20 April Saturday

ആ നിമിഷം അമൂല്യം

ജിജോ ജോർജ്Updated: Tuesday Jul 20, 2021

വലിയവീട്ടിൽ ദിജു
ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ ജ്വാല ഗുട്ടയ്‌ക്കൊപ്പം ലോകറാങ്കിൽ ആറാംസ്ഥാനത്തുവരെ എത്തി. മലേഷ്യൻ സൂപ്പർ സീരിയസിന്റെ ഫൈനൽ കളിച്ചു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും സാഫ് ഗെയിംസിൽ സ്വർണവും നേടി. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ്.

റാക്കറ്റ് കൈയിലെടുത്ത കാലംമുതലുള്ള ആഗ്രഹമായിരുന്നു വി ദിജുവിന്‌ ഒളിമ്പിക്‌സ്‌. 2012 ലണ്ടൻ ഒളിമ്പിക്സിൽ ആ മോഹം പൂവണിഞ്ഞു. ജ്വാല ഗുട്ടയ്ക്കൊപ്പം ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ ഇറങ്ങി. ആ ഓർമകളിലാണ്‌ ദിജു ഇപ്പോഴും. ‘ഒളിമ്പിക്സ് ജേതാക്കളും ലോക ജേതാക്കളുമെല്ലാം അണിനിരന്ന ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. മികച്ച മത്സരങ്ങൾ നടന്നു. മൂന്നാംറൗണ്ടുവരെ എത്താനായി. മിക്സഡ് ഡബിൾസിൽ ആദ്യമായി യോഗ്യത നേടുന്നത് ഞങ്ങളായിരുന്നു.

ജ്വാലയുടെ കളിമിടുക്കും അനുഭവസമ്പത്തും കളിക്കളത്തിൽ എനിക്ക് ഏറെ സഹായമായിരുന്നു. ലോക റാങ്കിങ്ങിൽ ആറാംസ്ഥാനത്തുവരെ എത്താൻ ഞങ്ങൾക്കായി.ബാഡ്മിന്റൺ ടീമിൽ ഞങ്ങൾ അഞ്ചുപേരാണ് ഉണ്ടായിരുന്നത് ജ്വാല ഗുട്ട, അശ്വനി, കശ്യപ് , സൈന നെഹ് വാൾ, ഞാൻ എന്നിവരായിരുന്നു ടീമിൽ. സിംഗിൾസിൽ സൈന വെങ്കലമെഡൽ നേടുന്നത് കാണാൻ സാധിച്ചു. ആദ്യസെറ്റിൽ സൈന പിന്നിലായിരുന്നു. എങ്കിലും സൈന അർഹിച്ച മെഡൽതന്നെയായിരുന്നു അത്. ഒളിമ്പിക്സ് ഗ്രാമത്തിൽവച്ച്  ആൻഡി മറെ, സെറീന വില്യംസ്, വീനസ് വില്യംസ് പോലുള്ള ലോകോത്തര കായികതാരങ്ങളെ കാണാനും പരിചയപ്പെടാനും പറ്റി. ഒരുപാട് രാജ്യങ്ങളിലെ താരങ്ങളെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും കിട്ടിയ അവസരമായിരുന്നു അത്.

ഒളിമ്പിക്സിൽ പങ്കെടുത്തശേഷമാണ് അർജുന അവാർഡ് ലഭിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നിയിട്ടുള്ളത് നമ്മുടെ പേരിനുമുന്നിൽ ഒളിമ്പ്യൻ എന്നൊരു വാക്കുകൂടി വരികയാണ്. ശരിക്കും അഭിമാനം തോന്നുന്ന കാര്യം. ഒളിമ്പ്യൻ എന്ന വിളിതന്നെ വലിയ അംഗീകാരമായാണ് കരുതുന്നത്‌. ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയുകയെന്നത് അമൂല്യവും അപൂർവവുമായ നിമിഷമാണ്’.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top