ടീഷണറുകൾക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ ഫിൽട്ടർ ക്ലീൻ ചെയ്യേണ്ടതുണ്ടെങ്കിൽ ഇവയ്‌ക് എല്ലാ മാസവും ചെയ്യേണ്ടി വരും. അല്ലെങ്കിൽ അതനുസരിച്ച് പൊടീ അടിഞ്ഞ് എയർ ഫ്ലോ കുറയും. സെൽഫ് ക്ലീനിംഗ് സംവിധാനമുള്ള മോഡലുകൾ ഉണ്ടെങ്കിലും പൊടി കളയാൻ ഫിൽട്ടറുകൾ അഴിച്ചെടുത്ത് ക്ലീൻ ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് ടൂൾസ് ഒന്നും ആവശ്യമില്ലാതെ കൈ കൊണ്ട് തന്നെ അഴിച്ചെടുത്ത് സ്വയം ക്ലീൻ ചെയ്യാവുന്ന തരത്തിലുള്ളവയാണ് ഇത്തരം എയർ പ്യൂരിഫിക്കേഷൻ ഫീച്ചർ ഉള്ള എയർ കണ്ടീഷണറുകൾ.

വൈഫൈ കണക്റ്റഡ് എസി

5 ജി കാലഘട്ടത്തിൽ ഗാർഹിക ഉപകരണങ്ങളെല്ലാം കണക്റ്റഡ് ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എയർ കണ്ടീഷണറുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒപ്ഷനുകളോട് കൂടി ലഭ്യമാണ്. ലോകത്ത് എവിടെ ഇരുന്നുകൊണ്ടൂം നിങ്ങളുടെ വീട്ടിലെ എ സികൾ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചോ അലക്സ, ഗൂഗിൾ ഹോം പോലെയുള്ള വോയ്‌സ് കമാൻഡ് സർവീസുകൾ ഉപയോഗിച്ചോ നിയന്ത്രിക്കാവുന്നതാണ്.

വീട്ടിൽ വരുന്നതിനു മുൻപേ എ സി ഓൺ ആക്കി ഇട്ട് മുറി തണുപ്പിക്കുക, ആവശ്യമായ ടെമ്പറേച്ചർ സെറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇതുവഴി സാദ്ധ്യമാകുന്നു. വൈഫൈ ഓപ്ഷൻ ഉള്ള എ സി മോഡലുകൾക്ക് വില നിലവിൽ അല്പം കൂടുതൽ ആണെങ്കിലും 1000 രൂപയിൽ താഴെ വില വരുന്ന വൈഫൈ കൺട്രോൾഡ് IR ബ്ലാസ്റ്ററുകൾ വിപണിയിൽ ലഭ്യമാണ്. അതു വഴി വൈഫൈ എ സിയുടെ എല്ലാ ഫീച്ചറുകളും സാധാരണ എ സിയിലും ലഭ്യമാക്കാവുന്നതാണ്.എനർജി റേറ്റിംഗ്

​ഗാർഹിക ഉപകരണങ്ങൾക്കെല്ലാം ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നൽകുന്ന എനർജി റേറ്റിംഗ് നമ്പരുകൾ ഉണ്ട്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് ഒരു ഉപകരണം എത്രമാത്രം ഊർജക്ഷമമാണെന്നും ശരാശരി എത്ര വൈദ്യുതി ഉപയോഗിക്കുമെന്നുമൊക്കെയുള്ള ധാരണ ലഭിക്കുകയും അതുവഴി ഉപകരണങ്ങളെ താരതമ്യപ്പെടുത്താന്‍ അവസരം ലഭിക്കുകയും ചെയ്യും.  Indian Seasonal Energy Efficiency Ratio (ISEER) ആണ് എ സികളൂടെ ഊർജക്ഷമത വിലയിരുത്തുന്നത്. മറ്റേത് ഉപകരണങ്ങളെ പോലെയും 1 മുതൽ 5 വരെയുള്ള സ്റ്റാർ റേറ്റിംഗ് ആണ് എ സികൾക്കുമുള്ളത്.

