19 April Friday

വിജയ് ഹസാരെ ട്രോഫി: അവസാന ഓവറിൽ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ബാംഗ്ലൂർ
റണ്ണൊഴുകിയ കളിയിൽ പേസർ എം ഡി നിധീഷ്‌ കേരളത്തിന്റെ രക്ഷകനായി. അവസാന ഓവറിൽ തുടർച്ചയായ രണ്ട്‌ പന്തുകളിൽ വിക്കറ്റ്‌ കൊയ്‌ത്‌ ഈ വലംകൈയൻ വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ട്രോഫിയിൽ കേരളത്തിന്‌ മൂന്നാംജയം സമ്മാനിച്ചു. അവസാന ഓവർവരെ നീണ്ട ആവേശപ്പോരിൽ ഏഴ്‌ റണ്ണിന്‌ കേരളം റെയിൽവേയെ തോൽപ്പിച്ചു.

ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ റോബിൻ ഉത്തപ്പയുടെയും (104 പന്തിൽ 100), വിഷ്‌ണു വിനോദിന്റെയും (107 പന്തിൽ 107) മികവിലാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം മികച്ച സ്‌കോർ പടത്തുയർത്തിയത്‌. സഞ്ജു സാംസണും (29 പന്തിൽ 61) മിന്നി. ലിസ്റ്റ്‌ എ ക്രിക്കറ്റിലെ കേരളത്തിന്റെ എക്കാലത്തെയും വലിയ സ്‌കോറാണിത്‌.

സ്‌കോർ: കേരളം 6–-351, റെയിൽവേ 344 (49.4).

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ കേരളം തിരിഞ്ഞുനോക്കിയില്ല. ഉത്തപ്പയും വിഷ്ണുവും തകർത്തുകളിച്ചു. 193 റണ്ണാണ്‌ ഇരുവരും ഓപ്പണിങ്‌ കൂട്ടുകെട്ടിൽ ചേർത്തത്‌. ഉത്തപ്പയുടെ വിജയ്‌ ഹസാരെയിലെ 11–-ാം ശതകമാണിത്‌. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമായി. അഞ്ച്‌ സിക്‌സറും എട്ട്‌ ബൗണ്ടറിയും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. വിഷ്ണു നാല്‌ സിക്‌സും അഞ്ച്‌ ഫോറും പായിച്ചു. 34 പന്തിൽ 46 റണ്ണെടുത്ത വത്സൽ ഗോവിന്ദും കേരളത്തിന്‌ ഊർജമായി.

മറുപടിയിൽ മൃണാൽ ദേവ്‌ധർ (79), അരിന്ദം ഘോഷ്‌ (64), സൗരഭ്‌ സിങ്‌ (50), ഹർഷ്‌ ത്യാഗി (58) എന്നിവരാണ്‌ റെയിൽവേയെ അടുപ്പിച്ചത്‌. നിധീഷ്‌ മൂന്ന്‌ വിക്കറ്റ്‌ നേടി. നാളെ കർണാടകയുമായാണ്‌ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top