19 March Tuesday

ഈ അഭിമാന മെഡലുകളിൽ കണ്ണീരാണ്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

സാക്ഷി, 2016ലെ റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി വെങ്കലമെഡൽ പൊരുതി നേടി. വിനേഷ് രണ്ട്‌ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്‌. കോമൺവെൽത്ത്‌ ഗെയിംസിൽ 
മൂന്നുതവണ ചാമ്പ്യനായി. ബജ്‌രങ്‌ കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ താരമാണ്‌

ന്യൂഡൽഹി
ഒരുകാലത്ത്‌ അവർ അഭിമാനതാരങ്ങളായിരുന്നു. ഇപ്പോൾ കായിക ഇന്ത്യയുടെ കണ്ണീർ ചിത്രങ്ങളും. ഗുസ്‌തിയിൽ രാജ്യത്തിന്‌ അഭിമാനനേട്ടങ്ങൾ സമ്മാനിച്ച താരങ്ങളാണ്‌ സാക്ഷി മാലിക്കും ബജ്‌രങ്‌ പൂണിയയും വിനേഷ്‌ ഫൊഗട്ടും. മുപ്പതുകാരിയായ സാക്ഷി, 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി വെങ്കലമെഡൽ പൊരുതി നേടി. രാജ്യത്തെ കായികതാരങ്ങളുടെ പ്രചോദനമാണ്‌ സാക്ഷി എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന്‌ ട്വീറ്റ്‌ ചെയ്‌തത്‌.

കോമൺവെൽത്ത്‌ ഗെയിംസിൽ ഏറെ നേട്ടങ്ങൾ കൊയ്‌തു. ബർമിങ്‌ഹാമിലെ കഴിഞ്ഞ പതിപ്പിൽ പൊന്നണിഞ്ഞു. ഗ്ലാസ്‌ഗോയിൽ വെള്ളിയും ഗോൾഡ്‌ കോസ്‌റ്റിൽ വെങ്കലവും ലഭിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാല്‌ വെങ്കലം കിട്ടിയിട്ടുണ്ട്‌. ഒരുതവണ വെള്ളിയും. ഹരിയാനയിലെ റോത്തക്കിൽ ഒരു ബസ്‌ കണ്ടക്‌ടറുടെ മകളായി ജനിച്ച സാക്ഷി പ്രതിസന്ധികൾ തരണംചെയ്‌താണ്‌ മുന്നേറിയത്‌. രാജ്യത്ത പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം 2016ൽ ലഭിച്ചു. ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ്‌ ഭൂഷണെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയതോടെ സാക്ഷിയുടെ നേട്ടങ്ങൾ രാജ്യം മറന്നു. നീതിനിഷേധത്തിനെതിരെ തെരുവിൽ പൊരുതുന്ന സാക്ഷിക്കൊപ്പമുള്ള വിനേഷ്‌ ഫൊഗട്ടും രാജ്യത്തിന്‌ അഭിമാനനേട്ടങ്ങൾ നൽകിയ താരമാണ്‌.

ഹരിയാനയിൽനിന്നുതന്നെയുള്ള ഈ ഇരുപത്തെട്ടുകാരി രണ്ട്‌ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയിട്ടുണ്ട്‌. കോമൺവെൽത്ത്‌ ഗെയിംസിൽ മൂന്നുതവണ ചാമ്പ്യനായി. റിയോ ഒളിമ്പിക്‌സിനിടെ ഗുരുതരമായി പരിക്കേറ്റ വിനേഷ്‌ തളരാത്ത പോരാട്ടവീര്യംകൊണ്ടാണ്‌ ഗോദയിൽ തിരിച്ചെത്തിയത്‌. രാജ്യത്തെ മറ്റ്‌ കായികതാരങ്ങൾ സമരത്തിന്‌ പിന്തുണ നൽകാത്തതിനെ വിനേഷ്‌ ശക്തമായി വിമർശിച്ചിരുന്നു. ശേഷമാണ്‌ ക്രിക്കറ്റ്‌ രംഗത്തുനിന്നുപോലും കായികതാരങ്ങൾ പ്രതികരിക്കാൻ തുടങ്ങിയത്‌.

വനിതാ താരങ്ങൾക്ക്‌ ശക്തമായ പിന്തുണയുമായി ഒപ്പമുള്ള ബജ്‌രങ്‌ കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ താരമാണ്‌. കോമൺവെൽത്ത്‌ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ വാരിക്കൂട്ടി. 2019ൽ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. സാക്ഷി മാലിക്കിന്റെ ഭർത്താവും കോമൺവെൽത്ത്‌ ഗെയിംസ്‌ മെഡൽ ജേതാവുമായ സത്യവാർത്‌ കാഡിയാൻ, സംഗീത ഫോഗട്ട്‌, സോംവീർ രതീ എന്നിവരും ഒപ്പമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top