5 സ്റ്റാർ എ സികൾ ആണ് ഏറ്റവും കൂടുതൽ ഊർജക്ഷമവും വൈദ്യുത ഉപഭോഗം കുറഞ്ഞതും. കൂടുതൽ ഊർജക്ഷമം ആകാനും വൈദ്യുത ഉപഭോഗം കുറയ്ക്കാനും സാങ്കേതിക വിദ്യകളും ഗുണനിലവാരവും മെച്ചെപ്പെടുത്തേണ്ടി വരുന്നതിനാൽ വിലയും അതനുസരിച്ച് കൂടുതൽ ആയിരിക്കും. എനർജി റേറ്റിംഗ് അഥവാ സ്റ്റാർ റേറ്റിംഗിനു ലേബൽ പീരിയഡ് ഉണ്ട്. നിലവിൽ എയർ കണ്ടീഷണറൂകളുടെ ലേബൽ പീരിയഡ് 2022 -24 ആണ്. അതായത് 2022 ൽ പുതുക്കിയ മാനദണ്ഡങ്ങൾ 2024 വരെ തുടരും എന്നർത്ഥം. 2022ന് മുൻപ് ഉണ്ടായിരുന്ന 5 സ്റ്റാർ എ സി 2022നു ശേഷം വരുന്ന മാനദണ്ഡങ്ങൾ പ്രകാരം 4 സ്റ്റാറോ 3 സ്റ്റാറോ ആയി മാറിയേക്കാം. അതുകൊണ്ട് തന്നെ ഉപകരണങ്ങൾ വാങ്ങുമ്പോൾ സ്റ്റാർ മാത്രം നോക്കാതെ ലേബൽ പീരിയഡ് കൂടി നോക്കുക.

സ്റ്റാർ റേറ്റിംഗ് മാത്രം നോക്കുന്ന ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് പലപ്പോഴും വ്യാപാരികൾ പഴയ എനർജി ലേബൾ ഉള്ള എ സികൾ വളരെ വിലക്കുറച്ച് വിൽക്കാറുണ്ട്. 5 സ്റ്റാർ വേണമോ 3 സ്റ്റാർ വേണമോ എന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ ഉപയോഗത്തെ അനുസരിച്ചായിരിക്കണം. രാത്രി കാലങ്ങളിലും നല്ല വേനൽ കാലത്തുമൊക്കെ ഉറങ്ങാൻ മാത്രമുള്ള ഉപയോഗത്തിനാണെങ്കിൽ വലിയ വില വ്യത്യാസമുണ്ടെങ്കിൽ 5 സ്റ്റാർ മോഡലുകൾ വാങ്ങേണ്ടതില്ല. 3 സ്റ്റാർ തന്നെ   മതിയാകും. 24 മണിക്കൂറും ഓൺ ചെയ്‌ത് ഇടുന്ന ഉപയോഗത്തിനാണെങ്കിൽ 5 സ്റ്റാർ മോഡലുകൾ തന്നെ തെരഞ്ഞെടുക്കുക.

വാറന്റി,- ഗ്യാരണ്ടി

 എ സികൾ കൂടുതൽ പവർ ഉപയോഗിക്കുന്നതും കൂടുതൽ സമയം പ്രവർത്തിക്കുന്നതുമായ ഉപകരണങ്ങൾ ആയതിനാൽ സ്വാഭാവികമായും അവ കേടാകാനുള്ള സാദ്ധ്യതയും സാഹചര്യവും കൂടുതൽ ആയിരിക്കും. അതുകൊണ്ട് മറ്റ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വിൽപ്പനാനന്തര സേവനം വളരെ പ്രധാനപ്പെട്ടതാണ്.

