26 April Friday

ബൈ ബൈ ഇബ്ര ; ഇബ്രാഹിമോവിച്ചിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

image credit Zlatan Ibrahimovic twitter


സാൻ സിറോ
‘ഭാവിയെപ്പറ്റി എല്ലാവരും ചോദിക്കുമ്പോൾ ഓടിയൊളിക്കുമായിരുന്നു ഞാൻ. പക്ഷേ, ഇന്ന്‌ ഞാനതിന്‌ തയ്യാറാണ്‌. സമയമായിരിക്കുന്നു’–- സ്വീഡിഷ്‌ ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. എസി മിലാനിൽനിന്ന്‌ വിടപറയാനെത്തിയ നാൽപ്പത്തൊന്നുകാരൻ പക്ഷേ, പ്രൊഫഷണൽ കളിജീവിതം മതിയാക്കുകയാണെന്ന്‌ സാൻ സിറോ സ്‌റ്റേഡിയത്തിൽനിന്ന്‌ അറിയിച്ചു. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ മിലാൻ– ഹെല്ലസ്‌-വെറോണ മത്സരശേഷമായിരുന്നു നാടകീയ പ്രഖ്യാപനം.

കളത്തിൽ 24 വർഷമായുണ്ട്‌. ആകെ 988 കളികൾ, 573 ഗോളുകൾ, 35 കിരീടങ്ങൾ. ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്‌, യുവന്റസ്‌, പിഎസ്‌ജി, അയാക്‌സ്‌ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി പന്തുതട്ടി. സ്വീഡനായി 122 കളിയിൽ 62 ഗോളുകളുമുണ്ട്‌. എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. രണ്ട്‌ ലോകകപ്പിൽ കളിച്ചു.

സമ്പൂർണ സ്‌ട്രൈക്കറാണ്‌ ഇബ്രാഹിമോവിച്ച്‌. ആറടി അഞ്ചിഞ്ചാണ്‌ ഉയരം. ശാരീരികക്ഷമതയിൽ ചെറുപ്പക്കാരെ വെല്ലും. കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കാര്യത്തിൽ ആർക്കും മാതൃക. സ്വീഡനിലെ മാൽമോയിൽ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. സൗജന്യമായി കിട്ടുന്ന ഉച്ചഭക്ഷണത്തിനുവേണ്ടിയാണ്‌ സ്‌കൂളിൽ പോയിരുന്നതെന്ന്‌ ആത്മകഥയിലുണ്ട്‌. പഠനത്തിൽ പിന്നിലായ ബാലൻ പന്തുകളിയിൽ എല്ലാവരെയും പിന്നിലാക്കി. എട്ടാംവയസ്സിൽ പ്രാദേശിക ക്ലബ്ബിൽ കളി തുടങ്ങി. പതിനെട്ടാംവയസ്സിൽ മാൽമോ എഫ്‌എഫിലൂടെയായിരുന്നു സീനിയർ അരങ്ങേറ്റം. പിന്നീട്‌ തിരിഞ്ഞുനോട്ടമുണ്ടായില്ല. ചെന്നിടത്തെല്ലാം ഗോളടിച്ചുകൂട്ടി. ഇംഗ്ലണ്ടിലും ഇറ്റലിയിലും ഫ്രാൻസിലുമെല്ലാം ആധിപത്യം പുലർത്തി.

2016ൽ സ്വീഡൻ ദേശീയ ടീമിൽനിന്ന്‌ വിരമിച്ചെങ്കിലും അഞ്ചു വർഷത്തിനുശേഷം തിരിച്ചുവന്നു. ഖത്തർ ലോകകപ്പിന്‌ ടീം യോഗ്യത നേടാതെ പോയതോടെയായിരുന്നു മടങ്ങിവരവ്‌. മാർച്ച്‌ 25ന്‌ ബൽജിയത്തിനെതിരെയായിരുന്നു ദേശീയ കുപ്പായത്തിലെ അവസാന മത്സരം. മിലാനിലേത് മാർച്ച് 18ന് ഉഡിനീസിനെതിരെയും. പിന്നീട് പരിക്ക് തളർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top