25 April Thursday

വിംബിൾഡൺ ടെന്നീസ് : ഇഗ തുടങ്ങി ; മറെ രണ്ടാം റൗണ്ടിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

Photo Credit: Twitter/iga swiatek


ലണ്ടൻ
ഇഗ ഷ്വിയാടെക്കിന്റെ കുതിപ്പ്‌ തുടരുന്നു. പാരിസിലെ കളിമൺ കോർട്ടിൽ കാണിച്ച വിസ്‌മയം ലണ്ടനിലെ പച്ചപ്പുൽ കോർട്ടിലും ഇരുപത്തൊന്നുകാരി തുടർന്നു. വിംബിൾഡൺ വനിതാ സിംഗിൾസിലെ ആദ്യകളിയിൽ ക്രൊയേഷ്യക്കാരി ജാന ഫെറ്റിനെ എതിരില്ലാത്ത സെറ്റുകൾക്ക്‌ തകർത്തു. സ്‌കോർ: 6–-0, 6–-3.

ഇഗയുടെ തുടർച്ചയായ 36–-ാംജയമാണിത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്രയും തുടർജയം നേടിയ ആദ്യ വനിതാതാരമായി പോളണ്ടുകാരി. വീനസ്‌ വില്യംസിനെ (35 ജയം) മറികടന്നു. 74 ജയമുള്ള മാർട്ടിന നവരത്ലോവയുടെ പേരിലാണ്‌ റെക്കോഡ്‌.

ഫ്രഞ്ച്‌ ഓപ്പൺ നേടിയ പെരുമയുമായാണ്‌ ഇഗ വിംബിൾഡണിന്‌ എത്തിയത്‌. ലോക ഒന്നാം നമ്പറുകാരിക്കുമുമ്പിൽ യോഗ്യത കളിച്ചെത്തിയ ഫെറ്റിന്‌ പിടിച്ചുനിൽക്കാനായില്ല. ഒന്നാംസെറ്റിൽ എതിർപ്പുകളൊന്നുമില്ലാതെ കീഴടങ്ങി. രണ്ടാംസെറ്റിൽ പൊരുതി. പക്ഷേ, ഇഗ വിട്ടുകൊടുത്തില്ല. ഒരു മണിക്കൂറും 15 മിനിറ്റുംകൊണ്ട്‌ കളി തീർന്നു. രണ്ടാംറൗണ്ടിൽ നെതർലൻഡ്‌സിന്റെ ലെസ്‌ലി പറ്റിനാമ കെർകൊവേയാണ്‌ ഇഗയുടെ എതിരാളി. മൂന്നാം ഗ്രാൻഡ്‌ സ്ലാമാണ്‌ പോളണ്ടുകാരിയുടെ ലക്ഷ്യം. ആദ്യ വിംബിൾഡണും. ബ്രിട്ടന്റെ എമ്മ റഡുകാനു, ഗ്രീസിന്റെ മരിയ സകാരി, ലാത്വിയയുടെ ഹെലേന ഒസ്‌തെപെങ്കൊ എന്നിവരും രണ്ടാംറൗണ്ടിലേക്ക്‌ മുന്നേറി.

മറെ രണ്ടാം റൗണ്ടിൽ
വിംബിൾഡൺ ടെന്നീസിൽ പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ആൻഡി മറെ രണ്ടാം റൗണ്ടിൽ. ഓസ്‌ട്രേലിയയുടെ ജയിംസ്‌ ഡക്‌വർത്തിനെ 4–-6, 6–-3, 6–-2, 6–-4 എന്ന സ്‌കോറിന്‌ മറികടന്നു. ആദ്യ സെറ്റ്‌ നഷ്ടമായശേഷമായിരുന്നു മുൻ ലോക ഒന്നാം നമ്പറുകാരന്റെ തിരിച്ചുവരവ്‌. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ ജോൺ ഇസ്‌നെറാണ്‌ എതിരാളി.


ബെരെറ്റിനി പിൻമാറി

നിലവിലെ റണ്ണറപ്പും എട്ടാം സീഡുമായ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനി വിംബിൾഡൺ ടെന്നീസിൽനിന്ന്‌ പിൻമാറി. കോവിഡ്‌ ബാധിച്ചതോടെയാണ്‌ ഇരുപത്താറുകാരൻ കോർട്ടിലിറങ്ങുംമുമ്പേ പുറത്തായത്‌. ബെരെറ്റിനിക്ക്‌ പകരം സ്വീഡന്റെ ഏലിയാസ്‌ മെറിനെ പുരുഷ സിംഗിൾസിലെ ഒന്നാംറൗണ്ടിൽ ഉൾപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top