പൊതുവേ മൂന്നു തരത്തിൽ ആണ് എ സികളൂടെ വാറന്റി സർവീസ് കമ്പനികൾ ഓഫർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാറന്റിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എല്ലാ കമ്പനികളൂം ചുരുങ്ങിയത് 1 വർഷം ഫുൾ വാറന്റി നൽകാറുണ്ട്. അതായത് ആദ്യ ഒരു വർഷം എന്ത് തകരാറുണ്ടായാലും കമ്പനികൾ സൗജന്യമായി അത് പരിഹരിച്ച് നൽകും. ഇതോടൊപ്പം തന്നെ ഇക്കാലത്ത് മിക്ക കമ്പനികളും 10 വർഷമൊക്കെ കംപ്രസർ വാറന്റി നൽകാറുണ്ട്. ഇൻവെർട്ടർ കംപ്രസർ എ സികളുടെ കംപ്രസറുകൾ അല്ല പൊതുവേ തകരാറിലാകുന്നത്. അതിന്റെ ഡ്രൈവ് പി സി ബി ആണ്. ഫലമോ വാറന്റി പീരിയഡ് തീർന്നതിനു ശേഷം ബോർഡ് തകരാറിലാകുന്നത് വഴി വൻ തുക ഉപഭോക്താക്കൾക്ക് നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ കംപ്രസർ വാറന്റിക്കൊപ്പം പി സി ബി വാറന്റി കൂടെ നൽകുന്നുണ്ടോ എന്ന് നോക്കുക.

5 വർഷമൊക്കെ പി സി ബി വാറന്റി നൽകുന്ന കമ്പനികൾ ഉണ്ട്. ഇതിൽ തന്നെ പി സി ബി ഔട് ഡോർ, ഇൻഡോർ എന്നിവയ്ക്ക് പ്രത്യേകമായി നൽകുന്ന കമ്പനികളും ഉണ്ട്. അതെല്ലാം വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കുക. ചില കമ്പനികൾ 5 വർഷം കോമ്പ്രിഹെൻസീവ് വാറന്റിയും നൽകുന്നുണ്ട്. അതായത് 5 വർഷത്തേക്ക് ഗ്യാസ് ഫില്ലിംഗ് ഉൾപ്പെടെ എന്ത് പ്രശ്നം ഉണ്ടെങ്കിലും സൗജന്യമായി പരിഹരിക്കപ്പെടൂം. എ സികളെ സംബന്ധിച്ചിടത്തോളം വാറന്റി വളരെ പ്രധാനപ്പെട്ടതായതിനാൽ ഒരിക്കലും അതിൽ കോംപ്രമൈസ് ചെയ്യാതിരിക്കുക. കോംപ്രഹെൻസീവ് വാറന്റി കിട്ടിയില്ലെങ്കിലും പി സി ബി വാറന്റി എങ്കിലും 5 വർഷത്തേക്ക് നൽകുന്ന മോഡലുകൾ തെരഞ്ഞെടുക്കുക. എല്ലാവരും ഇങ്ങനെ ഒരു തീരുമാനമെടുത്താൽ എല്ലാ കമ്പനികളും ഇത്തരത്തിൽ ബോർഡ് വാറന്റി നൽകാൻ നിർബന്ധിതരാകും.

 സ്റ്റബിലൈസർ
 
 പഴയ നോൺ ഇൻവെർട്ടർ ടൈപ്പ് എ സികൾക്ക് വളരെ കൂടുതൽ സ്റ്റാർട്ടിംഗ് കറന്റ് ആവശ്യമായിരുന്നതിനാലും ഒട്ടൂം തന്നെ ഊർജക്ഷമം അല്ലാതിരുന്നതിനാലും സ്വന്തമായി വോൾട്ടേജ് റഗുലേഷൻ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാലും വോൾട്ടേജ് സ്റ്റബിലൈസറുകൾ നിർബന്ധമായിരുന്നു. സ്റ്റബിലൈസറുകൾ ഇല്ലെങ്കിൽ പലയിടത്തും ഇത്തരം എയർ കണ്ടീഷണറൂകൾ ഓൺ ആവുക പോലും ചെയ്‌തിരുന്നില്ല.

