26 April Friday

ഒപ്പമുണ്ട്‌ 
വിനീഷ്യസ്‌ ; ചേർത്തുപിടിച്ച്‌ ലോകം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

image credit Vinicius Junior twitter

മാഡ്രിഡ്‌
വംശീയാധിക്ഷേപത്തിന്‌ ഇരയായ റയൽ മാഡ്രിഡ്‌ ഫുട്‌ബോൾ താരം വിനീഷ്യസ്‌ ജൂനിയറിനെ ചേർത്തുപിടിച്ച്‌ ലോകം. വംശീയത വച്ചുപൊറുപ്പിക്കില്ലെന്ന്‌ രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ. ‘വിനീഷ്യസിന്‌ എല്ലാവിധ പിന്തുണയും നൽകും. ക്രൂരമായ കാര്യങ്ങളാണ്‌ നടന്നത്‌. ഫിഫയുടെ ചട്ടപ്രകാരം കളി നിർത്തിവയ്‌ക്കേണ്ടതായിരുന്നു’–-ഇൻഫാന്റിനോ പറഞ്ഞു. സ്‌പെയ്‌ൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും സംഭവത്തെ അപലപിച്ചു.

വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും സ്‌പാനിഷ്‌ സർക്കാരിനോട്‌ ബ്രസീൽ ആവശ്യപ്പെട്ടു. നേരത്തേ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ വിനീഷ്യസിന്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജപ്പാനിലെ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി വേദിയിൽ കടുത്ത ഭാഷയിലാണ്‌ ലുല പ്രതികരിച്ചത്‌. ‘ദാരിദ്ര്യത്തോട്‌ പൊരുതി ലോകഫുട്‌ബോളിലെ മികച്ച താരമായി മാറിയവനാണ്‌ വിനീഷ്യസ്‌. ഫാസിസ്റ്റുകളെയും വംശവെറിയൻമാരെയും മൈതാനങ്ങളിൽ വാഴാൻ അനുവദിക്കില്ല’–-ലുല പ്രഖ്യാപിച്ചു. ലോകാത്ഭുതങ്ങളിലൊന്നായ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിലെ വെളിച്ചം അണച്ച്‌ വിനീഷ്യസിന്‌ ഐക്യദാർഢ്യം അറിയിച്ചു.

ഫുട്‌ബോൾ കളിക്കാർ ഒന്നടങ്കം ഇരുപത്തിരണ്ടുകാരനൊപ്പമാണ്‌. നെയ്‌മർ, കിലിയൻ എംബാപ്പെ, റിച്ചാർലിസൺ, മുൻതാരങ്ങളായ റൊണാൾഡോ, റൊണാൾഡീന്യോ തുടങ്ങിയ ഒട്ടേറേപ്പേർ പിന്തുണയുമായി രംഗത്തെത്തി. ഈ പോരാട്ടത്തിൽ ‘കൂട്ടുകാരാ നീ തനിച്ചല്ലെ’ന്നാണ്‌ എംബാപ്പെ അറിയിച്ചത്‌. റയൽ താരമായ വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തിൽ എന്താണ്‌ പറയാനുള്ളതെന്ന ചോദ്യത്തിന്‌ ‘റയൽ കുപ്പായമണിഞ്ഞ മനുഷ്യനാണ്‌ വിനീഷ്യസെന്നാണ്‌’ ബാഴ്‌സലോണ പരിശീലകൻ സാവി നൽകിയ മറുപടി. വർഗീയതയോട്‌ സന്ധിയില്ലെന്നും സാവി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top