08 May Wednesday
ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്‌

ഇടിക്കൂട്ടിൽ 
മെഡൽക്കൊയ്‌ത്ത്‌ ; നിഖാത്, നിതു, ലവ്ലിന, സ്വീറ്റി ഫെെനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

image credit Boxing Federation of india twitter


ന്യൂഡൽഹി
ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നാല്‌ താരങ്ങൾ ഫൈനലിൽ. ലവ്‌ലിന ബൊർഗോഹെയ്‌ൻ (75 കിലോ), നിഖാത്‌ സരീൻ (50 , നിതു ഗംഗാസ്‌ (48 ), സ്വീറ്റി ബൂറ (81) എന്നിവരാണ്‌ ഫൈനലിലേക്ക്‌ മുന്നേറിയത്‌. ഞായറാഴ്‌ചയാണ്‌ ഫൈനൽ.

കോമൺവെൽത്ത്‌ ഗെയിംസ്‌ ചാമ്പ്യനായ നിതു കസാക്കിസ്ഥാന്റെ അലുയ ബാൽകിബെകോവയെയാണ്‌ സെമിയിൽ തോൽപ്പിച്ചത്‌. ആദ്യ റൗണ്ടിൽ പതറിപ്പോയ ഹരിയാനക്കാരി അടുത്ത രണ്ട്‌ റൗണ്ടിലും കരുത്തുറ്റ പ്രകടനത്തോടെ തിരിച്ചുവന്നു. ആദ്യ റൗണ്ടിൽ 2–-3ന്‌ നിതു പിന്നിലായി. എന്നാൽ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ താരത്തിന്റെ മികവിന്‌ മുന്നിൽ അലുയക്ക്‌ പിടിച്ചുനിൽക്കാനായില്ല. അവസാന മൂന്ന്‌ മിനിറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ജയം നിതുവിനൊപ്പംനിന്നു. ഫൈനലിൽ 2022ലെഏഷ്യൻ  ചാമ്പ്യൻഷിപ്‌ വെങ്കല മെഡൽ ജേതാവ്‌ മംഗോളിയയുടെ ലുറ്റ്‌സായ്‌ഖാൻ അൾടാൻസ്‌റ്റെസെഗിനെ ഇരുപത്തിരണ്ടുകാരി നേരിടും.

അമ്പത്‌ കിലോ വിഭാഗത്തിൽ കൊളംബിയയുടെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ്‌ ഇൻഗ്രിത്‌ വലെൻസിയയെ അനായാസം നിഖാത്‌ മറികടന്നു (5–-0). തുടർച്ചയായ രണ്ടാംതവണയാണ്‌ നിഖാത് ലോക ചാമ്പ്യൻഷിപ്‌ ഫൈനലിൽ എത്തുന്നത്‌. 2022ൽ 52 കിലോ വിഭാഗത്തിൽ ചാമ്പ്യനായി. രണ്ട്‌ തവണ ഏഷ്യൻ ചാമ്പ്യനായ വിയത്‌നാമിന്റെ എൻഗുയെൻ തി താമാണ്‌ ഫൈനലിലെ എതിരാളി.

ടോക്യോ ഒളിമ്പിക്‌സ്‌ വെങ്കല മെഡൽ ജേതാവ്‌ ലവ്‌ലിന കടുത്ത പോരാട്ടത്തിൽ ചൈനയുടെ ലി ക്വിയാനെ മറികടന്നാണ്‌ ഫൈനലിൽ എത്തിയത്‌. ആദ്യ റൗണ്ടിൽ തകർപ്പൻ ഇടികളുമായി ചൈനീസ്‌ താരത്തെ പിന്നിലാക്കി ലവ്‌ലിന രണ്ടാം റൗണ്ടിൽ തളർന്നു. എന്നാൽ അവസാന റൗണ്ടിൽ എതിരാളിയെ നിലയുറപ്പിക്കാൻ വിട്ടില്ല.
ഓസ്‌ട്രേലിയയുടെ സുതെ എമ്മ ഗ്രീൻട്രീയെയാണ്‌ സ്വീറ്റി തോൽപ്പിച്ചത്‌. മൂന്ന്‌ റൗണ്ടിലും ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. ഒടുവിൽ 4–-3നായിരുന്നു ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top