അതു കൊണ്ട് തന്നെ എ സികളോടൊപ്പം സ്റ്റബിലൈസറുകളൂം കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ  പഴയതുപോലെ ലോ വോൾട്ടേജ് പ്രശ്നങ്ങൾ കുറവാണ്. അതുപോലെ ഡിജിറ്റൽ ഇൻവെർട്ടർ സാങ്കേതിക വിദ്യയിൽ കൂടുതൽ സ്റ്റാർട്ടിംഗ് കറന്റ് എടുക്കുന്നില്ല. കംപ്രസ്സറുകൾ ഓൺ ഓഫ് ആകുന്നില്ല, കംപ്രസറിലേക്ക് ആവശ്യമായ പവർ സപ്ലെ നൽകുന്ന സർക്യൂട്ട് ബോർഡിൽ തന്നെ വോൾട്ടേജ് റഗുലേറ്റിംഗ് മെക്കാനിസം ഉണ്ട്. അതിനാൽ തന്നെ 160 വോൾട്ട് മുതൽ 260 വോൾട്ട് വരെയൊക്കെയുള്ള റേഞ്ചിൽ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കും.

ഇക്കാരണങ്ങളാലൊകെ ആധുനിക എ സികൾക്ക് സ്റ്റബിലൈസറുകൾ ആവശ്യമില്ല. കാര്യമായ വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്റ്റബിലൈസറുകൾ ഉപയോഗിക്കുക. സ്റ്റബിലൈസറുകളേക്കാൾ പ്രാധാന്യം സർജ് പ്രൊട്ടക്റ്ററുകൾക്കും സർജ് സപ്രസ്സറുകൾക്കും ആണ്.

 


എത് കമ്പനി  
ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം ആണിത്. എല്ലാ പ്രമുഖ കമ്പനികൾക്കും എയർ കണ്ടീഷണർ ബിസിനസ് കൂടി ഉണ്ട്. വൈദ്യുതോപകരണങ്ങളുടെ കാര്യമായതിനാൽ "ചെലോർടെ ശരിയാകും ചെലോർടെ ശരിയാകില്ല" എന്ന് പറഞ്ഞതുപോലെ ആണ്. ഒരേ കമ്പനിയുടെ തന്നെ ഒരു മോഡൽ വളരെ ഗുണനിലവാരമുള്ളതും മറ്റൊരു മോഡൽ ദുരന്തവും ആകുന്ന കേസുകൾ എത്രയോ ഉണ്ട്. ഏത് ബ്രാൻഡ് ആയാലും വിൽപ്പനാനന്തര സേവനം നല്ലതാണോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വാങ്ങുക. ഏതെങ്കിലും ഒരു മോഡൽ സെലക്റ്റ് ചെയ്യുന്നതിനു മുൻപ് അതിനെക്കുറിച്ച് ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ലഭിക്കുന്ന ഫീഡ് ബാക്കുകൾ പരിശോധിച്ച് ഒരു തീരുമാനമെടുക്കുക.

ഇൻസ്റ്റലേഷൻ സപ്പോർട്ട്
 
നിങ്ങളുടെ വീട്ടിൽ എ സി ഔട് ഡോർ യൂണിറ്റും ഇൻഡോർ യൂണിറ്റും വയ്കുന്ന സ്ഥലം അനുസരിച്ച് ഇൻസ്റ്റലേഷൻ  ചെലവുകളും വ്യത്യാസപ്പെട്ടിരിക്കും. പൊതുവേ എ സികൾക്കൊപ്പം മൂന്നു മീറ്റർ മാത്രമാണ് സ്റ്റാൻഡേഡ് ഫിറ്റിംഗ് ആയി കോപ്പർ പൈപ്പ് വരാറുള്ളത്. അതിൽ കൂടുതൽ ദൂരെ ഔട് ഡോർ യൂണിറ്റ് വയ്ക്കണമെങ്കിൽ കോപ്പർ പൈപ്പിനായി അധികം വില നൽകേണ്ടി വരും.

