26 April Friday

വിംബിൾഡൺ ടെന്നീസിന് ഇന്ന്‌ തുടക്കം ; മിന്നാൻ സെറീനയും നദാലും

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

image credit wimbledon twitter


ലണ്ടൻ
വിംബിൾഡൺ ടെന്നീസിന് ഇന്ന്‌ തുടക്കം. ഒരുവർഷത്തിനുശേഷമുള്ള സെറീന വില്യംസിന്റെ തിരിച്ചുവരവാണ് വിംബിൾഡണിന്റെ പ്രത്യേകത. 23–ാം ഗ്രാൻഡ് സ്ലാം കിരീടമാണ് അമേരിക്കക്കാരിയുടെ ലക്ഷ്യം. പുരുഷന്മാരിൽ റാഫേൽ നദാലിന്റെയും ലക്ഷ്യം 23–ാം ഗ്രാൻഡ് സ്ലാം കിരീടമാണ്. നിലവിലെ ചാമ്പ്യൻ നൊവാക് ജൊകോവിച്ച്, യുവതാരം കാർലോസ് അൽകാരെസ്, സ്റ്റെഫനോസ് സിറ്റ്സിപാസ്, മറ്റിയോ ബെറിട്ടിനി എന്നിവരും രംഗത്തുണ്ട്. വനിതകളിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഇഗ ഷ്വാംടെക്, എമ്മ റഡുകാനു, കൊകൊ ഗൗഫ് എന്നിവരാണുള്ളത്.

ഉക്രയ്നിലെ സെെനീകനീക്കത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ റഷ്യൻ താരങ്ങളെ വിലക്കിയിട്ടുണ്ട്. അതിനാൽ പുരുഷവിഭാഗം ഒന്നാംറാങ്കുകാരൻ ഡാനിൽ മെദ്-വെദെവ് ഇക്കുറിയില്ല. പരിക്ക്‌ കാരണം റോജർ ഫെ-ഡററും അലെക്സാണ്ടർ സ്വരേവും കളിക്കുന്നുമില്ല.

വനിതകളിൽ നാൽപ്പതുകാരിയായ സെറീന കഴിഞ്ഞവർഷം വിംബിൾഡണിലാണ് അവസാനമായി ഗ്രാൻഡ് സ്ലാം കളിച്ചത്. ആദ്യറൗണ്ടിൽ പരിക്കേറ്റ് മടങ്ങുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കളത്തിലേക്ക് തിരിച്ചെത്തിയത്. ഡബിൾസിൽ ഇറങ്ങി. വിംബിൾഡണിൽ മിക്കവാറും അവസാനത്തെ അവസരമായിരിക്കും അമേരിക്കക്കാരിക്ക്. 1204–ാംറാങ്കിലുള്ള സെറീന വെെൽഡ് കാർഡ് എൻട്രിയിലൂടെയാണ് വിംബിൾഡണിലെത്തിയത്. ഇവിടെ സിംഗിൾസിൽ ഏഴു കിരീടമുണ്ട്. ആദ്യറൗണ്ടിൽ ഫ്രാൻസിന്റെ ഹാർമണി ടാനാണ് എതിരാളി.

ഫ്രഞ്ച് ഓപ്പണിൽ 24–ാംകിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ് നദാലിന്റെ വരവ്. എന്നാൽ, കാൽപ്പാദത്തിലെ പരിക്ക് മുപ്പത്താറുകാരന് തിരിച്ചടിയാണ്. ആദ്യറൗണ്ടിൽ അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുണ്ടോലോയാണ് എതിരാളി. ഒന്നാംസീഡ് ജൊകോവിച്ചിന് 21–ാം ഗ്രാൻഡ് സ്ലാം കിരീടമാണ് ലക്ഷ്യം. ആദ്യറൗണ്ടിൽ ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ വൂ ആണ്‌ എതിരാളി.

രണ്ടുതവണ ചാമ്പ്യനായ ബ്രിട്ടന്റെ ആൻഡി മറെയും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. വനിതാ ഡബിൾസിൽ ഇന്ത്യൻ സാനിയ മിർസ ചെക്ക് റിപ്പബ്ലിക് താരം ലൂസി ഹ്രഡേക്കയുമായി ഇറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top