സ്റ്റാൻഡേഡ് ഫിറ്റിംഗ് ചാർജ് ആയി 1200 മുതൽ 2000 രൂപ വരെ പല കമ്പനികളും വാങ്ങാറുണ്ടെങ്കിലും സ്റ്റാൻഡ്, അഡീഷണൽ കോപ്പർ പൈപ്പ്, അഡീഷണൽ വയർ, പവർ പ്ലഗ് എന്നു വേണ്ട പല വിഭാഗങ്ങളിൽ ആയി അധിക ചെലവുകൾ വന്നേക്കാം. ഇക്കാര്യത്തിലൊക്കെ ഒരു മുൻ ധാരണ ഉണ്ടാകുന്നത് നല്ലതാണ്. പല എ സികൾക്കൊപ്പവും പവർ പ്ലഗ് പോലും ലഭിക്കാറില്ല. AC ഔട് ഡോർ യൂണിറ്റുകൾ ഫിറ്റ് ചെയ്യാൻ പ്രത്യേകം സ്റ്റാൻഡുകൾ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നേരിട്ട് സൺ ഷേഡിലും മറ്റും ബോൾട്ട് ചെയ്ത് പിടീപ്പിക്കാൻ സൗകര്യമുണ്ടെങ്കിൽ ചെയ്യാവുന്നതാണ്. പക്ഷേ പൊതുവേ ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവർ സ്റ്റാൻഡ് കൂടി വാങ്ങണമെന്ന് നിർബന്ധം പിടിക്കാറുണ്ട്.

500 രൂപ റേഞ്ചിൽ സ്റ്റാൻഡുകൾ ലഭ്യമാണെങ്കിലും ഏറ്റവും കുറഞ്ഞത് 1000 രൂപ എങ്കിലും സ്റ്റാൻഡുകൾക്കായി ഈടാക്കാറുണ്ട്. ഇൻസ്റ്റലേഷൻ  സൗജന്യമായി പല ഷോറൂമുകളും ഓഫർ ചെയ്യാറുണ്ട്. ഈ സൗജന്യ ഇൻസ്റ്റലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തുന്നു എന്ന കാര്യം നേരത്തേ തന്നെ അറിഞ്ഞ് വെക്കണം.  

മറ്റ് ഫീച്ചറുകൾ 

പല കമ്പനികളും മാർക്കറ്റിംഗിന്റെ ഭാഗമായി അടിസ്ഥാന സാങ്കേതിക വിദ്യകളെ തന്നെ പല പേരുകളിൽ അവതരിപ്പിച്ച് പരസ്യം ചെയ്യാറുണ്ട്. ഇത്തരം ഗിമ്മിക്കുകളിൽ വീഴാതിരിക്കുക. അനാവശ്യമായ ഫാൻസി ഫീച്ചറുകൾക്കായി അധികം പണം ചെലവാക്കുന്നതിനു പകരമായി കൂടുതൽ കാലം വാറന്റി സപ്പോർട്ട് പോലെയുള്ളവ നൽകുന്ന ബ്രാൻഡുകളും മോഡലുകളും തെരഞ്ഞെടുക്കുക.

ഓൺലൈൻ വാങ്ങണോ കടയിൽ നിന്ന് വാങ്ങണോ

പൊതുവേ ഗാർഹികോപകരണങ്ങൾക്ക് ഓൺലൈൻ സ്റ്റോറുകളിൽ താരതമ്യേന വലിയ വിലക്കുറവുകളും ഓഫറുകളും കിട്ടാറൂണ്ടെങ്കിലും ഇപ്പോൾ എയർ കണ്ടീഷണറുകളുടെ കാര്യത്തിൽ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറുകളേക്കാൽ വിലക്കുറവും ഓഫറുകളൂം കാണാൻ കഴിയുന്നുണ്ട്.

അതുപോലെ തന്നെ എക്സ്റ്റൻഡഡ് വാറന്റി, സൗജന്യ ഇൻസ്റ്റലേഷൻ, ക്രഡിറ്റ് കാർഡ് ഓഫറുകൾ, നോ കോസ്റ്റ് ഇ എം ഐ തുടങ്ങിയവയെല്ലാം മിക്ക പ്രമുഖ കടകളും നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ എ സികളുടെ കാര്യത്തിൽ കണ്ണടച്ച് ഓൺലൈൻ ഓർഡർ ചെയ്യുന്നതിനു മുൻപ് അടുത്തുള്ള കടകളിൽ കൂടി അന്വേഷിക്കുന്നതായിരിക്കും ബുദ്ധി. വിവരങ്ങൾ വിരൽ തുമ്പത്ത് കിട്ടുന്ന ഇക്കാലത്ത് സെയിൽസ്‌മാന്റെ വാചകക്കസർത്തുകളിലും വീഴരുത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top